ഹമാസ് ഭീകരർ ഭൂമിക്കടിയിൽ സൃഷ്ടിച്ചത് ഹമാസ് ആസ്ഥാനവും, ബങ്കറുകളും, സംഭരണശാലയും, ആശുപത്രികളും:- രഹസ്യ തുരങ്കങ്ങൾ ചിലന്തിവല പോലെ; 365 കിലോമീറ്റർ വിസ്തൃതിയുള്ള മുനമ്പിൽ എമ്പാടും തുരങ്കങ്ങൾ:- ഇസ്രയേലിന്‍റെ അതിശക്തമായ സൈനിക നീക്കത്തെ ചെറുക്കാൻ തുരങ്കങ്ങൾക്കാകുമെന്ന വിലയിരുത്തലിൽ ഹമാസ്...

ഗാസ മുനമ്പിലെ ആക്രമണത്തിന്റെ ഭാഗമായി യുഎസ് ഡെൽറ്റ ഫോഴ്‌സ് കമാൻഡോകളുടെ നിരീക്ഷണത്തിൽ നെർവ് ഗ്യാസ് ഉപയോഗിച്ചും, കടൽ വെള്ളം പമ്പ് ചെയ്ത് വെള്ളപ്പൊക്കം സൃഷ്ടിച്ചും, യു എസ് നിർമ്മിത ജി.ബി.യു-28 ബോംബുകൾ ഉപയോഗിച്ചും ഹമാസിന്റെ രഹസ്യ തുരങ്കങ്ങൾ തകർക്കാൻ പദ്ധതി ഇട്ടിരിക്കുകയാണ് ഇസ്രായേൽ. ഇതിനിടെ ഹമാസ് വിട്ടയച്ച ബന്ദികൾ തുരങ്കത്തെക്കുറിച്ച് പുറത്ത് വിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. 2006മുതൽ ഗാസ മുനമ്പ് അടക്കി വാഴുന്ന ഹമാസ് ഭീകരർ ഭൂമിക്കടിയിൽ ഒരു സമാന്തര നഗരം തന്നെ തീർത്തിട്ടുണ്ടെന്നാണ് ഇതിലൂടെ മനസിലാകുന്നത്.
80 മീറ്റർ ആഴത്തിലാണ് കിലോമീറ്റർ നീളമുള്ള തുരങ്കശൃംഖലയും രഹസ്യ സംവിധാനങ്ങളുംസജ്ജമാക്കിയിരിക്കുന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിദഗ്‌ധർ വിലയിരുത്തുന്നത്. ഇതിനെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഹമാസ് വിട്ടയച്ച ബന്ദികളിലൊരാൾ പറയുന്നതും. ചിലന്തിവല പോലെയാണു ഗാസയിലെ തുരങ്കങ്ങൾ. 365 കിലോമീറ്റർ വിസ്തൃതിയുള്ള മുനമ്പിൽ എമ്പാടും തുരങ്കങ്ങളാണ്. ഇവയിൽ എല്ലാ സൗകര്യങ്ങളുമുണ്ടത്രെ.
കഴിഞ്ഞ ഏഴ് മുതൽ ഇത്രയും ദിവസം കനത്ത ബോംബാക്രമണം നടത്തിയിട്ടും ഹമാസിന് കാര്യമായ നഷ്‌ടമൊന്നും സംഭവിക്കാത്തതിനു കാരണം ഭൂമിക്കടിയിൽ അവർ സമാന്തര സംവിധാനങ്ങൾ സുസജ്ജമാക്കിയിട്ടുണ്ടെന്നതു തന്നെയാണെന്ന് ഗാസയുടെ ചുമതലയുണ്ടായിരുന്ന മുൻ ഇസ്രേലി ബ്രിഗേഡിയർ ജനറൽ ആമിർ അവിവി പറയുന്നു. ഗാസയ്ക്കടിയിൽ 40 മുതൽ 50 വരെ മീറ്റർ ആഴത്തിൽ ഒരു നഗരം തന്നെ ഉണ്ടാകാമെന്നും അവിടെ ഹമാസ് ആസ്ഥാനവും ബങ്കറുകളും സംഭരണശാലകളും ആശുപത്രികളുമെല്ലാം പ്രവർത്തിക്കുന്നുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
എത്ര കിലോമീറ്റർ നീളത്തിൽ തുരങ്കമുണ്ടാകുമെന്ന് പറയാനാകില്ലെന്നും എന്നാൽ, സ്കൂളുകളുടെയും ഭവന സമുച്ചയങ്ങളുടെയും അടിയിൽ തുരങ്കങ്ങളുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നുമാണ് മുതിർന്ന ഇസ്രേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്. ഈ തുരങ്കശൃംഖലകൾ മുന്നോട്ടുള്ള സൈനികനീക്കത്തിന് വലിയ ഭീഷണി സൃഷ്‌ടിക്കുമെന്ന വിലയിരുത്തലിലാണ് കരയാക്രമണത്തിൽ നിന്ന് ഇസ്രയേലിനെ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ വിലക്കാൻ കാരണം.
തുരങ്കങ്ങളിൽ നിരവധി ചതിക്കുഴികൾ ഉണ്ടാകാമെന്നും സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഗാസയിലെമ്പാടുമായി തങ്ങൾക്ക് 500 കിലോമീറ്ററോളം നീളത്തിൽ തുരങ്കങ്ങളുണ്ടെന്ന് 2021ൽ ഹമാസ് നേതാവ് യഹിയ അൽ സിൻവാർ പറഞ്ഞിരുന്നു. എന്നാൽ, ഗാസയുടെ ആകെ വിസ്തൃതി 365 കിലോമീറ്ററാണെന്നിരിക്കെ സിൻവാറിന്‍റെ അവകാശവാദം ഇസ്രേലിസേന മുഖവിലയ്ക്കെടുത്തിട്ടില്ല.
എങ്കിലും നൂറു കിലോമീറ്ററിലേറെ തുരങ്കമുണ്ടായിരിക്കാമെന്നാണ് ഇസ്രേലി സേനയുടെ വിലയിരുത്തൽ. ഇസ്രയേലിന്‍റെ അതിശക്തമായ സൈനിക നീക്കത്തെ ചെറുക്കാൻ തുരങ്കങ്ങൾക്കാകുമെന്ന വിലയിരുത്തലിലാണ് ഹമാസ്. ഹമാസ് ഗാസയിൽ 1990കളിൽ തുരങ്ക നിർമാണം ആരംഭിച്ചതായാണ് അനുമാനം. 2005ൽ ഗാസയിൽനിന്ന് ഇസ്രയേൽ പൂർണമായും പിന്മാറുകയും 2006ലെ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുകയും ചെയ്തതോടെ തുരങ്കനിർമാണം വേഗത്തിലായി. ഗാസയിലെ ജനങ്ങൾക്കായി ലഭിക്കുന്ന വിദേശസഹായങ്ങളിൽ നല്ലൊരുപങ്കും തുരങ്കനിർമാണത്തിനായി അവർ വിനിയോഗിച്ചു.
തുരങ്കങ്ങൾ ഒന്നൊന്നായി തകർക്കാനുള്ള ശ്രമത്തിലാണ് ഇസ്രേലി സേനയിപ്പോൾ. ഇതിനായി റോബോട്ടുകളെയും മൈക്രോ ഡ്രോണുകളെയും ഉപയോഗിക്കും. ഇതുവരെ നടത്തിയ ബോംബാക്രമണങ്ങൾ തുരങ്കങ്ങൾക്കു സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും ഇസ്രയേലി സേന അവകാശപ്പെടുന്നു. തുരങ്കങ്ങൾ തകർക്കാനായി പുതുതായി വികസിപ്പിച്ചെടുത്ത സ്പോഞ്ച് ബോംബുകൾ പ്രയോഗിക്കാനും ഇസ്രയേൽ പദ്ധതിയിട്ടിട്ടുണ്ട്.
എന്നാൽ, ബന്ദികളെ മുഴുവൻ ഹമാസ് പാർപ്പിച്ചിരിക്കുന്നത് തുരങ്കങ്ങളിലാണെന്നത് കടുത്ത ആക്രമണം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതും. ഏറ്റവും ഒടുവിൽ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് നെർവ് ഗ്യാസ്, ഉപയോഗിച്ച് ഇസ്രായേൽ ഹമാസ് തുരങ്കങ്ങൾ നിറയ്ക്കാനാണ് പദ്ധതി. പലസ്തീൻ ഗ്രൂപ്പുകളുമായി പരിചയമുള്ള മുതിർന്ന അറബ് സോഴ്‌സാണ് വിവരം പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha





















