ഗോവിന്ദാ...നനഞ്ഞ പടക്കമെറിഞ്ഞ് പിണറായിക്ക് പഠിക്കാതെ...എല്ലാം ചീറ്റി നാറുന്നു, എ.ഐ ക്യാമറാ വിവാദം സര്‍ക്കാര്‍ പരിശോധിക്കുമെന്ന പറഞ്ഞിട്ട് രണ്ടാഴ്ച മുമ്പ് മാഷ് മലക്കംമറിഞ്ഞു, അതിന്റെ രഹസ്യമെന്തെന്ന് മാധ്യമങ്ങള്‍ക്ക് പോലും പിടികിട്ടിയിട്ടില്ല...

മസിലുപിടുത്തമില്ലാത്ത, ചിരിക്കാൻ മടിയില്ലാത്ത സി.പി.എം നേതാവാണ് എം.ഗോവിന്ദൻ മാഷ്. അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ, മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ ഇവരെ പോലെ വളരെ സൗമ്യത മാഷും കാത്തുസൂക്ഷിക്കുന്നു. സംസ്ഥാന സെക്രട്ടറിയായപ്പോഴും അദ്ദേഹം തന്റെ ശൈലി മാറ്റിയില്ല. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം വളരെ അസഹിഷ്ണുത കാണിക്കുന്നു. അതിലൊന്നും യുക്തിയോ, ന്യായമോ ഇല്ലെന്നതാണ് മറ്റൊരു കാര്യം. എ.ഐ ക്യാമറാ വിവാദം ഉണ്ടായ സമയത്ത് അത് സർക്കാർ പരിശോധിക്കുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
എന്നാൽ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് മാഷ് മലക്കംമറിഞ്ഞു. അതിന്റെ രഹസ്യമെന്തെന്ന് മാധ്യമങ്ങൾക്ക് പോലും കണ്ടെത്താനായിട്ടില്ല. ക്യാമറാ ഇടപാടിലെ തെളിവുകളോരോന്നായി പുറത്തുകൊണ്ടുവന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരെ വളരെ രൂക്ഷമായഭാഷയിലാണ് മാഷ് പ്രതികരിച്ചത്. ചെന്നിത്തല ആവർത്തിച്ച് നുണ പറയുകയാണെന്നും വികസനത്തിന് തടസ്സം നിൽക്കുകയാണെന്നും കുറ്റപ്പെടുത്തി. എന്നാൽ താൻ പറഞ്ഞ നുണയെന്താണെന്ന് മാഷ് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്യാമറാ ഇടപാട് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും കെൽട്രോൺ നൽകിയില്ലെന്നും ചൂണ്ടിക്കാണിച്ചു. ബിസിനസ്സ് രഹസ്യമെന്ന നിലയിൽ മറച്ചുവയ്ക്കാവുന്ന കാര്യമാണെങ്കിലും പൊതുനന്മയ്ക്ക് വേണ്ടി അത് പുറത്തുവിടണമെന്നാണ് നിയമം പറയുന്നതെന്നും വ്യക്തമാക്കി. അതിന് മറുപടി കൊടുക്കാൻ മാഷിന്റെ കയ്യിൽ മരുന്നില്ലായിരുന്നു. അങ്ങനെ ആദ്യത്തെ പടക്കം ചീറ്റിപ്പോയി. അത് പക്ഷെ, ആരും അങ്ങോട്ട് കുത്തിപ്പൊക്കാൻ നോക്കിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ ജയിക്കാത്ത പരീക്ഷ എഴുതിയെന്ന വിവാദം വാർത്തയായത്.
എറണാകുളം മഹാരാജാസ് കോളേജിന് പറ്റിയ സാങ്കേതിക പിഴവാണെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും ഗോവിന്ദൻമാഷ് അടങ്ങിയില്ല. സർക്കാർ- എസ്.എഫ്.ഐ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് കൈകാര്യം ചെയ്യുമെന്നും ഇനിയും കേസെടുക്കുമെന്നും അദ്ദേഹം ആവേശഭരിതനായി. മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഉണ്ടാക്കിവെച്ച നാണക്കേട് മറയ്ക്കാനാണ് മാഷ് ഈ തത്രപ്പാട് കാട്ടിയത്. പക്ഷെ, സംഭവം കൈവിട്ട് പോയി. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ച് പിടിക്കാനാവില്ലല്ലോ.
എങ്കിലും അടുത്ത ദിവസം മാഷ് മറുകണ്ടം ചാടി. മാധ്യമങ്ങളെ കൈകാര്യം ചെയ്യുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വാക്കുകൾ വളച്ചൊടിച്ചെന്നുമായിരുന്നു ന്യായീകരണം. അതൊന്നും ഏശിയില്ല. ദേശീയതലത്തിൽ വരെ സംഭവം കത്തിപ്പടർന്നു. കേരളാ മോഡൽ ഫാസിസം എന്ന ഓമനപ്പേരും അവര് വിളിച്ചു. പാർട്ടി ജനറൽ സെക്രട്ടറി കേന്ദ്രസർക്കാരിന്റെ മാധ്യമവിരുദ്ധതയ്‌ക്കെതിരെ ട്വീറ്റ് ചെയ്തത് വായിച്ചാൽ സി.പി.എം സംസ്ഥാന ഘടകത്തിന് പരോഷ വിമർശമുണ്ടെന്ന് വ്യക്തമാകും.
മനോരമയ്‌ക്കെതിരെ മാഷ് പരസ്യമായി ആഞ്ഞടിച്ചു. ഏഷ്യാനെറ്റിലെ അഖിലനന്ദകുമാർ റിപ്പോർട്ട് ചെയ്തതിന് ഗൂഡാലോചനയ്ക്ക് കേസെടുത്തതിനെയും ന്യായീകരിച്ചു. അതോടെ എൽ.ഡി.എഫിനൊപ്പമുള്ള, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ വരെ മാധ്യമവേട്ടയ്‌ക്കെതിരെ രംഗത്തെത്തി. ഏഷ്യാനെറ്റാകട്ടെ ഈ രാജ്യത്തുള്ള പ്രധാനപ്പെട്ട മലയാളി മാധ്യമപ്രവർത്തകരെ നേരിൽ കണ്ട് പ്രതികരണം എടുത്ത് വിഷയം സജീവചർച്ചയാക്കി. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും സർക്കാരിനെതിരെ രംഗത്തെത്തി.
മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വെല്ലുവിളിക്കുന്നത് എന്ത് അധികാരത്തിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ചോദിച്ചു. അതിനും മാഷിന് മറുപടിയില്ലായിരുന്നു. കേന്ദ്രത്തിനും കേരളത്തിലും ഭരിക്കുന്നവർക്ക് ഭയമാണെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ കുറ്റപ്പെടുത്തി. മാഷ് ആവേശകുമാരനായത് കൊണ്ട് മാത്രമാണ് ഇത്രയും നെഗറ്റീവ് പബ്‌ളിസിറ്റി പാർട്ടിക്ക് കിട്ടിയത്. ഇതുകൊണ്ട് വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റും സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും ആവിയാകുമെന്നാണ് മാഷ് സ്വപ്‌നം കണ്ടതെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നമാകും.
നിലവില സാഹചര്യത്തിലൊരു തെരഞ്ഞെടുപ്പ് സംസ്ഥാനത്തുണ്ടായാൽ എന്തായിരിക്കും ഫലമെന്ന് നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും. അത്രയ്ക്ക് ജനത്തെ വെറുപ്പിച്ചുകൊണ്ടിരിക്കുകയാണ് സർക്കാരും ചില സി.പി.എം നേതാക്കളും. മാധ്യമങ്ങൾക്കെതിരായ നിലപാടിനെതിരെ സി.പി.ഐ അടക്കം രംഗത്തുണ്ട്. ഫാസിസത്തിനെതിരെ നിരന്തരം ശബ്ദിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയും സംസ്ഥാന സെക്രട്ടറിയും എന്ന വിമർശനം ഉയരുന്നു. അങ്ങനെ മാഷിന്റെ രണ്ടാമത്തെ പടക്കം ബൂമറാങ് പോലെ തിരിച്ച് വന്ന് പാർട്ടിക്കകത്ത് തന്നെ പൊട്ടിത്തെറിച്ചിരിക്കുകയാണ്.
വളരെ വിചിത്രമായൊരു ഏറ് പടക്കമാണ് മാഷ് മൂന്നാമത് പൊട്ടിച്ചത്. അതിനുള്ള വെടിമരുന്ന് കൊടുത്തതാകട്ടെ പാർട്ടി മുഖപത്രം ദേശാഭിമാനിയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൺ മാവുങ്കൽ എന്ന പുരാവസ്തു തട്ടിപ്പുകാരൻ പീഡിപ്പിച്ച സമയം കെ.പി.സി.സി പ്രസിഡന്റെ കെ.സുധാകരൻ ആ വീട്ടിലുണ്ടായിരുന്നെന്നാണ് ദേശാഭിമാനി അന്വേഷണാത്മ പത്രപ്രവർത്തനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടി രഹസ്യമൊഴി കൊടുത്തിട്ടുണ്ടെന്നും പത്രം പറയുന്നു.
മോൻസൺ പുറംലോകം പോലും കാണാത്ത വിധത്തിൽ കോടതി ശിക്ഷവിധിച്ച ശേഷം ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നത് ആരെ ബോധ്യപ്പെടുത്താനാണ്. ആഭ്യന്തരവകുപ്പ് മടിയിൽ വെച്ചുടുത്തിരിക്കുന്ന മാഷിന്റെ പാർട്ടി ഇത്തരത്തിലൊരു മൊഴിയുണ്ടെന്ന് ഇപ്പോഴാണോ അറിയുന്നത്. ഈ മൊഴി അന്വേഷണ വേളയിലോ, വിചാരണസമയത്തോ ശ്രദ്ധിച്ചില്ലേ... എങ്കിൽ വലിയ വിഴ്ചയാണ് സർക്കാരും അതിന് നേതൃത്വം നൽകുന്ന സി.പി.എമ്മും നടത്തിയിരിക്കുന്നത്. അതിന് ഗോവിന്ദൻ മാഷ് മറുപടി പറയണം. അത് വരെ സുധാകരന്റെ കേസ് അവധിക്ക് വയ്ക്കാം.
https://www.facebook.com/Malayalivartha






















