നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും എത്തും. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം അടങ്ങുന്ന സുപ്രധാന നിയോജക മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയും നടത്തും.
മാർച്ച് 29ന് പാലക്കാട് തിരഞ്ഞെടുപ്പ് റാലിയും തൃശൂരിൽ റോഡ് ഷോയും പ്രധാനമന്ത്രി നടത്തുന്നുണ്ട്. പിന്നാലെയാണ് ബി.ജെ.പി സവിശേഷ ശ്രദ്ധ നൽകുന്ന മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മണ്ഡലങ്ങളിൽ കൂടി പ്രധാനമന്ത്രി എത്തുന്നത്.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 31ന് തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. അമിത് ഷാ ഏപ്രിൽ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ റാലികളിൽ പങ്കെടുക്കുകയും ചെയ്യും.
ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് , വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കളും കേരളത്തിലെത്തും.
"
https://www.facebook.com/Malayalivartha


























