ഇപ്പോഴുള്ളതിനേക്കാൾ മികച്ച ഇരുപത്തഞ്ചോളം സൗകര്യങ്ങൾ....വന്ദേഭാരതാകും അധികം വൈകാതെ സർവീസ് നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള പുതിയ റേക്കുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണത്തിൽ

ട്രെയിൻ എന്ന ഇന്ത്യക്കാരുടെ സങ്കല്പത്തിനെത്തന്നെ മാറ്റിമറിച്ച ഒന്നാണ് വന്ദേഭാരത് ട്രെയിനുകൾ. അടിമുടി മാറിയ വന്ദേഭാരതിനെ ജനം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴുള്ളതിനേക്കാൾ മികച്ച ഇരുപത്തഞ്ചോളം സൗകര്യങ്ങൾ അധികമായി ഉൾപ്പെടുത്തിയ വന്ദേഭാരതാകും അധികം വൈകാതെ സർവീസ് നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള പുതിയ റേക്കുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മാണത്തിലാണ്. യാത്രക്കാരുടെയും റെയിൽവേ സോണുകളിൽ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ടതും സാങ്കേതികവുമായ മെച്ചപ്പെടുത്തിയതുമായ 25 ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, കൂടുതൽ പതുപതുത്ത സീറ്റുകൾ, സീറ്റുകളോട് ചേർന്ന് കാലുകൾ കൂടുതൽ നിവർത്തിവയ്ക്കാനുള്ള സൗകര്യം. മെച്ചപ്പെട്ട മൊബൈൽ ചാർജിംഗ് പോയിന്റുകൾ, വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ ആഴം കൂടിയ വാഷ്‌ബേസിൻ, ടോയ്‌ലറ്റുകളിൽ മികച്ച വെളിച്ചം, വീൽചെയറുകൾക്ക് ഫിക്‌സിംഗ് പോയിന്റുകൾ, എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചിൽ നിന്ന് കപ്പാസിറ്റീവ് ടച്ചിലേക്ക് റീഡിംഗ് ലാമ്പിന്റെ മാറ്റം. , മെച്ചപ്പെട്ട റോളർ ബ്ലൈൻഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തുന്നത്.
വരും മാസങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന റേക്കുകളിൽ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ആന്റി ക്ലൈംബിംഗ് സംവിധാനം സ്ഥാപിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ഭാരതത്തിൽ ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'വന്ദേ ഭാരത് സ്ലീപ്പർ പതിപ്പുകളുടെയും വന്ദേ മെട്രോ കോച്ചുകളുടെയും നിർമ്മാണ പ്രക്രിയ കാര്യമായി പുരോഗമിക്കുകയാണ്. റിസർവ് ചെയ്യാത്ത യാത്രക്കാർക്കായി നൂതന സൗകര്യങ്ങളോടുകൂടിയ കോച്ചുകൾ നിർമിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. താഴ്ന്ന വിഭാഗത്തിലുള്ള യാത്രക്കാർക്ക് നല്ല നിലവാരമുള്ളതും സൗകര്യപ്രദവും സുരക്ഷിതവുമായ ട്രെയിനുകൾ ലഭ്യമാണെന്ന് ഇത് ഉറപ്പാക്കും'- മന്ത്രി പറഞ്ഞു.വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താൻ റെയിൽവേ ഒരുങ്ങുന്നതായി ഇന്നലെ റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് വരും മാസങ്ങളിൽ കാവി - ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
വെള്ളയും നീലയും നിറങ്ങൾ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാൽ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ്. ഓരോ സർവീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകൾ പരീക്ഷിക്കുന്നതെന്നാണ് വിവരം.'കുറച്ച് കളർ കോമ്പിനേഷനുകൾ പരീക്ഷിച്ചു, കാവി - ഗ്രേ കോമ്പിനേഷൻ കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തി. അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.'-ഐസിഎഫ് അറിയിച്ചു. ഇരുവശത്തും കാവി പെയിന്റും വാതിലുകൾക്ക് ചാരനിറവുമായിരിക്കും നൽകുക.
പരീക്ഷണാർത്ഥം ഒരു ബോഗി കളർ ചെയ്തു. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം പുതിയ കളർകോഡ് നിലവിൽ വരിക.
https://www.facebook.com/Malayalivartha


























