കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്....നീണ്ട് നിന്നത് 22 മണിക്കൂർ....സി പി എം നേതൃത്വം ഒന്ന് ഞെട്ടിയിരിക്കുകയാണ്....അടുത്ത നടപടിയെന്ത്...?

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച റെയ്ഡ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് അവസാനിച്ചത്. അഞ്ചുമണിയോടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ എ.സി. മൊയ്തീന്റെ വീട്ടില്‍നിന്ന് മടങ്ങി.അതേസമയം, അന്വേഷണവുമായി സഹകരിക്കുമെന്ന് എ.സി. മൊയ്തീന്‍ പ്രതികരിച്ചു. അവര്‍ വീട്ടില്‍ക്കയറി എല്ലാസ്ഥലവും പരിശോധിച്ചു. തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭാര്യയുടേയും മകളുടേയും പേരിലുള്ള വസ്തുവിന്റെ വിവരങ്ങളടക്കം അവര്‍ പരിശോധിച്ചു. പുസ്തകങ്ങള്‍ വെച്ച റാക്കില്‍പ്പോലും എന്തെങ്കിലുമുണ്ടോ എന്നതരത്തില്‍ സൂക്ഷ്മതയുള്ള പരിശോധനയായിരുന്നു. പരിശോധിക്കുന്നതില്‍ വിരോധമൊന്നുമില്ല. പരിശോധന നടത്തിയതിന്റെ സ്‌റ്റേറ്റ്‌മെന്റ് തന്ന് അവര്‍ മടങ്ങിയെന്നും എ.സി. മൊയ്തീന്‍ റെയ്ഡിനുശേഷം പ്രതികരിച്ചു.
പക്ഷെ സി പി എം നേതൃത്വം ഒന്ന് ഞെട്ടിയിരിക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയ്ക്കെത്തിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. കരുവന്നൂർ പ്രശ്നം തണുത്തെന്നു കരുതിയ സിപിഎമ്മിനു കിട്ടിയ വൻ ആഘാതം കൂടിയാണിത്.വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികൾക്കോ ലോക്കൽ കമ്മിറ്റികൾക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് സിപിഎം നിലപാട്. മുതിർന്ന നേതാക്കൾക്കു പങ്കുണ്ടെന്ന ആരോപണം നുണ മാത്രമാണെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ ഒഴികെ ആർക്കെതിരെയും കാര്യമായ നടപടിയും പാർട്ടി എടുത്തില്ല. 300 കോടി രൂപയുടെ തിരിമറി തീരെ ഗൗരവമില്ലാതെയാണു ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്തത്.
‘നോട്ടപ്പിശകി’ന്റെ പേരിലാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനെയും കെ.ആർ.വിജയയെയും ജില്ലാ കമ്മിറ്റിയിൽനിന്നു തരം താഴ്ത്തുക മാത്രമാണ് ആകെ ചെയ്തത്. എ.സി. മൊയ്തീനു പങ്കുണ്ടെന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. ഇതിൽ മൊയ്തീനെ ബന്ധിപ്പിക്കുന്നതിലേക്കു നയിക്കുന്ന ഘടകങ്ങൾ പലതാണ്. കരുവന്നൂരിൽ തട്ടിപ്പു നടക്കുന്നുവെന്നു പാർട്ടിയംഗമായ ബാങ്ക് മുൻ ജീവനക്കാരൻ എസ്.സുരേഷ് പാർട്ടിക്കു പരാതി നൽകിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോൺ ഈ പരാതി പരിഗണിച്ചുകൊണ്ടിരിക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനം രാജിവച്ചത്. തുടർന്നു സെക്രട്ടറിയായ മൊയ്തീന്റെ കയ്യിലാണ് പരാതി വന്നത്. കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ട് ഏറെക്കാലം പാർട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല. സംസ്ഥാന ഘടകത്തെ അറിയിച്ചതുമില്ല.
മാത്രമല്ല ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും പരാതി നൽകിയ പാർട്ടിയംഗത്തെ വിളിച്ചു വിവരങ്ങൾ ചോദിച്ചുമില്ല. പരാതിയിൽ അഴിമതിക്കാരെന്നു പറയുന്ന ചിലരുടെ പേരുകൾ പറഞ്ഞിട്ടുണ്ടായിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കൾ ആരംഭിച്ച സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തിൽ എ.സി.മൊയ്തീനും ഏരിയ ചുമതലക്കാരനായ ഉല്ലാസ് കളയ്ക്കാടും പങ്കെടുത്തു. ഇന്നലെ ഇഡി റെയ്ഡ് നേരിട്ട 2 ബിസിനസുകാരെ ബാങ്കിനു പരിചയപ്പെടുത്തിയതിൽ മൊയ്തീനു പങ്കുണ്ടെന്നും സൂചനയുണ്ട്. ഇതിൽ ഒരാളുമായി കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവിനു ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. കണ്ണൂരിൽനിന്നു വന്ന് ഇവിടെ വാടകവീട്ടിൽ താമസിച്ച ഈ പാർട്ടി അനുഭാവിയുടെ വളർച്ച പെട്ടെന്നായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മൊയ്തീനെതിരെ എന്തെങ്കിലും പറയാൻ ജില്ലാ കമ്മിറ്റിയിലെ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ട പരാതി എന്തുകൊണ്ടു വേണ്ട സമയത്ത് അന്വേഷിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും ആരും ചോദിക്കാതിരുന്നതും അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha






















