വീണ്ടും തൃശൂരില്‍ നേരിയ ഭൂചലനം.... ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത്തരം പ്രതിഭാസങ്ങള്‍ സംബന്ധിച്ച് വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പഠനം നടത്താന്‍ നടപടികള്‍ നടക്കുന്നതായും ജില്ലാ കളക്ടര്‍

അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയും തൃശൂരിന്റെ പരിസരപ്രദേശങ്ങളില്‍ നേരിയ ഭൂചലനവും മുഴക്കവും പ്രകമ്പനവും.ഒല്ലൂര്‍ പൊന്നൂക്കര മേഖലയിലുണ്ടായ ഭൂചലനത്തില്‍ പുത്തൂര്‍ പൊന്നൂക്കര നേതാജി റോഡില്‍ പാറാമ്പറത്തി വീട്ടില്‍ രാജന്റെ വീടിന്റെ അടുക്കളയില്‍ വിള്ളലുണ്ടായി. സമീപത്തുള്ള കോര്‍ണാടന്‍ വീട്ടില്‍ ഗോപാലന്റെ വീടിനും വിള്ളല്‍ വീഴുകയും ചെയ്തു. ഗോപാലന്റെ വീടിന് കഴിഞ്ഞ ദിവസത്തെ ഭൂചലനത്തിലും വിള്ളലുണ്ടായിരുന്നു. ഇരുവീട്ടുകാരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
തൃക്കൂര്‍,അളഗപ്പനഗര്‍,വരന്തരപ്പിള്ളി,പുതുക്കാട്,നെന്മണിക്കര പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലാണ് രണ്ടുതവണ മുഴക്കവും പ്രകമ്പനവുമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.01നായിരുന്നു ഇരട്ടമുഴക്കത്തോടുകൂടിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടുതവണയും പ്രകമ്പനവുമുണ്ടായ തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍,ഞെള്ളൂര്‍ എന്നിവിടങ്ങളിലാണ് മുഴക്കം കൂടുതലായി അനുഭവപ്പെട്ടത്.
ചിലയിടങ്ങളില്‍ കട്ടിലും പാത്രങ്ങളും മറ്റും ചെറിയ രീതിയില്‍ അനങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.തുടര്‍ച്ചയായുള്ള ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുമ്പോഴും ജനം ഭീതിയിലാകുന്നു.
റിക്ടര്‍ സ്‌കെയിലില്‍ മൂന്നോ അതില്‍ കൂടുതലോ തീവ്രതയിലുള്ള ഭൂചലനം മാത്രമാണ് രേഖപ്പെടുത്തുന്നത്. അതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ടത് ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത്തരം പ്രതിഭാസങ്ങള്‍ സംബന്ധിച്ച് വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പഠനം നടത്താന്‍ നടപടികള്‍ നടക്കുന്നതായും ജില്ലാ കളക്ടര്‍ .
https://www.facebook.com/Malayalivartha


























