ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ തന്നെ..ശോഭ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗം പേരുടെയും പിന്തുണ മുരളീധരൻ...മണ്ഡലം കേന്ദ്രീകരിച്ചു മുരളീധരൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലം കാണുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ

ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേരിനു മുൻതൂക്കം. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി യോഗത്തിൽ മുരളീധരൻ മത്സരിക്കട്ടെ എന്ന പൊതു വികാരമാണ് ഉയർന്നത്. ഈ സീറ്റിൽ താൽപര്യം പ്രകടിപ്പിച്ചു വനിതാ നേതാവായ ശോഭ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗം പേരുടെയും പിന്തുണ മുരളീധരനാണ്.
മണ്ഡലം കേന്ദ്രീകരിച്ചു മുരളീധരൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലം കാണുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ. അതേ സമയം തിരഞ്ഞെടുപ്പു വേദിയിൽ പൊതുസമ്മതി നേടാനും അതു വോട്ടായി മാറ്റാനും കഴിവുള്ള ശോഭയെ തഴയുന്നതു തിരിച്ചടിയാകുമോ എന്ന ആശങ്കയും ചിലർ പങ്കുവച്ചു. പാർലമെന്ററി വ്യാമോഹം വച്ചുപുലർത്തുകയും സമീപകാലത്തു പാർട്ടിയോട് അകലം പാലിക്കുകയും നേതൃനിരയെ വിമർശിക്കുകയും ചെയ്യുന്ന നിലപാടിനെ അംഗീകരിക്കാനാവില്ലെന്നു മുതിർന്ന നേതാവ് ഇതിനു മറുപടി നൽകി.
നേതൃത്വത്തിനെതിരായ ശോഭയുടെ ആക്ഷേപങ്ങൾ പാർട്ടി അച്ചടക്ക ലംഘനമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ആറ്റിങ്ങലിൽ മത്സരിക്കണമെന്ന നിലപാടു തുടർന്നാൽ ശോഭയുമായി കേന്ദ്ര നേതൃത്വം അനുനയചർച്ചയ്ക്കു തയാറായേക്കും. വിജയ സാധ്യതയുള്ള ആറ്റിങ്ങലിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാൻ മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തു വിജയ പ്രതീക്ഷ പുലർത്തുന്ന 5 മണ്ഡലങ്ങളിൽ വോട്ടുവിഹിതം വർധിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ കണ്ടെത്തി അറിയിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം∙ പാർട്ടിക്കു വേണ്ടി സകലതും നഷ്ടപ്പെടുത്തേണ്ട സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും നേതാക്കളിൽ നിന്ന് അഭിമാനക്ഷതം ഏറ്റുവെന്നും ശോഭ സുരേന്ദ്രൻ ചാനലിനോടു പറഞ്ഞു. പാർട്ടി വേദികളിൽ തന്നെ കാണാത്തതിന് ഉത്തരം പറയേണ്ടതു സംസ്ഥാന നേതൃത്വമാണ്. ബിജെപിയെ സംസ്ഥാനത്തു ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകളിൽ നിന്നു തന്നെ മനഃപൂർവം അകറ്റി നിർത്തുകയാണെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha


























