സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ മുടി പരസ്യമായി മുറിച്ചു മാറ്റി....

മുടി മുറിക്കാതെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ മുടി പരസ്യമായി മുറിച്ചു മാറ്റി. വിദ്യാര്‍ത്ഥി നല്‍കിയ പരാതി പ്രകാരം സ്‌കൂള്‍ പ്രധാന അദ്ധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ പൊലീസ് പരിധിയില്‍ നര്‍ക്കിലക്കാട് കോട്ടമല മാര്‍ ഗ്രിഗോറിയസ് മെമ്മോറിയല്‍ യു. പി സ്‌കൂളിലാണ് സംഭവം ഉണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ 11കാരനെ പ്രധാനാദ്ധ്യാപിക സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി മറ്റു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നോക്കിനില്‍ക്കെയാണ് മുടി മുറിച്ചു മാറ്റിയത്. കഴിഞ്ഞ 19നാണ് സംഭവം.
ഇതിന് ശേഷം നാണക്കേട് മൂലം ഈ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോയിരുന്നില്ല. ഇന്ന് കോളനിയില്‍ സന്ദര്‍ശനത്തിന് എത്തിയ എസ്.സി, എസ്.ടി മഹിളാസംഖ്യ ജീവനക്കാര്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ കഴിയുന്ന കുട്ടിയെ കണ്ടു ചോദിച്ചപ്പോഴാണ് സംഭവം വിവരിച്ചത്. മഹിളാ സംഖ്യ ജീവനക്കാര്‍ അപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിയെയും കൂട്ടി ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. വിദ്യാര്‍ത്ഥി നല്‍കിയ പരാതി പ്രകാരം സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ഷേര്‍ളിയുടെ പേരില്‍ എസ്.സി, എസ്.ടി നിയമ പ്രകാരവും ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ചിറ്റാരിക്കല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കേസ് പിന്നീട് കാസര്‍കോട് എസ്. എം.എസിന് കൈമാറി.
കാസര്‍കോട് ഡിവൈ. എസ്.പി സതീഷ് കുമാര്‍ ആലക്കാലിന്റെ നേതൃത്വത്തില്‍ ഇന്ന് സ്‌കൂളില്‍ എത്തി അന്വേഷണം നടത്തി. സംഭവം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചെങ്കിലും വിദ്യാര്‍ത്ഥിയുടെ മുറിച്ചുമാറ്റിയ മുടി സ്‌കൂള്‍ വളപ്പിലെ മാലിന്യ കുഴിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തി.
https://www.facebook.com/Malayalivartha





















