വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു

വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ പശുവിന് പുല്ലുവെട്ടി കുട്ടവഞ്ചിയില്‍ കടക്കവേയാണ് അപകടമുണ്ടായത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപമുണ്ടായ അപകടത്തില്‍ നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷാണ് മുങ്ങിമരിച്ചത്. നാല് പേരാണ് അപകടസമയം തോണിയിലുണ്ടായിരുന്നത്. മറ്റ് മൂന്നുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഗിരീഷിനെ ജീവനോടെ രക്ഷിക്കാനായില്ല.
വഞ്ചി മുങ്ങാനുള്ള കാരണമെന്താണെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. കാരാപ്പുഴ അണക്കെട്ടിന് സമീപമുള്ള കോളനിയിലെ നിവാസികള്‍ ഗതാഗതത്തിനായി കുട്ടവഞ്ചിയെ ആശ്രയിക്കുന്നത് പതിവാണ്. അതേസമയം കഴിഞ്ഞ ആഴ്ച പത്തനംതിട്ട അച്ചന്‍കോവില്‍ ആറില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചിരുന്നു.
വെട്ടൂര്‍ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. ഏഴുകുട്ടികള്‍ അടങ്ങുന്ന സംഘം ഫുട്ബാള്‍ കളിച്ചതിനുശേഷമാണ് ആറ്റില്‍ കുളിക്കാനിറങ്ങിയത്. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ സ്‌കൂബ ടീം അംഗങ്ങളാണ് ഇരുവരെയും മുങ്ങിയെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha






















