വല്ലാത്തൊരു ലോകകപ്പ്... ഏകദിന ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന് സമ്പൂര്‍ണ തോല്‍വി; ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് ജയം; പാകിസ്ഥാന്റെ തോല്‍വി ഭാരം സഹിക്കാനായില്ല, ബാബര്‍ അസം കരഞ്ഞെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍

ലോകകപ്പ് ക്രിക്കറ്റ് കൂടുതല്‍ ആവേശമാകുകയാണ്. നന്നായി കളിച്ചില്ലെങ്കില്‍ ചാമ്പ്യന്‍മാരായാലും വീഴുമെന്ന് ഉറപ്പ്. ഏകദിന ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് ജയം. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ നാലാം തോല്‍വിയാണിത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 25.4 ഓവറില്‍ മറികടന്നു. ഓപ്പണര്‍ പാത്തും നിസ്സങ്കയും (77*) സദീര സമരവിക്രമയും (65*) ലങ്കയ്ക്കായി അര്‍ധ സെഞ്ചറി നേടി.
മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്ത ലാഹിരു കുമാരയാണ് കളിയിലെ താരം. ജയത്തോടെ ശ്രീലങ്ക പോയിന്റ് ടേബിളില്‍ അഞ്ചാമതേക്ക് ഉയര്‍ന്നപ്പോള്‍, ഇംഗ്ലണ്ട് ഒന്‍പതാമതായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം ഓവറില്‍ ഓപ്പണര്‍ കുശാല്‍ പെരേരയുടെ (5 പന്തില്‍ 4) വിക്കറ്റ് നഷ്ടമായി. പിന്നാലെ 11 റണ്‍സുമായി കുശാല്‍ മെന്‍ഡിസും പുറത്തായി. രണ്ടു വിക്കറ്റും ഡേവിഡ് വില്ലിയാണ് സ്വന്തമാക്കിയത്.
മൂന്നാം വിക്കറ്റില്‍ പാത്തും നിസ്സങ്കയുടെയും സമരവിക്രമയുടെയും 137 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടില്‍ ശ്രീലങ്ക വിജയതീരമണഞ്ഞു. നിസ്സങ്ക 83 പന്തില്‍ 2 സിക്‌സും 7 ഫോറുമുള്‍പ്പെടെ 77 റണ്‍സ് നേടി. 54 പന്തില്‍ 1 സിക്‌സും 7 ഫോറുമുള്‍പ്പെടെ 65 റണ്‍സാണ് സമരവിക്രമയുടെ സംഭാവന.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 റണ്‍സാണ് ആകെ നേടിയത്. 73 പന്തുകളില്‍നിന്ന് 43 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. ജോണി ബെയര്‍സ്റ്റോ 30 റണ്‍സും ഡേവിഡ് മാലന്‍ 28 റണ്‍സും നേടി പുറത്തായി. ബെന്‍ സ്റ്റോക്‌സ് പ്രതിരോധിച്ചു നിന്നപ്പോള്‍ ജോ റൂട്ട് (മൂന്ന്), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (എട്ട്), ലിയാം ലിവിങ്സ്റ്റന്‍ (ഒന്ന്) എന്നിവരുടെ വേഗത്തിലുള്ള മടക്കം ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് നയിച്ചു.
അതേസമയം തോല്‍വി പാകിസ്ഥാനെ നന്നായി ബാധിച്ചു. അഫ്ഗാനിസ്ഥാനോടു തോറ്റതിനു ശേഷം ഡ്രസിങ് റൂമില്‍വച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം കരഞ്ഞെന്ന് മുന്‍ പാക്ക് താരം മുഹമ്മദ് യൂസഫ്. ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റതില്‍ ബാബര്‍ അസം നിരാശനാണെന്നും അദ്ദേഹം കരഞ്ഞതായാണ് അറിഞ്ഞതെന്നും മുഹമ്മദ് യൂസഫ് ഒരു പാക്ക് ചാനലിനോടു പറഞ്ഞു.
''ഈ തോല്‍വിക്കു ബാബര്‍ മാത്രമല്ല ഉത്തരവാദി, ടീമിനാകെയും മാനേജ്‌മെന്റിനും ഉത്തരവാദിത്തമുണ്ട്. ബുദ്ധിമുട്ടേറിയ ഈ സമയത്താണ് അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത്. പാക്കിസ്ഥാന്‍ അദ്ദേഹത്തോടൊപ്പമുണ്ടാകണം.'' മുഹമ്മദ് യൂസഫ് വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ടീം അഫ്ഗാനിസ്ഥാനോടും തോറ്റതോടെ ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ആദ്യമായാണ് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനോടു തോല്‍ക്കുന്നത്. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, റഹ്‌മാനുല്ല ഗുര്‍ബാസ് എന്നിവരുടെ അര്‍ധ സെഞ്ചറിക്കരുത്തിലാണ് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയ ലക്ഷ്യത്തില്‍ അഫ്ഗാനിസ്ഥാന്‍ എത്തിയത്.
കളിയില്‍ ശ്രദ്ധയില്ലാത്തതു കൊണ്ടാണ് ടീമില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പറഞ്ഞു. ''ക്രിക്കറ്റില്‍ നിങ്ങളുടെ ശ്രദ്ധ കുറയുമ്പോള്‍ ഇത്തരം കാര്യങ്ങളുണ്ടാകും. അദ്ഭുതങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ല. എങ്ങനെ പോരാടാമെന്ന് അറിയുന്ന ധീരര്‍ ഉണ്ടാകുമ്പോഴാണ് അദ്ഭുതങ്ങള്‍ നടക്കുന്നത്. പാക്കിസ്ഥാന്‍ അദ്ഭുതങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നു തോന്നുന്നു.''
അതേസമയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പിലെ ഇനിയുള്ള ഒരു മത്സരവും ജയിക്കരുതെന്ന് മുന്‍ താരം കമ്രാന്‍ അക്മല്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നല്ലതിനു വേണ്ടിയാണ് ഇതു പറയുന്നതെന്നും ഒരു പാക്ക് മാധ്യമത്തിലെ ചര്‍ച്ചയില്‍ കമ്രാന്‍ അക്മല്‍ വാദിച്ചു. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോടും പാക്കിസ്ഥാന്‍ തോറ്റതോടെയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിലപാടു വ്യക്തമാക്കിയത്.
"
https://www.facebook.com/Malayalivartha






















