മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ പുലര്‍ച്ചെ ഷട്ടര്‍ തുറന്നു, തീരനിവാസികള്‍ പരിഭ്രാന്തിയിലായി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നു ഇന്നലെ പുലര്‍ച്ചെ അണക്കെട്ടിലെ സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. പുലര്‍ച്ചെ ഷട്ടര്‍ ഉയര്‍ത്തിയ തമിഴ്‌നാട് നടപടി പെരിയാര്‍ തീരനിവാസികളെ പരിഭ്രാന്തിയിലാക്കി. ശനിയാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയാണു തമിഴ്‌നാടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതും അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയതും.
13 ഷട്ടറുകളില്‍ രണ്ട്, മൂന്ന്, നാല്, ഏഴ് എന്നീ നമ്പര്‍ ഷട്ടറുകളാണ് അര അടി ഉയര്‍ത്തിയത്. തുടര്‍ന്നും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നതിനാല്‍ രാവിലെ 10 മണിയോടെ മൂന്ന്, ഏഴ് നമ്പര്‍ ഷട്ടറുകള്‍ അരയടിയില്‍ നിന്ന് ഒരടിയാക്കി ഉയര്‍ത്തി. ഇതോടെ പെരിയാര്‍ നദിയിലേയ്ക്കുള്ള ഒഴുക്ക് സെക്കന്‍ഡില്‍ 1200 ഘനയടിയായി ഉയര്‍ന്നു.
ഷട്ടര്‍ ഉയര്‍ത്തുന്നതു സംബന്ധിച്ച് പുലര്‍ച്ചെ മൂന്നേ കാലിനാണു ഇടുക്കി ജില്ലാ കലക്ടര്‍ക്ക്, തേനി കലക്ടര്‍ ഫോണിലൂടെ അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് അണക്കെട്ടിലെ ജലനിരപ്പ് 141.24 അടിയായി കുറഞ്ഞിരുന്നു. പുലര്‍ച്ചെ 141.7 അടിക്ക് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ ധൃതിയില്‍ തമിഴ്‌നാട് തീരുമാനമെടുത്തത്.
വൈകുന്നേരത്തോടെ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കില്‍ നേരിയ കുറവ് വന്നതോടെ ജലനിരപ്പ് 141.8ല്‍ നിന്ന് 141.75 അടിയിലേക്കു താഴ്ന്നു. അതേസമയം ഏതു സമയത്തും സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നു തമിഴ്‌നാട്, കേരളത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ തീരനിവാസികള്‍ക്ക് ഇടുക്കി ജില്ലാ കലക്ടര്‍ വി. രതീശന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























