മദ്യപാനത്തിനിടെ സുഹൃത്തിനെ സൈനികന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ആര്‍മി സുബേദാര്‍ സന്തോഷ്‌കുമാറിന് ജാമ്യമില്ല

മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ സുഹൃത്തിനെ സൈനികന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ആര്‍മി സുബേദാറിന് ജാമ്യമില്ല.
തലസ്ഥാന ജില്ലാ കോടതിയാണ് ജൂണ്‍ 27 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം നിഷേധിച്ചത്. സൈനികനായ പോത്തന്‍കോട് കുറ്റിയാണി കണ്ണംകുഴി മേലെ പുത്തന്‍വീട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഝാന്‍സി റെജിമെന്റില്‍ മിലിട്ടറി ഉദ്യോഗസ്ഥനായ 35 വയസ്സുള്ള ജെ. സന്തോഷ് കുമാറിനാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചത്.
പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്. പ്രതിയെ കുറ്റകൃത്യവുമായി പ്രഥമ ദൃഷ്ട്യാ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കേസ് റെക്കോര്‍ഡില്‍ കാണുന്നു. കേസ് റെക്കോഡ് പരിശോധിച്ചതില്‍ പ്രതിയുടെ പങ്കും പങ്കാളിത്തവും വ്യക്തമാകുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.
ഈ ഘട്ടത്തില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സുഗമമായ അന്വേഷണത്തിന് വിഘാതം സൃഷ്ടിച്ച് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവില്‍ പോകാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. വി.ബാലകൃഷ്ണന്‍ പ്രതിക്ക് ജാമ്യം നിരസിച്ചത്.
2023 ജൂണ്‍ 26 ശനിയാഴ്ച രാത്രി 10 മണിയോടെ വട്ടപ്പാറ കുറ്റിയാണിയിലെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെജിമെന്റില്‍ ജോലി ചെയ്യുന്ന സന്തോഷ് കുമാര്‍ സംഭവത്തിന് ഒരാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. തുടര്‍ന്ന് കമ്പനി കൂടാന്‍ സുഹൃത്തായ വട്ടപ്പാറ പള്ളിവിള കുഴിവിള വീട്ടില്‍ നിഷാദിനെ ( 40 ) വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു.
മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സന്തോഷ് വീട്ടില്‍ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് നിഷാദിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അതിനു ശേഷം സന്തോഷ് പുറത്തേക്ക് പോയി. സംഭവം അറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് നിഷാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ നിഷാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കടന്നു കളയാന്‍ ശ്രമിച്ച സന്തോഷ്‌കുമാറിനെ വട്ടപ്പാറ സിഐ എസ്. ശ്രീജിത്ത്, എസ്‌ഐമാരായ സുനില്‍ ഗോപി, ജോണി, സുനില്‍കുമാര്‍, സിപിഒമാരായ രാജേഷ്, ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘം കുറ്റിയാണി ജംക്ഷനില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















