മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍...

കരുനാഗപ്പള്ളിയില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരില്‍ വീട്ടില്‍ ശ്യാംകുമാറിനെ(33)യാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബര്‍, ജനുവരി മാസങ്ങളിലാണ് ആദിനാട് ആലോചനമുക്കിനു സമീപത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ശ്യാം കുമാറും കൂട്ടാളിയായ ഗുരുലാലും ചേര്‍ന്ന് മുക്കുപണ്ടം പണയം നല്‍കി പണം തട്ടിയത്.
42 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,50,000 രൂപ ആണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. ജനുവരിയില്‍ ആഡംബര വാഹനത്തിലെത്തി മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തില്‍ ഗുരുലാല്‍ ഉള്‍പ്പെട്ട സംഘത്തെ ചവറ പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംശയം തോന്നിയ ആദിനാട്ടുള്ള ധനകാര്യ സ്ഥാപനത്തിന്റെ മാനേജര്‍ ഇവര്‍ പണയംവെച്ച ആഭരണങ്ങള്‍ പരിശോധിച്ചത്.
തുടര്‍ന്നാണ് അവ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗുരുലാലിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് ശ്യാംകുമാറിനെയും പിടികൂടിയത്. സമാനരീതിയില്‍ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ഷെമീര്‍, കലാധരന്‍, ഷാജിമോന്‍, സി.പി.ഒ. ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























