സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ പ്രവണതയെന്ന് എം.എം ഹസന്‍

സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ പ്രവണതയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധത്തില്‍ പങ്കുചേരുകയാണെന്ന് എം.എം ഹസന്‍ പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ സുരേഷ് ഗോപി അസഹിഷ്ണുത കാണിക്കുകയാണ്. ബി.ജെ.പി നേതൃത്വം വിഷയത്തെ രാഷ്ട്രീയ ഗൂഢാലോചന എന്ന് ആരോപിക്കുന്നത് ശരിയായ നടപടിയല്ല.
സംഭവത്തില്‍ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിട്ടുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകരോട് രാഷ്ട്രീയ നേതാക്കളോ സെലിബ്രിറ്റികളോ അപമര്യാദയായി പെരുമാറുന്നത് തെറ്റാണ്. ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിന് പകരം അതിനോട് ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും എം.എം ഹസന്‍ പറഞ്ഞു.
അതെസമയം സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രവര്‍ത്തി നീതികരിക്കാനാകാത്തത്. ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവര്‍ത്തകയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി ഉമാ തോമസും രംഗത്തെത്തി. ഒരു നിമിഷം വൈകാതെ സ്വയമേധാ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറാകണമെന്നാണ് എനിയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ഉമ തോമസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
തടഞ്ഞിട്ടും വീണ്ടും കൈ ഉയര്‍ത്താന്‍ ധൈര്യം വന്നത് എങ്ങനെയാണ്. മാപ്പ് പറഞ്ഞാല്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ മാനസിക വിഷമം മാറും എന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടതെന്നും ഉമാ തോമസ് വിമര്‍ശിച്ചു.
തങ്ങള്‍ക്ക് വേണ്ടപ്പെട്ട വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുകയും, കേസെടുക്കുകയും ചെയ്യുന്ന 'സെലക്ക്റ്റീവ് അംനീഷ്യ' ബാധിച്ച കേരള വനിതാ കമ്മീഷന്‍ സംഭവം അറിഞ്ഞ മട്ടില്ലെന്നും ഉമാ തോമസ് അഭിപ്രായപ്പട്ടു.
https://www.facebook.com/Malayalivartha





















