ശമ്പളവും പെൻഷനും ഗോവിന്ദ ട്രഷറി പൂട്ടി ധനമന്ത്രി സ്ഥലം വിടും...ട്രഷറി പൂട്ടുന്നു.... സർക്കാർ ജീവനക്കാരുടെ നവംബറിലെ ശമ്പളം മുടങ്ങാനും സാധ്യതയേറി...സംസ്ഥാനം ഗുരുതരസാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മന്ത്രിക്ക് ഫയൽ കൈമാറിയെന്നാണ് വിവരം....

സംഭരണവിലയിൽ കേന്ദ്രം തങ്ങളുടെ വിഹിതം 1.43 രൂപ കൂട്ടിയപ്പോൾ സംസ്ഥാനം അത്രയും തുക സ്വന്തം വിഹിതത്തിൽ കുറച്ച് 6.37 രൂപയാക്കി. എന്നാൽ ഇത് അനുവദിക്കാനുള്ള തുകപോലും സംസ്ഥാന സർക്കാരിന്റെ പക്കലില്ല. ഈ സാഹചര്യത്തിൽ സപ്ലൈകോ മില്ലുകൾ മുഖേന നെല്ലെടുത്ത് പണം ബാങ്ക് വായ്പയായി നൽകുന്ന പഴയ രീതി വീണ്ടും പരിഗണനയിലാണ്. പക്ഷേ, നിലവിലെ കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന ബാങ്കുകൾ ഇതിനായി പണം നൽകുമോയെന്നു വ്യക്തമല്ല. ആവശ്യത്തിനും അനാവശ്യത്തിനും പണം അനുവദിക്കുന്ന ധനവകുപ്പ് കർഷകരെ പൂർണമായി അവഗണിക്കുകയാണെന്നു മന്ത്രിതല ഉപസമിതിയോഗത്തിൽ സിപിഐ മന്ത്രിമാരായ പി.പ്രസാദും ജി.ആർ.അനിലും കുറ്റപ്പെടുത്തി. ധനമന്ത്രി കെ.എൻ.ബാലഗോപാലാകട്ടെ, വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി. ബാങ്ക് കൺസോർഷ്യത്തിൽനിന്നു സപ്ലൈകോ വാങ്ങിയ 2500 കോടി രൂപ തിരികെനൽകാതെ സഹകരണ സംഘങ്ങൾ വഴിപോലും നെല്ലെടുക്കാൻ കഴിയില്ലെന്നു മന്ത്രി അനിൽ ചൂണ്ടിക്കാട്ടിയപ്പോൾ ഖജനാവിൽ പണമില്ലെന്നായിരുന്നു ബാലഗോപാലിന്റെ മറുപടി.
2011- 2022 കാലയളവിലെ നെല്ലു സംഭരിച്ച വകയിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള 1055 കോടി രൂപയെങ്കിലും തൽക്കാലം അനുവദിക്കണമെന്നു മന്ത്രി അനിൽ ആവശ്യപ്പെട്ടപ്പോഴും പണമില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇതോടെ, കൃഷി മന്ത്രി പി.പ്രസാദും ജി.ആർ.അനിലിനൊപ്പം ചേർന്നു. കേരള ബാങ്കിനു കുടിശികയുള്ള 534.72 കോടിയുടെ കാര്യം മന്ത്രി വി.എൻ.വാസവനാണു ചൂണ്ടിക്കാട്ടിയത്. അപ്പോഴും ധനമന്ത്രിയുടെ മറുപടി പഴയതുതന്നെ. മന്ത്രി കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ.വി വേണു, ധന, കൃഷി, സിവിൽ സപ്ലൈസ്, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നു. കൃഷിമന്ത്രി പ്രസാദും ഭക്ഷ്യമന്ത്രി അനിലും ക്ഷുഭിതരായെങ്കിലും ഒരു ഫലവും ഉണ്ടായില്ല.താൻ പണം അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് അനുവദിക്കും എന്നതാണ് അവസ്ഥയെന്ന് ബാലഗോപാലിന് അറിയാം. ഇക്കാര്യത്തിൽ ബാലഗോപാൽ നിസഹായനാണ്. മുഖ്യമന്ത്രി നേരിട്ട് ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കും. ധനവകുപ്പ് പണം അനുവദിക്കാൻ ശുപാർശ നൽകും. പൊതുഭരണവകുപ്പാണ് ഐ എ എസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. ഐ എ. എസുകാർ മുഖ്യമന്ത്രിയെന്ന് കേട്ടാൽ പേടിക്കും.
അതോടെ ധനമന്ത്രി മോശക്കാരനാവുകയും ചെയ്യും.കേന്ദ്രത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിൻ്റെ ഭാഗമായി മന്ത്രി ബാലഗോപാൽ ബന്ധപ്പെട്ടവരുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങേണ്ടതില്ല എന്നതാണ് ധനമന്ത്രിയുടെ നിലപാട്. കഴിഞ്ഞ കുറെ നാളുകളായി താൻ ഇത്തരത്തിൽ സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ് ബാലഗോപാലിൻ്റെ നിലപാട്. തോമസ് ഐസക് പോലും ഇത്രയും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുകയില്ല. ധനവകുപ്പിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി തുടങ്ങിയെങ്കിലും അത് പകുതി വഴിയിൽ നിലച്ചു. . ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കൊമ്പു മുറിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. സർക്കാരിൻ്റെ ധനവിനിയോഗം വരുന്ന ഫയലുകൾ ധനവകുപ്പിന് അയക്കുന്നത് നിർത്താനായിരുന്നു ആലോചന. അതാത് വകുപ്പുകളിലുള്ള ധനവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കട്ടെ എന്നാണ് സർക്കാർ പറയുന്നത്.
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ശമ്പളവും പെൻഷനും മുടക്കിയാലും ക്ഷേമ പെൻഷൻ മുടക്കാതിരിക്കാൻ കേരളം ശ്രമിക്കുന്നുണ്ട്. എന്നാൽ അതും മുടങ്ങി.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്ന് ധനവകുപ്പിന് വൻ സമ്മർദ്ദമുണ്ട്. ആരും ചെലവ് കുറയ്ക്കാൻ തയ്യാറാവുന്നില്ല. സർക്കാർ ധൂർത്തടിക്കുകയാണെന്ന ചിന്തയാണ് കേന്ദ്രത്തിനുള്ളത്. ഇതിൽ സംസ്ഥാന സർക്കാരിന് അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ തരമില്ല. കേരളത്തിലെ ഭരണാധികാരികൾക്ക് സാമൂഹിക ഉത്തരവാദിത്വമില്ലെന്ന്കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു. ഇതിൻ്റെ പ്രതിഫലനമാണ് കേരളത്തോടുള്ള സമീപനത്തിൽ കേന്ദ്രം കാണിക്കുന്നത്.
കേരള ധനമന്ത്രി പറഞ്ഞ കണക്കനുസരിച്ച് 50000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ കാട്ടുന്ന തന്ത്രമാണ് പദ്ധതി വെട്ടിക്കുറയ്ക്കൽ. അതിനുള്ള കത്തി ധനവകുപ്പ് ഇപ്പോഴേ മൂർച്ചകൂട്ടി വച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് അതു പ്രയോഗിക്കും. ഇതിനു പുറമേ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറുകണക്കിനു ഫയലുകളാണ് ധനവകുപ്പിൽ കെട്ടിക്കിടക്കുന്നത്. സമയത്തിനു സർക്കാർ ഗ്രാന്റ് ലഭിക്കാതെ ശമ്പളം മുടങ്ങിയ കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഉണ്ട്.ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. ഇക്കാര്യം കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ പാർലെമെൻ്റിൽ പറഞ്ഞത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. കഴിഞ്ഞ ഏപ്രിൽ മുതലുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. അതേസമയം, ലാൻഡ് റവന്യു, ഭൂമി റജിസ്ട്രേഷൻ എന്നിവയിൽ മെച്ചപ്പെട്ട പ്രകടനമാണ്.
ശമ്പളവും പെൻഷനും മുടങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് വാസ്തവം. ഉമ്മൻ ചാണ്ടി സർക്കാർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രി തോമസ് ഐസക് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചു. വരുമാനം കൂട്ടാതെയും അനിയന്ത്രിതമായി കടമെടുത്തുമുള്ള സർക്കാരിന്റെ പിടിവിട്ട പോക്ക് തുടർന്നാൽ 2020– 21ൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നു ധവളപത്രത്തിൽ ഐസക് മുന്നറിയിപ്പു നൽകി. കടമെടുത്തും വരുമാനം വർധിപ്പിക്കാതെയും സർക്കാർ മുന്നോട്ടുപോയി. എന്നിട്ടും 2020–21ൽ ശമ്പളവും പെൻഷനും മുടങ്ങിയില്ല.
ഐസക്കിന്റെ പ്രവചനം കൃത്യമായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അത്ര ഗുരുതരാവസ്ഥയിലേയ്ക്കു പോകാത്തതിനു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ വരവാണ്. കോവിഡ് വ്യാപനത്തോടെ വരുമാനം മാത്രമല്ല, ചെലവും കുറഞ്ഞു. പദ്ധതി വിഹിതം 30 ശതമാനത്തിലേറെ വെട്ടിക്കുറച്ചു. കോവിഡിന്റെ ബഹളത്തിനിടെ ചെലവു കുറയ്ക്കുന്നതിന് ഒട്ടേറെ കടുംവെട്ട് നടപടികൾ സർക്കാരിനു സ്വീകരിക്കാനായി. വരുമാനം കൂട്ടാൻ മദ്യനികുതി വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുമായി. ഇതൊക്കെയാണ് അവസ്ഥയെങ്കിലും സർക്കാർ ചെലവിൽ ഒരു കുറവും വരുത്തില്ല. ധനമന്ത്രി കെ.എൻ.ബാലഗോപാൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. തോമസ് ഐസക്കുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ ബാലഗോപാലിന് താൽപ്പര്യമില്ല. ഐസക്കിൻ്റെ കാലത്ത് ഇത്രയും സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.ഇതിൽ ബാലഗോപാലിന് ഈർഷ്യയുണ്ട്. താൻ ഈ മോശം ധനമന്ത്രിയാണെന്ന് നാട്ടുകാർ പറയുന്നതിൽ ബാലഗോപാലിന് വലിയ പ്രതിഷേധമുണ്ട്.
പിണറായി കാരണമാണ് തൻ്റെ ഇമേജ് മോശമാകുന്നതെന്നാണ് ബാലഗോപാൽ കരുതുന്നത്. കേന്ദ്ര സർക്കാരിനെ തലോടി കൊണ്ട് ഇനി മുന്നോട്ടു പോകുന്നതിൽ ഒരു അർത്ഥവുമില്ലെന്നാണ് ബാലഗോപാൽ കരുതുന്നത്. കേന്ദ്ര സർക്കാരുമായി തുറന്ന പോര് നടത്താത്തതു കൊണ്ടാണ് സംസ്ഥാനം ഇങ്ങനെയായതെന്ന് ബാലഗോപാൽ കരുതുന്നു.സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രത്തിൻ്റെ തലയിൽ ചാരാനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. ഇതിനോട് പിണറായിക്ക് താൽപ്പര്യമില്ല. പകരം ക്ഷമയോടെ കേന്ദ്രത്തെ സമീപിക്കാനാണ് പിണറായി പറയുന്നത്. ഇതിനോട് പാർട്ടിക്കും ധനമന്ത്രിക്കും യോജിപ്പില്ല. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറികൾക്ക് കാരണം.
https://www.facebook.com/Malayalivartha





















