കുര്‍ബാന തര്‍ക്കം മറ്റൊരു തലത്തില്‍... കേരളത്തിലെത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ കേരളത്തിലെ യഥാര്‍ത്ഥ തര്‍ക്കം നേരിട്ടു കണ്ടു; പോപ്പിന്റെ പ്രതിനിധിയെ തടഞ്ഞ് പ്രതിഷേധക്കാരായ വിശ്വാസികള്‍; ആര്‍ച്ച് ബിഷപ്പിന് നേരെ കുപ്പിയെറിഞ്ഞു

എല്ലാം സമാധാനത്തോടെ പരിഹരിക്കാനാകുമെന്ന കണക്കു കൂട്ടലുകള്‍ ആകെ തെറ്റി. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ പ്രാര്‍ത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികള്‍ ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞു.
ആര്‍ച്ച് ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വന്‍ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആര്‍ച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. എകീകൃത കുര്‍ബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.
ആര്‍ച്ച് ബിഷപ്പ് എത്തിയാല്‍ വലിയ രീതിയില്‍ ഉള്ള പ്രധിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അല്‍മായ സംഘടനകളും കൊടുത്തിരുന്നു. എന്നാല്‍ പ്രാര്‍ത്ഥന നടത്തണം എന്ന് അര്‍ച്ച് ബിഷപ്പ് സിറില്‍ തീരുമാനിക്കുകയായിരുന്നു. ഒരു വിഭാഗം വിശ്വാസികള്‍ വലിയ രീതിയില്‍ പ്രധിഷേധം ഉയര്‍ത്തുകയും വൈദികര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു.
എകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനാണ് വത്തിക്കാനില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് സിറില്‍ വസില്‍ എത്തിയത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നതോടെ ജനുവരി മുതല്‍ കൊച്ചി സെന്റ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് അര്‍ച്ച് ബിഷപ്പ് വന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.
സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മെത്രാന്മാരുടെ സിനഡുസമ്മേളനം ചര്‍ച്ച ചെയ്യുമെന്നും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കുമെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു അടുത്തകാലത്തു നടന്ന സംഭവങ്ങള്‍ തികച്ചും വേദനാജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി സഭമുഴുവനും ആഗ്രഹിക്കുന്നതായും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
മെത്രാന്‍സിനഡ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും സമരപ്രഖ്യാപനങ്ങളും ശ്രദ്ധയില്‍പ്പെട്ടു. സിനഡ് സമ്മേളിക്കുന്ന സാഹചര്യത്തില്‍ എല്ലാവിധ പ്രതിഷേധ പ്രകടനങ്ങളില്‍നിന്നും അതിരൂപതാംഗങ്ങളുള്‍പ്പെടെ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ രൂക്ഷമായിരിക്കുന്ന സമയത്താണ് സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് ചേരുന്നത്. പളളിയിലെ സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് നിയമിച്ച കമ്മീഷന്റെ അന്വേഷണ പുരോഗതിയും വിലയിരുത്തും. വിഷയത്തില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. അതിനിടെ ആന്‍ഡ്രൂസ് താഴത്ത് നിയമിച്ച അന്വേഷണ കമ്മീഷനോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിമത വിഭാഗം സിനഡ് ചേരുന്ന സഭാ ആസ്ഥാനത്തേക്ക് അതിരൂപത സംരക്ഷണ റാലി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം കുര്‍ബാന വിവാദം സിറോ മലബാര്‍ സഭാ സിനഡ് ചര്‍ച്ച ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തില്‍ വത്തിക്കാന്‍ ഇടപെട്ടെന്നും ഇല്ലെന്നും വാദം. കുര്‍ബാന വിഷയത്തില്‍ വിശ്വാസികളും വൈദികരുമായി സംഘര്‍ഷത്തിലേര്‍പ്പെടേണ്ടതില്ലെന്ന് വത്തിക്കാനില്‍നിന്ന് നിര്‍ദേശം ലഭിച്ചുവെന്നാണ് എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം അവകാശപ്പെടുന്നത്. സിറോ മലബാര്‍ സഭ ഈ പ്രസ്താവന നിഷേധിച്ചിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha






















