അലര്‍ട്ട് ഇല്ലാത്ത ദിവസം... ദിവസങ്ങള്‍ നീണ്ട പെരുമഴയ്ക്ക് ശേഷം ഇന്ന് അലര്‍ട്ട് ഇല്ലാത്ത ദിനം; തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണം

ഒരാഴ്ച കേരളത്തില്‍ മഴ ശക്തമായിരുന്നു. മഴയുടെ ദുരിതങ്ങള്‍ മിക്കവാറും ജില്ലകള്‍ അനുഭവിച്ചു. ഇപ്പോഴിതാ ദിവസങ്ങള്‍ നീണ്ട ദുരിതപ്പെയ്ത്തിന് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ ഒന്നുമില്ല. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനി 12ന് മാത്രമേ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളൂ. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് 12ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 09-07-2023 വരെ: കര്‍ണാടക തീരത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
ഇതുകൂടാതെ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
10-07-2023 വരെ: തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 11-07-2023 & 12072023 നു ഇതേ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
09-07-2023 & 12072023 : ശ്രീലങ്കന്‍ തീരത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
അതേസമയം കൊച്ചിധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ വെള്ളിയാഴ്ചയും ഇന്നലെയും മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ മലയിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത വിഭാഗത്തിന്റെ നീക്കം.
381.76 കോടി രൂപ മുടക്കി പണി പൂര്‍ത്തിയാക്കിയശേഷം ടോള്‍ബൂത്ത് ഉള്‍പ്പെടെ സ്ഥാപിച്ചു പാതയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെയാണു മണ്ണിടിച്ചില്‍. ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലിനു കാരണം അശാസ്ത്രീയ ഖനനമാണെന്നു ദേവികുളം സബ് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്ന ശക്തമായ മഴയ്ക്ക് ശമനം. ഇന്നലെ വടക്കന്‍ ജില്ലകളില്‍ ഒറ്രപ്പെട്ട ശക്തമായ മഴ ലഭിച്ചു. ഇന്നും നാളെയും നേരിയ തോതില്‍ മഴയുണ്ടാകും.
229 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,211 കുടുംബങ്ങളിലെ 10,431 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴയില്‍ 15 വീടുകള്‍ക്ക് പൂര്‍ണ്ണമായും 264 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.ബുധനാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശമിച്ചെങ്കിലും കടല്‍ ശാന്തമായിട്ടില്ല. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്.
https://www.facebook.com/Malayalivartha


























