സി.പി.എമ്മിന്റെ ശക്തിയായിരുന്ന കണ്ണൂര്‍ ലോബി പരസ്പ്പരം പോരടിക്കുന്ന ചാവേറുകളാകുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് കണ്ണൂരില്‍ കടുംവെട്ട് ആരംഭിച്ചത്. ഇപ്പോഴത് കരവന്നൂരിലെ വായ്പാ തട്ടിപ്പില്‍ തട്ടി നില്‍ക്കുകയാണ്. കരവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാനായി കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ യോഗം ചേര്‍ന്നിരുന്നു. കട്ട പണം തിരികെ കൊടുക്കാനായി മോഷ്ടാക്കള്‍ ആദ്യമായി ഒത്തുകൂടുന്നു എന്നാണ് ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഉണ്ടായ പരിഹാസം. സി.പി.എമ്മില്‍ അഴിമതി എത്രത്തോളം ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നതിന് വ്യക്തമായ ഉദാഹരണമാണിത്. വായ്പാ തട്ടിപ്പ് നടന്നിട്ട് കൊല്ലം രണ്ടായി. സി.പി.എം ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ എന്നേ തീരുമായിരുന്നു. എല്ലായിടത്തേയും പോലെ ഇവിടെയും നിക്ഷേപകരെ വലിപ്പിക്കാമെന്നാണ് ചില നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ ഇ.ഡി എത്തിയതോടെ ഇവരുടെയെല്ലാം കാറ്റ് പോയി. അങ്ങനെയാണ് സി.പി.എമ്മും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ പുറത്തുവരാതിരുന്ന കാര്യങ്ങള്‍ ജനമറിഞ്ഞതും എ.സി മൊയ്തീനും പി.കെ ബിജുവും അടക്കമുള്ള പ്രമുഖ നേതാക്കളുടെ പേരുകള്‍ പൊങ്ങിവന്നതും. അതിനിടയില്‍ കൂടി ചില നേതാക്കളോടുളള പക പോക്കാനും ശ്രമം നടക്കുന്നു. അതിന്റെ ഇരയാകുമെന്ന് മനസ്സിലായതു കൊണ്ട് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. കരവന്നൂരിലേത് നേരത്തെ പരിഹരിക്കേണ്ട വിഷയമായിരുന്നെന്നും വീഴ്ചപറ്റിയെന്നുമുള്ള ഇ.പിയുടെ പ്രസ്താവന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ നെഞ്ചത്ത് ചെന്നാണ് തറച്ചത്. അവിടെയും തീര്‍ന്നില്ല ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഏശിയില്ലെന്നാണ് ഇ.പിയുടെ നിലപാട്. രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞവരോട് തെളിവ് ചോദിക്കണം. തന്റെ പക്കലെന്തായാലും തെളിവില്ലെന്നാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ ഇ.പിയും സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള പോര് ചക്രവാതച്ചുഴി പോലെ സി.പി.എമ്മിനെ പിടിച്ചുലയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി ഉത്തരധ്രുവത്തിലാണെങ്കില്‍ മുന്നണി കണ്‍വീനര്‍ ദക്ഷിണധ്രുവത്തിലായിരിക്കും. ഇന്ദ്രനേം ചന്ദ്രനേം പേടിയില്ലാത്ത, ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ സ്‌ളോമോഷനില്‍ നടന്ന് പോയ സാക്ഷാല്‍ പിണറായി വിജയന്‍ വിചാരിച്ചിട്ടും ഈ രണ്ട് ധ്രുവങ്ങളിലുള്ളവരെ ഒരുമിപ്പിക്കാനായില്ല. അതുകൊണ്ട് അദ്ദേഹത്തേയും ഇ.പി വെറുതെ വിട്ടില്ല. ഇ.ഡി അന്വേഷണം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ആയുധമാണെന്നാണ് മുഖ്യമന്ത്രി തട്ടിവിട്ടത്. എന്നാല്‍ കരവന്നൂരില്‍ ശക്തമായ നടപടി സ്വീകരിച്ച് പ്രശ്‌നങ്ങള്‍ നേരത്തേ അവസാനിപ്പിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് സഹകരണ മേഖലയ്ക്ക് മുഴുവന്‍ കളങ്കമായി. ഈ അവസ്ഥ ഉണ്ടാക്കിയവര്‍ക്ക് പിന്തുണ നല്‍കിയ രാഷ്ട്രീയക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇ.പിയുടെ വാദം.കരവന്നൂര്‍ തട്ടിപ്പിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിട്ടതാണെന്ന് ഇ.പി കരുതുന്നു. എം.വി ഗോവിന്ദനും എ.സി മൊയ്തീനും ചേര്‍ന്നാണ് തനിക്കെതിരെ തെളിവുകള്‍ പുറത്തുവിടുന്നതെന്ന് ദേശീയ നേതൃത്വത്തെയും മുഖ്യമന്ത്രിയെയും ഇ.പി അറിയിച്ചെന്നാണ് അറിയുന്നത്. തനിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സതീഷ് കുമാറിന്റെ ഡ്രൈവര്‍ ബിജുവിനെതിരെ ഇ.പി ഡി.ജി.പി പരാതി നല്‍കിയത് നീക്കങ്ങള്‍ക്ക് തടയിടാനാണ്. മൊയ്തീനും സതീഷ്‌കുമാറും തമ്മിലുള്ള ബന്ധവും ഇവര്‍ക്കെതിരെയുള്ള വിവരങ്ങളും ഇ.ഡിക്ക് കൊടുത്തത് ഇ.പിയുടെ അടുപ്പക്കാരാണെന്നാണ് എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ വിലയിരുത്തുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി ഒറ്റുകൊടുക്കുന്ന നടപടി ആരും സ്വീകരിക്കരുതെന്ന് തൃശൂര്‍ ജില്ലാ കമ്മിറ്റിയോഗത്തില്‍ ഗോവിന്ദന്‍ മാഷ് മുന്നറിയിപ്പ് കൊടുത്തത്. തട്ടിപ്പ് നടന്ന കാലത്ത് ഇ.പിയും മൊയ്തീനും ചക്കരയും അടയും പോലെയായിരുന്നു. എന്നാല്‍ കോടിയേരി സംസ്ഥാന സെക്രട്ടറിയാവുകയും ഇ.പിയും പിണറായിയും അകലുകയും ചെയ്തതോടെ മൊയ്തീനും മറുകണ്ടം ചാടി. കോടിയേരിയുടെ മരണ ശേഷം സെക്രട്ടറിയാകേണ്ട ഇ.പിയെ പിണറായി വെട്ടി പകരം ഗോവിന്ദന് കിരീടവും ചെങ്കോലും കൈമാറി. അന്ന് മുതല്‍ ഇടഞ്ഞ കൊമ്പനെ പോലെ നില്‍ക്കുകയാണ് ഇ.പി. ഇ.ഡിയെ ഇറക്കി അദ്ദേഹത്തെ മെരുക്കാന്‍ നോക്കിയിട്ട് പോലും പറ്റിയില്ല. സതീഷ് കുമാറും മൊയ്തീനും കുരുങ്ങുമെന്നായപ്പോള്‍ ഇ.പിയെ കൂടി വലിച്ചിഴയ്ക്കുകയായിരുന്നെന്നാണ് അറിയുന്നത്. തൃശൂരിലെത്തിയ മുഖ്യമന്ത്രി ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും നേതാക്കള്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നുമാണ് സൂചന. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഇ.പി പറയുന്നത്. സതീശിനെ അറിയാമെങ്കിലും സാമ്പത്തിക ഇടപാടുകളില്ലെന്നും വ്യക്തമാക്കി.ഇ.പിയും ഗോവിന്ദന്‍ മാസ്റ്ററും തമ്മില്‍ നേരിട്ടല്ലാതെ കൊമ്പുകോര്‍ക്കുന്നത് ആദ്യമായല്ല. ഗവര്‍ണര്‍ക്കെതിരെ സി.പി.എം നടത്തിയ രാജ് ഭവന്‍ മാര്‍ച്ച്, എം.വി ഗോവിന്ദന്റെ ജനകീയപ്രതിരോധ യാത്ര, കോഴിക്കോട് നടന്ന ഏക സിവില്‍കോട് സെമിനാര്‍ തുടങ്ങിയ പരിപാടികളിലൊന്നും മുന്നണി കണ്‍വീനറായ ഇ.പി ജയരാജന്‍ പങ്കെടുക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. കോഴിക്കോട്ടെ സെമിനാര്‍ വേദിയില്‍ മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ എം.വി ഗോവിന്ദന്‍ ക്ഷുഭിതനായിരുന്നു. എന്നാല്‍ തന്നെ പരിപാടിക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു ഇ.പിയുടെ പ്രതികരണം. ഇ.പിക്കെതിരെ പി. ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇടത് കണ്‍വീനറായ ശേഷം തലസ്ഥാനത്ത് വരാതെ കണ്ണൂരില്‍ മാത്രം ഇ.പി ഒതുങ്ങിക്കൂടിയപ്പോഴാണ് ഈ ആരോപണം ഉയര്‍ന്നത്. അദ്ദേഹത്തെ സജീവമായി മടക്കികൊണ്ടുവരാനുള്ള നീക്കമായിരുന്നു അത്. എന്നാല്‍ അവിടെയും ഗോവിന്ദന്‍ മാസ്റ്റര്‍ പരാജയപ്പെട്ടു. എല്‍.ഡി.എഫിനൊരു കണ്‍വീനറുണ്ടോ എന്ന് പോലും സംശയമുള്ള അവസ്ഥയാണ് നിലവിലുള്ളത്. അത്രയ്ക്ക് പരാജയമായി മുന്നണി മാറിയിരിക്കുന്നു. അതില്‍ നിന്ന് കരകയറ്റി ഇ.പിയെ കളത്തിലിറക്കാന്‍ പഠിച്ച പണികളെല്ലാം പയറ്റിയിട്ടും തോല്‍വികളേറ്റുവാങ്ങാന്‍ ഗോവിന്ദന്‍മാസ്റ്ററുടെ ജന്മം വീണ്ടും ബാക്കിയായി.