മലപ്പുറത്ത് മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു... കോഴിക്കോട് വടകരയില്‍ ഇടിമിന്നലില്‍ വീടിന്റെ ഭിത്തി തകര്‍ന്നു

മലപ്പുറം കോട്ടക്കലില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അന്‍സാറിന്റെ മകന്‍ ഹാദി ഹസന്‍ (13) ആണ് മരിച്ചത്. വൈകീട്ട് 6.30 തോടെ ആയിരുന്നു അപകടം. ഇടിമിന്നലില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നാണ് വിവരം. അതേസമയം കോഴിക്കോട് വടകരയില്‍ ഇടിമിന്നലില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് അപകടമുണ്ടായി. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലില്‍ വീടിന്റെ ഭിത്തി ചിതറിത്തെറിച്ചു. വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
കേരളത്തില്‍ കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തമാകുമെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 18 ാം തിയതി മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 ാം തിയതിയാകട്ടെ 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 18 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടെങ്കില്‍ 19 ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം. 20 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.
https://www.facebook.com/Malayalivartha





















