മണക്കാട് 87.5 പവന്‍ കവര്‍ന്ന കേസില്‍ ഒന്നാം പ്രതി സ്ഥിരം മോഷ്ടാവ് ഷഫീക്കിന് ജാമ്യമില്ല, ജൂലൈ 5 ന് ബാലസുബ്രഹ്മണ്യ അയ്യരുടെ മകന്‍ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങിനായി ലോക്കറില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് മോഷണം പോയത്

മണക്കാട് ആളില്ലാത്ത വീട്ടില്‍ നിന്ന് 87.5 പവന്‍ കവര്‍ന്ന കേസില്‍ ഒന്നാം പ്രതി വള്ളക്കടവില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശി ഷഫീക്ക് (30) എന്ന സ്ഥിരം മോഷ്ടാവിന് ജാമ്യമില്ല.
2023 ജൂലൈ 10 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുന്ന വിചാരണ ഘട്ടത്തിലാണ് കേസ് എത്തി നില്‍ക്കുന്നത്. കേസ് റെക്കോഡുകള്‍ പരിശോധിച്ചതില്‍ പ്രതിയുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ കാണുന്നുണ്ട്.
ഗൗരവമേറിയതും ഗുരുതരവുമായ കുറ്റ കൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസിലെ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനോ സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ഷഫീഖ് , കാട്ടാക്കട കോട്ടൂര്‍ സ്വദേശിനിയും ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയും ഷഫീഖിനെ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍ക്കാന്‍ സഹായിക്കുകയും കളവു മുതല്‍ നേരുകേടായി സ്വീകരിക്കുകയും കളവു മുതല്‍ പതിവായി കൈകാര്യം ചെയ്യുകയും കളവു മുതല്‍ ഒളിച്ചു വയ്ക്കുന്നതിനും ജ്വല്ലറികളില്‍ വില്‍ക്കുന്നതിനും സഹായിച്ചയാളുമായ ബീമാ കണ്ണ് (47) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം ആര്‍. ബാലസുബ്രഹ്മണ്യ അയ്യരുടെ വീട്ടില്‍ 2023 ജൂലൈ 7 നാണ് മോഷണം നടന്നത്. സുബ്രഹ്മണ്യ അയ്യരുടെ അലമാരയിലെ 58.5 പവനും മകന്റെ മുറിയിലെ അലമാരയില്‍ നിന്ന് 29 പവനുമാണ് കവര്‍ന്നത്. ബുധനാഴ്ച ബാലസുബ്രഹ്മണ്യ അയ്യരുടെ മകന്‍ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങിനായി ലോക്കറില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് മോഷണം പോയത്. ഫോര്‍ട്ട് പൊലീസിന്റെ പ്രത്യേക സംഘം ജൂലൈ 10 ന് ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്നും ഷെഫീക്കിനെ പിടികൂടിയത്. സ്വര്‍ണത്തിന്റെ ഒരു ഭാഗവും ഷെഫീക്കില്‍ നിന്ന് കണ്ടെടുത്തു.
രഹസ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിയെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു. ശേഷിച്ച സ്വര്‍ണം കണ്ടെത്താനായി രാത്രി തന്നെ പ്രതിയുമായി നെടുമങ്ങാട്ടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് പോയി. മോഷണത്തിന് സൗകര്യമുള്ള വീടുകള്‍ തിരഞ്ഞ് നടക്കവേ അപ്രതീക്ഷിതമായി കൃത്യ വീട് കണ്ട് മോഷ്ടിക്കാന്‍ കയറിയതാണെന്നാണ് ഷെഫീക്ക് പോലീസിന് നല്‍കിയതായി കോടതിയില്‍ പോലീസ് ഹാജരാക്കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. മോഷ്ടിച്ച് വീടിന് പുറത്തിറങ്ങും മുമ്പ് വീട്ടിലിരുന്ന പഴങ്ങളും ഭക്ഷിച്ചതായി കുറ്റസമ്മത മൊഴിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം പൊലീസിന്റെ പട്ടികയിലുള്ള ഷെഫീക്കിന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഫോര്‍ട്ട്, തമ്ബാനൂര്‍, വിഴിഞ്ഞം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഷാഡോ പൊലീസും പ്രതിക്കായി നഗരത്തില്‍ വലവിരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി ലോഡ്ജില്‍ താമസിക്കുന്നെന്ന വിവരം ലഭിച്ചത്.
മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ഷെഫീഖ് സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ല. മൊബൈല്‍ ഫോണും ഉപയോഗിക്കാറില്ല. രാത്രികാലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പ്രതി വീടുകള്‍ നോക്കിവച്ചശേഷം മറ്റൊരു ദിവസം മോഷ്ടിക്കുന്നതാണ് രീതി. മോഷണത്തിന് ശേഷം ലോഡ്ജുകളില്‍ മുറിയെടുത്ത് താമസിക്കും.
"
https://www.facebook.com/Malayalivartha






















