സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ... ഈ മാസം 31 ഓടെ അധിക കോച്ചുകള്‍ എല്ലാ ട്രെയിനിലും ലഭ്യമാകും

സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ... ഈ മാസം 31 ഓടെ അധിക കോച്ചുകള്‍ എല്ലാ ട്രെയിനിലും ലഭ്യമാകും.
തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേര്‍ത്തിരിക്കുന്നത്.
ഓരോ ട്രെയിനുകളിലും ഓരോ കോച്ച് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ നിലവിലെ യാത്രാ ദുരിതത്തിന് ഇത് വലിയ തോതില്‍ പരിഹാരമാകില്ലെന്നാണ് കരുതുന്നത്.
അതേസമയം വന്ദേഭാരത് തുടങ്ങിയതാണ് കേരളത്തില്‍ ട്രെയിന്‍ യാത്രാദുരിതം ഉണ്ടാകാനിടയാക്കിയതെന്ന ആരോപണം റെയില്‍വേ നിഷേധിച്ചു. തുടര്‍ച്ചയായ മഴയും കൊച്ചുവേളിയിലെ വെള്ളക്കെട്ട്, തിരുവനന്തപുരം - കൊല്ലം,തിരുവനന്തപുരം - നാഗര്‍കോവില്‍ സെക്ഷനുകളിലെ മണ്ണിടിച്ചില്‍ എന്നിവ മൂലമാണ് ചില ട്രെയിനുകള്‍ വൈകിയത്.
മാത്രവുമല്ല യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചത് ദേശീയപാതയിലെ നിര്‍മ്മാണജോലികള്‍ മൂലമാണ്. സിഗ്‌നല്‍ നവീകരണവും പാളം നന്നാക്കലും പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിച്ചേക്കും.
വന്ദേഭാരതിനു പിന്നാലെ രാജ്യത്തെ ആദ്യത്തെ വന്ദേസാധാരണ്‍ ട്രെയിനും കേരളത്തിലെത്തുന്നു. എറണാകുളത്തുനിന്ന് ഗുവാഹത്തിയിലേക്കാവും സര്‍വ്വീസ്. നിര്‍മ്മാണം പൂര്‍ത്തിയായ വന്ദേസാധാരണ്‍ ട്രെയിന്‍ റേക്ക് ഉടന്‍ കൊച്ചിയിലെത്തും. എന്നുമുതല്‍ സര്‍വ്വീസ് തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല. 22 മുതല്‍ 24 വരെ കോച്ചുകളിലായി 1,834 പേര്‍ക്ക് ഒരുസമയം യാത്രചെയ്യാം. മണിക്കൂറില്‍ 90 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ കഴിയും.
അഞ്ച് വന്ദേസാധാരണ്‍ റേക്കുകളാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. സാധാരണക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ ദീര്‍ഘദൂര യാത്ര സാദ്ധ്യമാക്കുകയാണ് വന്ദേസാധാരണിന്റെ ലക്ഷ്യം. എ.സി കോച്ചുകളില്ല. ഭക്ഷണചാര്‍ജ്ജുമില്ല. കൂടിയ വേഗത, ആധുനിക സൗകര്യങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജ്ജിംഗ് സൗകര്യം, എല്ലാ കോച്ചുകളിലും സി.സി.ടി.വി, ബയോവക്വം ടോയ്‌ലെറ്റുകള്‍,ഇന്‍ഫര്‍മേഷന്‍ ഡിസ്പ്‌ളേ സംവിധാനം, പുഷ്പുള്‍ സംവിധാനം,രണ്ട് ലോക്കോമോട്ടീവുകളുടെ പിന്തുണ എന്നിവയുമുണ്ടാവും.
"
https://www.facebook.com/Malayalivartha





















