അയ്യപ്പഭക്തര്‍ക്ക് ദര്‍ശന സായൂജ്യമായി ശബരീശ സന്നിധിയില്‍ മിഥുനമാസ പൂജകള്‍ ആരംഭിച്ചു.... 20 വരെ പൂജകള്‍ ഉണ്ടാകും

അയ്യപ്പഭക്തര്‍ക്ക് ദര്‍ശന സായൂജ്യമായി ശബരീശ സന്നിധിയില്‍ മിഥുനമാസ പൂജകള്‍ ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30ന് ദേവനെ പളളിയുണര്‍ത്തി. 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു.
കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം നടത്തി. അയ്യപ്പ വിഗ്രഹത്തില്‍ നെയ്യഭിഷേകവും നിശ്ചിത എണ്ണം അഷ്ടാഭിഷേകവും നടത്തി. ഉഷ:പൂജയ്ക്കുശേഷം രാവിലെ 8 മുതല്‍ കിഴക്കേമണ്ഡപത്തിലെ ബലിക്കല്‍ പുരയിലിരുത്തി കുട്ടികള്‍ക്ക് ചോറൂണ് നല്‍കി.
വൈകിട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന നടത്തി. തുടര്‍ന്ന് പടിപൂജയും പുഷ്പാഭിഷേകവും ആരംഭിച്ചു. അത്താഴപൂജയ്ക്കുശേഷം രാത്രി 10ന് നടയടച്ചു.
അതേസമയം 20 വരെ പൂജകള്‍ ഉണ്ടാകും. ദിവസവും പുലര്‍ച്ചെ 5.30 മുതല്‍ 9.30വരെ തീര്‍ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്. ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ടാകും. കെഎസ്ആര്‍ടിസി തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, എരുമേലി, കുമളി എന്നിവിടങ്ങളില്‍നിന്നു പമ്പയ്ക്ക് പ്രത്യേക സര്‍വീസ് നടത്തും. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസുമുണ്ട്.
"
https://www.facebook.com/Malayalivartha





















