വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്... പരാതി പിന്‍വലിക്കാന്‍ സുധാകരന്റെ ഇടനിലക്കാരന്‍ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം പരാതിക്കാരെ കണ്ടു; പരാതിക്കാരായ അനൂപിനോടും ഷമീറിനോടും എബിന്‍ എബ്രഹാം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം

വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ തെളിവായി ദൃശ്യങ്ങള്‍ പുറത്ത്. 2021 ഒക്ടോബറില്‍ നടന്ന കൂടിക്കാഴ്ചയുടേതാണ് ദൃശ്യങ്ങള്‍. പരാതി പിന്‍വലിക്കാന്‍ സുധാകരന്റെ ഇടനിലക്കാരന്‍ വന്ന് നേരിട്ടു കണ്ടതായി പരാതിക്കാര്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം പരാതിക്കാരെ കാണുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
പരാതിക്കാരായ അനൂപിനോടും ഷമീറിനോടും എബിന്‍ എബ്രഹാം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരാതിക്കാര്‍ ഈ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. ആദ്യ അന്വേഷണ സംഘത്തിനും ദൃശ്യങ്ങള്‍ തെളിവായി നല്‍കിയിരുന്നു.മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
ഇതിനു പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സുധാകരന് നോട്ടിസ് നല്‍കിയിരുന്നു. ഈ മാസം 23ന് ഹാജരാകണമെന്നാണ് നോട്ടിസിലെ നിര്‍ദ്ദേശം.ഇതിനു പിന്നാലെ, സുധാകരന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി 21നു വീണ്ടും പരിഗണിക്കും. അന്നുവരെ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നതായി ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ പറഞ്ഞു. ചോദ്യംചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയെന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നു കാണിച്ചാണു സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.ഗള്‍ഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോന്‍സന്‍ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാര്‍ പറയുന്നു.
ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചു സുധാകരന്‍ ഡല്‍ഹിയിലെ തടസ്സങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കി.ഈ വിശ്വാസത്തില്‍ മോന്‍സന് 25 ലക്ഷം കൂടി നല്‍കി.
ഇതില്‍ 10 ലക്ഷം രൂപ സുധാകരന്‍ വാങ്ങിയെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. അന്നു പാര്‍ലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരന്‍ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നല്‍കിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാര്‍ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.
https://www.facebook.com/Malayalivartha





















