കൊല്ലങ്ങളായി പൊതുജനത്തെ കഴുതകളാക്കി എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന പൊറാട്ട് നാടകങ്ങള്‍; പരസ്യമായ രഹസ്യമാണെങ്കിലും ആരും തുറന്നടിക്കാറില്ലായിരുന്നു....എന്നാല്‍ സി.പി.ഐ നേതാവ് സഖാവ് സി.ദിവാകരന്‍ സോളാര്‍ സമരകാലത്തെ ഇരുമുന്നണികളുടെയും ചതിയെ കുറിച്ച് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തി.... ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇവരിനിയും ഇതിലെ വരും....

കൊല്ലങ്ങളായി പൊതുജനത്തെ കഴുതകളാക്കി എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ പരസ്യമായ രഹസ്യമാണെങ്കിലും ഇതേക്കുറിച്ച് ആരും തുറന്നടിക്കാറില്ലായിരുന്നു. എന്നാല്‍ സി.പി.ഐ നേതാവ് സഖാവ് സി.ദിവാകരന്‍ സോളാര്‍ സമരകാലത്തെ ഇരുമുന്നണികളുടെയും ചതിയെ കുറിച്ച് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തി. ഇതോടെ ഇരുമുന്നണികളുടെയും പരസ്പ്പര സഹായസഹകരണ സംഘത്തിന് ആധികാരികത വന്നു. ഏറെ വിവാദമായ സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജിവയ്ക്കുക, ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എല്‍.ഡി.എഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. 2013 ജൂലായിലായിരുന്നു സംഭവം. സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിമാരാണ് സമരം ഉദ്ഘാടനം ചെയ്തത്. എന്നാലിവര്‍ ഇവിടെ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങും മുമ്പ് സമരം പിന്‍വലിച്ചു. അതിന്റെ രഹസ്യം എന്താണെന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനും മാത്രമേ അറിയാവൂ എന്നാണ് എല്‍.ഡി.എഫിലെ അടുക്കളരഹസ്യം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക്ക് പോലും സമരം പിന്‍വലിക്കുന്ന വിവരം അറിഞ്ഞില്ല. അഴിമതി ഉള്‍പ്പെടെയുള്ള പല കേസുകളും ഒത്തുതീര്‍പ്പാക്കാനായി ഇടതും വലതും കാലങ്ങളായി നടത്തിവരുന്ന അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സോളാര്‍ സമരം. അതിന്റെ നേട്ടം ഇരുകൂട്ടര്‍ക്കും ലഭിച്ചു.
യു.ഡി.എഫിന് ഉമ്മന്‍ചാണ്ടിയുടെ കസേര നിലനിര്‍ത്താനായി. എല്‍.ഡി.എഫിന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്ന് പലരെയും ഊരിയെടുക്കാനായി എന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ആരോപിക്കുന്നത്.1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതലിങ്ങോട്ട് നിരവധി അഴിമതിക്കേസുകളും രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. അഴിമതിക്കേസില്‍ ആകെ ശിക്ഷിക്കപ്പെട്ടത് ആര്‍. ബാലകൃഷ്ണപിള്ള മാത്രമാണ്. ഇടമലയാര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്‍ ഒറ്റയ്ക്ക് കേസ് നടത്തിയാണ് ബാലകൃഷ്ണ പിള്ളയെ ജയിലിലടച്ചത്. എല്‍.ഡി.എഫിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതിനോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ടാണ് പിന്നീട് കേരളാ കോണ്‍ഗ്രസ് ബിയെ ഇടത് മുന്നണിയുടെ ഭാഗമാക്കിയത്. സോളാര്‍ സമരം പോലെ വളരെ പ്രധാനപ്പെട്ട മറ്റൊരു സമരമായിരുന്നു ബാര്‍ക്കോഴ കേസ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ രാജിയിലാണ് സമരം അവസാനിച്ചത്. എന്നാല്‍ രാജിക്ക് കാരണമായത് കോടതി പരാമര്‍ശമായിരുന്നു എന്നതും ശ്രദ്ധേയം. കെ.എം മാണിയെ കോഴ മാണി, കോഴ മാണി എന്ന് പരിഹസിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് അഞ്ച് രൂപാ വീതം മണിഓര്‍ഡര്‍ അയയ്ക്കുകയും ചെയ്ത് കുട്ടിസഖാക്കള്‍ അപമാനിച്ചു.
അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ജോസ് കെ.മാണിയേയും സംഘത്തെയും സി.പി.എം കൈയ്ക്ക് പിടിച്ച് എ.കെ.ജി സെന്ററിലേക്ക് കൂട്ടിക്കൊണ്ട് പോന്നു. ഇടത് പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കാന്‍ സി.പി.എം തയ്യാറായത് എങ്ങനെയും അധികാരത്തിലേറാനാണ്. അതിന് കഴിയുകയും ചെയ്തു. സമരവും പ്രതിഷേധവും നിയമസഭയില്‍ മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും നശിപ്പിച്ചതും എന്തിനായിരുന്നു എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ലെന്നത് പോലെ സമരത്തിലും ചോദ്യമില്ലെന്നതാണ് ഇടതിന്റെ തത്വാതിഷ്ഠിത നിലപാട്.മലപ്പുറം എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ലീഗ് നേതാക്കള്‍ വ്യാജപ്പേരുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുന്‍ മന്ത്രി കെ.ടി ജലീലാണ് ആദ്യം വെളിപ്പെടുത്തിയത്. സഹകരണവകുപ്പ് ഇന്‍സ്‌പെഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമിടപാട് കണ്ടെത്തി. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുത്തിട്ട് രണ്ട് കൊല്ലത്തോളമാകുന്നു. ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ലീഗിന്റെ പുന്നാപുരംകോട്ടയായ മലപ്പുറത്തെ താനൂര്‍ ബോട്ടപകടത്തില്‍ 22 വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞിട്ടും കുഞ്ഞാലിക്കുട്ടിയും സംഘവും ക മാന്നൊരക്ഷരം മിണ്ടാതിരുന്നതിന്റെ ഗുട്ടന്‍സ് ഇതാണെന്ന് പരസ്യമായ രഹസ്യമാണ്.
ബി.ജെ.പി സംസ്ഥാന നേതാക്കളെ വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമായിരുന്നു കൊടകര കള്ളപ്പണക്കേസ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ 2021ല്‍ കൊടകര ദേശീയപാതയില്‍ വെച്ച് ക്രിമിനല്‍ സംഘം കവരുകയായിരുന്നു. ഈ സംഘത്തില്‍ നിന്ന് പിന്നീട് പോലീസ് പണം കണ്ടെടുത്തിരുന്നു. കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യപ്രതി ധര്‍മരാജനും ഹരികൃഷ്ണനും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് ശേഷം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം സര്‍ക്കാരും ബി.ജെ.പി നേതൃത്വവും നട്തതുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന അന്വേഷണങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കുന്നതെന്നും സതീശന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ആ കേസിന്റെ അവസ്ഥ എന്താണെന്ന് പകല്‍പോലെ വ്യക്തമാണ്. യു.ഡി.എഫിനോട് മാത്രമല്ല ബി.ജെ.പിയോടും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെന്നാണ് ഈ കേസ് വ്യക്തമാക്കുന്നത്. ബി.ജെ.പിയുമായുള്ള രഹസ്യ ബാന്ധവത്തില്‍ കോണ്‍ഗ്രസും ഒട്ടും മോശമല്ല. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിരുന്നെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാലാണ് വെളിപ്പെടുത്തിയത്.പിണറായി വിജയന്‍ 2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തൊട്ട് മുമ്പുള്ള യു.ഡി.എഫ് സര്‍ക്കാരിലെ വന്‍കിട പദ്ധതികളിലെ അഴിമതി അന്വേഷിക്കാന്‍ മന്ത്രിയായിരുന്ന എ.കെ ബാലനെ ചുമതലപ്പെടുത്തിയിരുന്നു. അഴിമതിക്കാരെയെല്ലാം അഴിക്കുള്ളിലാക്കും എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നിട്ടൊരു ചുക്കും നടന്നില്ല. ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇവരിനിയും ഇതിലെ വരും.... ആനകളെയും മേയ്‌ച്ചോണ്ട്.
https://www.facebook.com/Malayalivartha