കമ്പനികളുടെ വ്യാജ വെബ് സൈറ്റും ലൈറ്റര്‍ ഹെഡും ഉപയോഗിച്ച് വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി പരസ്യം ചെയ്തും ഗൂഗിള്‍ മീറ്റിലൂടെ വിദേശവനിതകളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ചെയ്തും കാനഡയില്‍ ഉപരി പഠനവും ജോലിയും വാഗ്ദാനം ചെയ്ത് വ്യാജഓഫര്‍ ലെറ്റര്‍ അയച്ചും 47 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികളായ 5 അംഗ മുംബൈ മലയാളി സംഘം തലസ്ഥാന സിറ്റി സൈബര്‍ പോലീസിന്റെ ഒത്തുകളിയില്‍ ജാമ്യം നേടി

കമ്പനികളുടെ വ്യാജ വെബ് സൈറ്റും ലൈറ്റര്‍ ഹെഡും ഉപയോഗിച്ച് വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി പരസ്യം ചെയ്തും ഗൂഗിള്‍ മീറ്റിലൂടെ വിദേശവനിതകളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ചെയ്തും കാനഡയില്‍ ഉപരി പഠനവും ജോലിയും വാഗ്ദാനം ചെയ്ത് വ്യാജഓഫര്‍ ലെറ്റര്‍ അയച്ചും 47 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികളായ 5 അംഗ മുംബൈ മലയാളി സംഘം തലസ്ഥാന സിറ്റി സൈബര്‍ പോലീസിന്റെ ഒത്തുകളിയില്‍ ജാമ്യം നേടി.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത പോലീസ് വീഴ്ച ചൂണ്ടിക്കാട്ടിയും പോലീസിനെ വിമര്‍ശിച്ചു കൊണ്ടും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
സിറ്റി സൈബര്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റു വാങ്ങേണ്ടി വന്നത്. വന്‍ തട്ടിപ്പു കേസിലെ 1 മുതല്‍ 5 വരെ പ്രതികളായ ആലപ്പുഴ സ്വദേശിയായ ശ്രീരാഗ് കമലാസനന്‍, ഇടുക്കി മുരിക്കാശ്ശേരി സ്വദേശി ലിയോ.വി ജോര്‍ജ്, തിരുവനന്തപുരം സ്വദേശി ആഷിക്, കായംകുളം സ്വദേശി ജയിന്‍ വിശ്വംഭരന്‍, തൃശ്ശൂര്‍ സ്വദേശി സതീഷ്‌കുമാര്‍ എന്നിവരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
അറസ്റ്റു ചെയ്യപ്പെട്ട് 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സൈബര്‍ പോലീസ് വീഴ്ചയിലാണ് പ്രതികള്‍ ജാമ്യം നേടിയത്.
വിദേശത്തു ഉപരിപഠനവും ജോലിയും വാഗ്ദാനം നല്‍കി പണം തട്ടിയെടുക്കുന്ന മുംബൈ മലയാളി സംഘത്ത തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ന്യൂഡെല്‍ഹിയില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
10 വര്‍ഷം വരെ ശിക്ഷിക്കാവുന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രതിയുടെ അറസ്റ്റ് തീയതി മുതല്‍ 60 ദിവസത്തിനകം അന്വേഷണ ഏജന്‍സി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 167 (2) (എ) (2) പ്രകാരം പ്രതികള്‍ക്ക് ജാമ്യത്തിനര്‍ഹതയുണ്ട് . ഈ ചട്ടം സൈബര്‍ പോലീസ് ലംഘിച്ച് പ്രതികള്‍ക്ക് ജാമ്യം നേടിക്കൊടുക്കാന്‍ ബോധപൂര്‍വ്വം കുറ്റപത്രം സമര്‍പ്പിക്കാത്തതാണെന്ന ആരോപണമാണുയര്‍ന്നിരിക്കുന്നത്. പ്രതികളെ ഡല്‍ഹിയില്‍ ചെന്ന് അറസ്റ്റു ചെയ്തപ്പോള്‍ മാധ്യമങ്ങളെ വിളിച്ചു കൂട്ടി വലിയ വായില്‍ വാര്‍ത്ത നല്‍കി മാധ്യമശ്രദ്ധ ആകര്‍ഷിച്ച കേസിലാണ് പ്രതികളുടെ അറസ്റ്റിന് ശേഷം സൈബര്‍ പോലീസ് യുടേണെടുത്ത് പിന്നാക്കം പോയത്. സൈബര്‍ പോലീസ് അന്വേഷണത്തിന്റെ ആഢംബരം ആസ്വദിക്കുന്നതാണ് പല കേസുകളിലും കണ്ടു വരുന്നതെന്ന ആരോപണം പല കോണുകളില്‍ നിന്നുയരുന്നുണ്ട്.
പ്രതികളില്‍ നിന്നും വിവിധ ബാങ്ക് അക്കൗണ്ട് രേഖകള്‍, വ്യജ വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെ നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു.
വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ പേരില്‍ വിവിധ വെബ് സൈറ്റുകള്‍ വഴി പരസ്യങ്ങള്‍ നല്‍കി, അതില്‍ ആകൃഷ്ടരാകുന്നവരെ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ്ജിലൂടെ തൊഴിലും മൈഗ്രേഷനും ഉള്‍പ്പെടെ വാഗ്ദാനം നല്‍കി പണം തട്ടിയെടുക്കലായിരുന്നു ഇവരുടെ രീതി.
ആദ്യഘട്ടത്തില്‍ ഫോണ്‍മുഖാന്തിരവും രണ്ടാം ഘട്ടത്തില്‍ ഗുഗിള്‍മീറ്റ് വഴി വിദേശവനിതകളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി വിശ്വാസം നേടിയെടുത്ത ശേഷം അപേക്ഷകര്‍ക്ക് ആകര്‍ഷകമായ സാലറി കാണിച്ചുള്ള വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് വിവിധ എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായാണെന്ന് അപേക്ഷകരെ വിശ്വസിപ്പിച്ചാണ് വിവിധ ബാങ്കുകളുടെ യുപിഐഡികളിലേയ്ക്കാണ് പ്രതികള്‍ പണം ശേഖരിച്ചിരുന്നത്.
ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ യാത്ര ചെയ്ത് ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ ബിസിനസ് കാരാണെന്ന വ്യാജേന ദിവസ വാടകയ്ക്ക് എടുത്ത് അവിടത്തെ മേല്‍വിലാസങ്ങളാണ് ഡിടിഎന്‍പി വെബ് സൈറ്റില്‍ ബ്രാഞ്ച് ഓഫീസുകളായി കാണിച്ചിട്ടുള്ളത്. ഈ മേല്‍വിലാസത്തിലുള്ള സിംകാര്‍ഡുകളും സൗജന്യ വൈഫൈ കണക്ഷനുകളുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിവൈസുകള്‍ നിശ്ചിത സമയത്തിന് ശേഷം നശിപ്പിച്ച് കളയുകയായിരുന്നു പതിവ്.
"
https://www.facebook.com/Malayalivartha






















