ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി...അറസ്റ്റ്, ജാമ്യം, കുറ്റവിമുക്തൻ; ഒടുവിൽ രാജി...ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും....
സമീപ കാല കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസ്. പല നാടകീയ മുഹൂർത്തങ്ങൾക്കും പൊതു സമൂഹം സാക്ഷിയായി. ഒടുവിൽ ഇന്ന് സ്ഥാനം രാജി വച്ചിരിക്കുകയാണ് ഫ്രാങ്കോ മുളയ്ക്കൽ, ഇനി ബിഷപ്പ് സ്ഥാനം ഇല്ല...ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും.വളരെ നല്ല കാര്യം.ഇത്രയും വര്ഷം കഴിഞ്ഞിട്ടും ഇപ്പോഴാണോ സഭക്കും പോപ്പിനും നേരം വെളുത്തത് എന്നാണ് ജനം ചോദിക്കുന്നത്...കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി രാജിക്ക് പിന്നാലെ അറിയിച്ചത്..ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി എന്നതും ശ്രദ്ധിക്കണം... ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്.
ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ്, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ മഠത്തിന്‍റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയർന്നു. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് പേർ സമരത്തിനിറങ്ങി. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്‍റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം. ഒടുവിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 ഏപ്രിൽ 9-ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാൻ നിരവധി ശ്രമങ്ങളുണ്ടായി. ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകർപ്പുകൾ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്‍റെ അപക്ഷകൾ കോടതിയിലെത്തി. ഒന്നിനുപുറകേ ഒന്നായി പുതിയ പുതിയ ഹർജികൾ. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹർജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി.
കേസിന്റെ നാൾവഴി:
∙ 2018 ജൂൺ 29: മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. പീഡനം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. 2014 മുതൽ 2016 വരെ പലതവണ പീഡിപ്പിച്ചതായാണു പരാതി.
ഒതുക്കാനുള്ള ആദ്യ ശ്രമം നടക്കുന്നത് ജൂണ്‍ 2നും. കോടനാട് വികാരിയുടെതായിരുന്നു അനുരഞ്ജന ശ്രമം. ജൂണ്‍ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. 21 ദിവസങ്ങൾക്ക് ശേഷം ജൂൺ 28നാണ് പൊലീസ് കേസിൽ എഫ്ഐആർ ഇടുന്നത്. കേസന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്. ജൂലൈ ഒന്നിന് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനു മുന്നിൽ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നൽകി.
∙ ഓഗസ്റ്റ് 13: കേരള പൊലീസ് ജലന്തറിൽ എത്തി ബിഷപ്പിനെ ചോദ്യം ചെയ്തു.
∙ സെപ്റ്റംബർ 8: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു.
∙ സെപ്റ്റംബർ 16: ചോദ്യംചെയ്യലിനു ഹാജരാകാനുള്ള പൊലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഭരണച്ചുമതല ഒഴിഞ്ഞു.
∙ സെപ്റ്റംബർ 20: ബിഷപ്പിനെ പൊലീസ് 7 മണിക്കൂർ ചോദ്യം ചെയ്തു. ബിഷപ്പിനെ സഭ ചുമതലകളിൽനിന്ന് നീക്കി.
∙ സെപ്റ്റംബർ 21: 3 ദിവസത്തെ ചോദ്യംചെയ്യലിനുശേഷം ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം കോട്ടയത്തേക്കു കൊണ്ടുപോകുംവഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
∙ സെപ്റ്റംബർ 22: ബിഷപ്പിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
∙ ഒക്ടോബർ 4: ബിഷപ്പിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി.
∙ ഒക്ടോബർ 17: ബിഷപ്പിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു.
∙ 2019 മാർച്ച് 26: ബിഷപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുര്യനാട് സെന്റ് ആൻസ് ആശ്രമം മുൻ പ്രിയോർ ഫാ. ജയിംസ് ഏർത്തയിലിന് എതിരെ ക്രൈംബ്രാഞ്ച് പാലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
∙ ഏപ്രിൽ 9: പൊലീസ് പാലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പീഡനം, തടഞ്ഞു വയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 7 വകുപ്പുകൾ ചേർന്ന കുറ്റപത്രം 2000 പേജ്. 5 ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, 7 മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 86 സാക്ഷികൾ. 10 പേരുടെ രഹസ്യമൊഴിയും.
∙ ഓഗസ്റ്റ് 26: ബിഷപ് കേസ് വിചാരണയ്ക്കായി പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽനിന്ന് കോട്ടയം സെഷൻസ് കോടതിയിലേക്ക് മാറ്റി.
∙ ഓഗസ്റ്റ് 30: കോട്ടയം അഡീഷനൽ ജില്ലാ ജഡ്ജി ജി. ഗോപകുമാർ കുറ്റപത്രം സ്വീകരിച്ചു.
∙ 2020 മാർച്ച് 16: കുറ്റപത്രം നിലനിൽക്കന്നതല്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി.
∙ ജൂലൈ 7: കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
∙ ജൂലൈ 13: വിചാരണ തീയതികളിൽ ഹാജരാകാതിരുന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജില്ലാ സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
∙ ജൂലൈ 28: കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ പ്രതിഭാഗം ഹർജി ഫയൽ ചെയ്തു.
∙ ഓഗസ്റ്റ് 5: സുപ്രീം കോടതി ഹർജി തള്ളി.
∙ ഓഗസ്റ്റ് 7: ബിഷപ് കോടതിയിൽ ഹാജരായി ജാമ്യാപേക്ഷ സമർപ്പിച്ചു. കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.
∙ സെപ്റ്റംബർ 30: പ്രതിഭാഗം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
∙ ഒക്ടോബർ 1: ക്രോസ് വിസ്താരം 2 മാസം നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
∙ 2021 നവംബർ 12: ജഡ്ജി ജി. ഗോപകുമാറിനെ തിരുവനന്തപുരം വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജി ആക്കി സ്ഥലം മാറ്റി ഹൈക്കോടതി ഉത്തരവ്.
∙ ഡിസംബർ 29: വിചാരണ പൂർത്തിയായി.
∙ 2022 ജനുവരി 14: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി.
ഇപ്പോഴിതാ രാജിയും..ഇപ്പോഴത്തെ ഈ തീരുമാനം രൂപതയുടെ നല്ലതിനും പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കാനും ആണെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞത്.പക്ഷെ അദ്ദേഹത്തിന്റെ രാജിയിൽ സന്തോഷിക്കുകയാണ് കന്യാസ്ത്രീ സമൂഹം.കള്ളം എത്രകാലം മൂടി വച്ചാലും അതിനുള്ള ശിക്ഷ ഒരു കാലത്ത് കിട്ടുക തന്നെ ചെയ്യും...കാലം കത്ത് വച്ച നീതി...ഇത് ഇരയുടെ വിജയം.
https://www.facebook.com/Malayalivartha