നിങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചിരുന്നോ..? ഞങ്ങൾ പെൺകുട്ടിയുടെ ആങ്ങളമാർ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ട് പോയി, പണം തട്ടൽ: സംഘം അറസ്റ്റിൽ

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), കൂട്ടാളിയായ അശ്വതി (25), ഇതേയിടത്ത് താമസിക്കുന്ന അനൂപ് (23) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നുപേരും വര്‍ഷങ്ങളായി ബെംഗളൂരുവിലും ഗോവയിലും താമസിച്ചു വരികയായിരുന്നു. പിന്നീട് രാമമംഗലത്ത് താമസമാക്കി. സോഷ്യല്‍ മീഡിയയിലും ഡേറ്റിങ് ആപ്പുകളിലും സ്ത്രീപേരുകളില്‍ പ്രൊഫൈല്‍ തുടങ്ങി പുരുഷന്മാരുമായി ചാറ്റ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം നേരില്‍ കാണണമെന്നു പറഞ്ഞ് വിളിച്ചുവരുത്തി സാഹചര്യമനുസരിച്ച് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയാണ് ഇവരുടെ രീതി.
കഴിഞ്ഞ ദിവസം എറണാകുളത്തുള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്നതോടെയാണ് പോലീസിന് പരാതി കിട്ടിയത്. ഒരാഴ്ച മുന്‍പാണ് ഡേറ്റിങ് ആപ്പിലൂടെ യുവാവ് അനു എന്ന് പേരു പറഞ്ഞ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ചത്. കോലഞ്ചേരി സ്വദേശിയാണെന്നാണ് അനു പരിചയപ്പെടുത്തിയത്.
ബെംഗളൂരുവില്‍ പഠിക്കുകയാണെന്നും ഇപ്പോള്‍ നാട്ടിലുണ്ട് വന്നാല്‍ കാണാമെന്നും പറഞ്ഞ് അനു മെസ്സേജ് അയച്ചു. അത് വിശ്വസിച്ച് ചെറുപ്പക്കാരന്‍ കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തി. ഈ സമയം കാറിലെത്തിയ പ്രിന്‍സും അനൂപും ചെറുപ്പക്കാരനോട് നിങ്ങള്‍ ഒരു പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചിരുന്നോ എന്ന് ചോദിച്ചു.
ഞങ്ങള്‍ ആ പെണ്‍കുട്ടിയുടെ സഹോദരന്മാരാണെന്നും പരാതിയുണ്ടെന്നും പറഞ്ഞ് യുവാവിനെ വണ്ടിയില്‍ ബലമായി പിടിച്ചു കയറ്റി. സഹോദരിക്ക് മെസ്സേജ് അയച്ചതിന് പോലീസില്‍ പരാതി കൊടുക്കുമെന്നു പറഞ്ഞ് അടിച്ചും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും യുവാവിന്റെ പക്കല്‍നിന്ന് പേഴ്‌സിലെ പണവും അക്കൗണ്ട് വഴി 23,000 രൂപയും കവര്‍ന്നെടുത്തിട്ട് റോഡില്‍ ഉപേക്ഷിച്ചു.
പേടിച്ച് പോയ യുവാവ് സുഹൃത്തുക്കളോട് വിവരങ്ങള്‍ പറഞ്ഞു. ഇതോടെയാണ് പുത്തന്‍കുരിശ് പോലീസിന് പരാതി നല്‍കിയത്. പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
https://www.facebook.com/Malayalivartha





















