കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... പേവിഷ ബാധയേറ്റ ശേഷം റാബീസ് വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് അത്യപൂര്‍വമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍; മരണത്തിനിടയാക്കിയത് ആഴത്തില്‍ കടിയേറ്റതും തലച്ചോറിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഗുരുതര കടിയേറ്റതുമെന്നാണ് റിപ്പോര്‍ട്ട്

കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്ത് കഴിഞ്ഞ മാസം 22നാണ് കാട്ടുപൂച്ചയുടെ കടിയേറ്റത്.പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഈ മാസം 12ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി.
എന്നാല്‍ 14ന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പാലോട് എസ്‌ഐഎഡിയിലേയ്ക്ക് അയച്ച സാമ്പിളില്‍ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. മരണത്തിനിടയാക്കിയത് ആഴത്തില്‍ കടിയേറ്റതും തലച്ചോറിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഗുരുതര കടിയേറ്റതുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രതിരോധ വാക്‌സില്‍ സ്വീകരിച്ചിട്ടും മരണം ആവര്‍ത്തിക്കുന്നത്. പേവിഷ ബാധയേറ്റ ശേഷം റാബീസ് വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് അത്യപൂര്‍വമാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ജനുവരിയ്ക്കും സെപ്തംബറിനും ഇടയില്‍ ആറ് പേര്‍ ഇതേ സാഹചര്യത്തില്‍ മരിച്ചിരുന്നു.
മങ്കര സ്വദേശി ശ്രീലക്ഷ്മിയും,റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയും (12) ഈ കണക്കില്‍പ്പെടുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ വാക്‌സിനുകളുടെ ഗുണനിലവാരത്തക്കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. പേവിഷ വാക്‌സിനുകള്‍ ഗുണനിലവാരമുള്ളതെന്നായിരുന്നു സമിതിയുടെ പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha





















