‘ബിപോർജോയ്’ ചുഴലിക്കാറ്റ് വൈകാതെ കച്ച് തീരത്ത് എത്തും...തീരത്തു നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള 21,000 പേരെ മാറ്റിപ്പാർപ്പിച്ചു...പലയിടത്തും ശക്തമായ കാറ്റും മഴയും തുടങ്ങി....മരം ഒടിഞ്ഞു വീണും വീട് തകർന്നും രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചു....

അറബിക്കടലിനു മുകളിൽ നിലകൊള്ളുന്ന ‘ബിപോർജോയ്’ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ഗുജറാത്തിലെ കച്ച് തീരത്ത് എത്തും. കാറ്റ് വൻനാശമുണ്ടാക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ തീരത്തു നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള 21,000 പേരെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ പേരെ ഒഴിപ്പിക്കാനുള്ള നടപടി ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാകും. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകൾ ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് മണിക്കൂറിൽ 150 കി.മീ വരെ വേഗത്തിൽ കച്ചിലെ ജഖാവു തുറമുഖത്തിനു സമീപം കര തൊടുമെന്ന് അഹമ്മദാബാദ് ഐഎംഡി ഡയറക്ടർ മനോരമ മൊഹന്തി പറഞ്ഞു. ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്പോൾ കനത്ത ജാഗ്രതയിൽ ഗുജറാത്ത് തീരം. ഓറഞ്ച് അലർട്ട് തുടരുന്ന സൗരാഷ്ട്ര-കച്ച് മേഖലയിൽ പലയിടത്തും ശക്തമായ കാറ്റും മഴയും തുടങ്ങി. മരം ഒടിഞ്ഞു വീണും വീട് തകർന്നും രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.തീരദേശത്തെ എട്ട് ജില്ലകളിൽ നിന്നായി 30,000ൽ ഏറെ പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.
നാളെ വൈകിട്ടോടെ കച്ച്–കറാച്ചി തീരത്തിനു മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. 69 ട്രെയിനുകള്‍ റദ്ദാക്കി. മറ്റന്നാൾ ചുഴലിക്കാറ്റിന്റെ പ്രഭാവം തെക്ക് - പടിഞ്ഞാറൻ രാജസ്ഥാനിലും അനുഭവപ്പെട്ടേക്കും. കാറ്റ് പിന്നീട് ദുർബലമായി ദക്ഷിണ രാജസ്ഥാനിലേക്കു കടക്കുമെന്നാണു കരുതുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബിപോർ ജോയ് ചുഴലിക്കാറ്റിന് നിലവിൽ ശക്തി കുറഞ്ഞ് തുടങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ എം മഹോപാത്ര. ദ്വാരകയിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. ഈ മാസം 15 ന് സൗരാഷ്ട്ര തീരത്തേക്ക് ചുഴലിക്കാറ്റ് എത്തും. പിന്നാലെ വളരെ തീവ്ര ചുഴലിക്കാറ്റായി കര തൊടും. 15 വരെ കടലിൽ മത്സ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശ ഗുജറാത്തിൽ കനത്ത മഴയും കാറ്റും തുടരും. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സജ്‌ജീകരണങ്ങളും തയ്യാറാണ്. മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ എല്ലാം ഇപ്പോൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദുരന്തനിവാരണത്തിനാണ് പ്രാഥമിക പരിഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ദുരന്തനിവാരണ മേഖലയിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ദുരന്തങ്ങളുടെ തീവ്രതയിലും രീതിയിലും മാറ്റം വന്നിട്ടുണ്ട്. അതിനാൽ വിപുലമായ ആസൂത്രണം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.ചുഴലിക്കാറ്റ് മുൻ നിർത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആണവോർജ്ജ സ്റ്റേഷനുകളുള്ള സംസ്ഥാനങ്ങൾക്ക് അടിയന്തര സാഹചര്യം ഉണ്ടായാൽ സ്വീകരിക്കാനുള്ള നടപടികളെക്കുറിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ ഭൂചലനം നേരിട്ടു. ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായാണ് വിവരം. അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















