വര്‍ക്കല വിവാഹവീട്ടിലെ അരുംകൊല .... കല്ലമ്പലം രാജു കൊലക്കേസില്‍ മൂന്നാം പ്രതി ശ്യാംകുമാറിന് ജാമ്യമില്ല, വിവാഹത്തലേന്ന് അര്‍ദ്ധ രാത്രി വധൂ ഗൃഹത്തില്‍ അതിക്രമിച്ചു കടന്ന് വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന മൂന്നാം പ്രതി ശ്യാം കുമാറിന്റെ ജാമ്യ അപേക്ഷ ജില്ലാ കോടതി തള്ളി

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് വര്‍ക്കലയില്‍ വിവാഹത്തലേന്ന് അര്‍ദ്ധ രാത്രി വധൂ ഗൃഹത്തില്‍ അതിക്രമിച്ചു കടന്ന് വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന മൂന്നാം പ്രതി ശ്യാം കുമാറിന്റെ ജാമ്യ അപേക്ഷ ജില്ലാ കോടതി തള്ളി.
വര്‍ക്കല കല്ലമ്പലം രാജു കൊലക്കേസില്‍ മൂന്നാം വടശ്ശേരിക്കോണം കെ.എസ്. നന്ദനത്തില്‍ ശ്യാംകുമാര്‍ (26) എന്നയാള്‍ക്കാണ് ജാമ്യം നിരസിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണനാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്. തനിക്കല്ലാതെ ശ്രീലക്ഷ്മിയെ മറ്റാര്‍ക്കും വിവാഹം ചെയ്തയക്കാന്‍ അനുവദിക്കില്ലെന്ന് ഒന്നാം പ്രതി ജിഷ്ണു വെല്ലുവിളിച്ചതായി സാക്ഷിമൊഴികള്‍ ഉണ്ട്.
ജിഷ്ണു നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി വധുവിന്റെ സഹോദരന്‍ ശ്രീഹരിയുടെ മൊഴിയില്‍ പറയുന്നു. മറ്റൊരു വിവാഹം നോക്കിയാല്‍ തങ്ങളെ വകവരുത്തുമെന്ന് ജിഷ്ണു നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി ശ്രീഹരി പറയുന്നു. ഇരുകൂട്ടരും പരസ്പരം നടത്തിയ പെട്ടന്നുണ്ടായ ആക്രമണമല്ല. മറിച്ച് പ്രതികള്‍ മുന്‍കൂട്ടി ആലോചിച്ചുറച്ച് ആക്രമണം നടത്തിയതായി കേസ് രേഖകളില്‍ കാണുന്നു. കൃത്യത്തിലുള്‍പ്പെട്ട പ്രതികളുടെ പേരില്‍ അനേകം ക്രിമിനല്‍ കേസുകളുണ്ട്. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കേസ് റെക്കോര്‍ഡില്‍ കാണുന്നു. പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡില്‍ കാണുന്നുണ്ട്.
ഈ ഘട്ടത്തില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവില്‍ പോകാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.
ശ്യാംകുമാറടക്കം 4 പ്രതികള്‍ ജൂണ്‍ 28 മുതല്‍ ജയിലില്‍ കഴിയുകയാണ്. വടശേരിക്കോണം ജെ.ജെ. പാലസില്‍ ജിഷ്ണു (26), സഹോദരന്‍ ജിജിന്‍(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനില്‍ മനു(26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍(26) എന്നിവര്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. എതിര്‍ക്കാന്‍ ശേഷിയുള്ള ആരും വീട്ടിലില്ലെന്ന് ഉറപ്പിച്ചാണ് പ്രതികളെത്തിയത്.
വര്‍ക്കല കല്ലമ്പലം വടശ്ശേരിക്കോണം ശ്രീലക്ഷ്മിയില്‍ പ്രവാസിയായ രാജു (61) ആണ് മകളുടെ വിവാഹത്തലേന്ന് കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ ജിഷ്ണുവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലക്കുള്ള വിരോധ കാരണമായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കൊലയുടെ പിറ്റേന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.വിവാഹത്തലേന്നത്തെ ആഘോഷ പാര്‍ട്ടി തീര്‍ന്ന് അര്‍ദ്ധരാത്രി 1 മണിയോടെ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണുവും സംഘവുമെത്തിയത്. വര്‍ക്കല ക്ലിഫിനു സമീപത്തെ ബാറില്‍ നിന്നും മദ്യപിച്ച ശേഷമാണ് പ്രതികള്‍ കൃത്യവീട്ടില്‍ എത്തിയത്. കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയെ ആക്രമിച്ചു. പിതാവ് രാജു ഇത് തടഞ്ഞതോടെയാണ് അക്രമികള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞതെന്നാണ് കേസ്.
https://www.facebook.com/Malayalivartha






















