സ്വഭാവനടനായും ഹാസ്യനടനായും മലയാള സിനിമയില്‍ തിളങ്ങിയ പൂജപ്പുര രവി ഓര്‍മ്മയായി... സംസ്‌കാരം നാളെ തൈക്കാട് ശാന്തികവാടത്തില്‍

സ്വഭാവനടനായും ഹാസ്യനടനായും മലയാള സിനിമയില്‍ തിളങ്ങിയ പൂജപ്പുര രവി (രവീന്ദ്രന്‍ നായര്‍-84) അന്തരിച്ചു. മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ രാവിലെ പതിനൊന്നോടെയായിരുന്നു അന്ത്യം. മകളുടെ മറയൂരിലെ വീട്ടിലായിരുന്നു താമസം.
രാത്രിയോടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു . പൂജപ്പുരയിലെ വീട്ടിലും ഭാരത്ഭവനിലും പൊതുദര്‍ശനത്തിനു ശേഷം നാളെ ഉച്ചതിരിഞ്ഞ് ശാന്തികവാടത്തില്‍ സംസ്‌കാരം.
ലണ്ടനിലുള്ള മകന്‍ ടി.ആര്‍.ഹരികുമാര്‍ ഇന്നെത്തും. ജോലി ലഭിച്ച് മകനും ഭാര്യ വൃന്ദയും കുടുംബവും ലണ്ടനിലേക്ക് പോയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ മകള്‍ ടി.ആര്‍. ലക്ഷ്മിയും ഭര്‍ത്താവ് ഹരിഹരാത്മജനും രവിയെ പൂജപ്പുര ചെങ്കള്ളൂരിലെ വസതിയായ ലക്ഷ്മിപ്രിയയില്‍ നിന്നും മറയൂരില്‍ കൊണ്ടുവന്നത്.
നാടകത്തിലൂടെയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം. കലാനിലയത്തിന്റെ നാടകങ്ങളില്‍ ഒപ്പം അഭിനയിച്ച തങ്കമ്മയെ ജീവിത സഖിയാക്കി. ഏഴുവര്‍ഷം മുമ്പ് തങ്കമ്മ മരിച്ചു.
നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും പൂജപ്പുര രവി അഭിനയിച്ചു. 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാന ചിത്രം. നായാട്ട്, കള്ളന്‍ കപ്പലില്‍തന്നെ, വേനലില്‍ ഒരുമഴ, റൗഡി രാമു, ഓര്‍മകള്‍ മരിക്കുമോ?, മുത്താരംകുന്ന് പിഒ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ലൗ ഇന്‍ സിംഗപ്പൂര്‍, ആനയ്‌ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടന്‍ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 'വേലുത്തമ്പി ദളവ'യാണ് ആദ്യ സിനിമ.
1976ല്‍ പുറത്തിറങ്ങിയ 'അമ്മിണി അമ്മാവന്‍' പ്രശസ്തിയിലേക്കെത്തിച്ചു. വ്യത്യസ്തമായ അഭിനയശൈലിയും മുഴക്കമുള്ള ശബ്ദവും രവിയെ എഴുപതുകളിലെയും എണ്‍പതുകളിലെയും മലയാള സിനിമയുടെ അവിഭാജ്യ ഘടകമാക്കി മാറ്റി. പൂജപ്പുര മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും നാല് മക്കളില്‍ മൂത്തയാളായി ജനനം. ചിന്നമ്മ മെമ്മോറിയല്‍ സ്‌കൂള്‍, തിരുമല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാടകങ്ങളിലെ ഹാസ്യകഥാപാത്രമായ 'സ്വാമി'വേഷങ്ങള്‍ തന്നെയായിരുന്നു ആദ്യകാലത്ത് സിനിമകളിലും. കൂറ്റന്‍ സെറ്റുകളുമായി സിനിമയെ വെല്ലുന്ന കലാനിലയത്തിന്റെ നാടകങ്ങളില്‍ ഹാസ്യ കഥാപാത്രമായി ദീര്‍ഘകാലം തിളങ്ങി.
"
https://www.facebook.com/Malayalivartha






















