ആവേശം വാനോളം... ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച നെതര്‍ലന്‍ഡ്സിനു മുന്നില്‍ ബംഗ്ലാദേശും വീണു; തുടര്‍ച്ചയായ 5-ാം തോല്‍വിയോടെ ബംഗ്ലാദേശ് പുറത്തേക്ക്; രചിന്‍ രവീന്ദ്രയുടെ സെഞ്ചറി ന്യൂസീലന്‍ഡിനെ രക്ഷിച്ചില്ല; ആവേശ പോരാട്ടത്തില്‍ ഓസീസിന് വിജയം

ലോകകപ്പില്‍ പ്രവചനങ്ങള്‍ മാറി മറിയുകയാണ്. ലോകകപ്പില്‍ പടക്കുതിരയായി വീണ്ടും നെതര്‍ലന്‍ഡ്സ്. ദക്ഷിണാഫ്രിക്കന്‍ കരുത്തിനെ മുട്ടുകുത്തിച്ച നെതര്‍ലന്‍ഡ്സിനു മുന്നില്‍ ബംഗ്ലാദേശും വീണു. 87 റണ്‍സിന്റെ ജയം നേടിയ നെതര്‍ലന്‍ഡ്സ് ഈ ലോകകപ്പിലെ തങ്ങളുടെ രണ്ടാം ജയം കുറിച്ചു.
230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ 42.2 ഓവറില്‍ 142 റണ്‍സിന് നെതര്‍ലന്‍ഡ്സ് എറിഞ്ഞിട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ പോള്‍ വാന്‍ മീകരന്‍ ഡച്ച് ടീമിനായി ബൗളിങ്ങില്‍ തിളങ്ങി. ബാസ് ഡി ലീഡ രണ്ട് വിക്കറ്റെടുത്തു. 230 റണ്‍സെന്ന അത്ര വലുതല്ലാത്ത ലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ ഉയര്‍ത്താന്‍ ബംഗ്ലാദേശിന് സാധിച്ചില്ല. 40 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത മെഹിദി ഹസന്‍ മിറാസാണ് അവരുടെ ടോപ് സ്‌കോറര്‍.
മഹ്‌മദുള്ള (20), പത്താമനായ മുസ്തഫിസുര്‍ റഹ്‌മാന്‍ (20) എന്നിവരാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ലിട്ടണ്‍ ദാസ് (3), നജ്മുള്‍ ഹുസൈന്‍ ഷാന്റോ (9), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (5), മുഷ്ഫിഖുര്‍ റഹീം (1) എന്നിവരെല്ലാം തീര്‍ത്തും പരാജയമായി. തന്‍സിദ് ഹസന്‍ (15), മഹെദി ഹസന്‍ (17), ടസ്‌കിന്‍ അഹമ്മദ് (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്സ് 229 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 89 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്സാണ് ഡച്ച് ടീമിന്റെ ടോപ് സ്‌കോറര്‍. 41 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 41 വെസ്ലി ബരേസി, 61 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത സൈബ്രാന്റ് ഏംഗല്‍ബ്രെക്റ്റ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലോഗന്‍ വാന്‍ബീക് 23 റണ്‍സ് നേടി.
അതേസമയം ഏകദിന ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 5 റണ്‍സിന്റെ ജയം. സെഞ്ചറി നേടിയ രചിന്‍ രവീന്ദ്രയുടേയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജെയിംസ് നീഷത്തിന്റെയും ഇന്നിങ്‌സുകളുടെ ബലത്തില്‍ മികച്ച പോരാട്ടമാണ് കിവീസ് പുറത്തെടുത്തത്. ഓസീസ് ഉയര്‍ത്തിയ 389 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ന്യൂസീലന്‍സ് ഇന്നിങ്‌സ് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയയ്ക്കായി സെഞ്ചറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. മത്സരത്തില്‍ തോറ്റെങ്കിലും ന്യൂസീലന്‍ഡ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയ നാലാമതാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി ഓപ്പണര്‍മാര്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 8ാം ഓവറില്‍ ഡെവോണ്‍ കോണ്‍വേയെ (17 പന്തില്‍ 28) പുറത്താക്കി ജോഷ് ഹെയ്‌സല്‍വുഡ് ആദ്യ പ്രഹരമേല്‍പ്പിച്ചു. സ്‌കോര്‍ 72ല്‍ നില്‍ക്കേ വില്‍ യങും (37 പന്തില്‍ 32) മടങ്ങി. ഇത്തവണയും ഹെയ്‌സല്‍വുഡാണ് വിക്കറ്റ് നേടിയത്. മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
സ്‌കോര്‍ 168ല്‍ നില്‍ക്കേ 51 പന്തില്‍ 54 റണ്‍സുമായി മിച്ചല്‍ മടങ്ങി. പിന്നാലെയിറങ്ങിയ ക്യാപ്റ്റന്‍ ടോം ലാഥവും (22 പന്തില്‍ 21), ഗ്ലെന്‍ ഫിലിപ്‌സും (16 പന്തില്‍ 12) അധികം വൈകാതെ കൂടാരം കയറി. ഇതിനിടെ രചിന്‍ രവീന്ദ്ര ലോകകപ്പിലെ തന്റെ രണ്ടാമത്തെ സെഞ്ചറി കണ്ടെത്തി. 89 പന്തില്‍ 116 റണ്‍സ് നേടിയ രചിന്‍ 41ാമത്തെ ഓവറിലാണ് പുറത്തായത്. 5 സിക്‌സും 9 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.
ഏഴാമനായിറങ്ങിയ ജെയിംസ് നീഷം വാലറ്റത്തെ കൂട്ടുപിടിച്ച് അവസാന ഓവറുകളില്‍ കത്തിക്കയറിയതോടെ ന്യൂസീലന്‍ഡ് ജയിക്കുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍ കളി തീരാന്‍ ഒരു പന്തുശേഷിക്കേ നീഷം റണ്ണൗട്ടായി. 39 പന്തില്‍ മൂന്നുവീതം സിക്‌സും ഫോറും സഹിതം 58 റണ്‍സാണ് നീഷം നേടിയത്.
മിച്ചല്‍ സാന്റ്‌നര്‍ (17), മാറ്റ് ഹെന്റി (9), ട്രെന്റ് ബോള്‍ട്ട് (10*), ലോക്കി ഫെര്‍ഗൂസന്‍ (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോര്‍. ഓസ്‌ട്രേലിയയ്ക്കായി ആദം സാംപ 3 വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റു വീതവും ഗ്ലെന്‍ മാക്‌സ്വെല്‍ ഒരു വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49.2 ഓവറുകളില്‍ 388 റണ്‍സെടുത്തു പുറത്തായി. 175 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് ഒരുക്കിയ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡുമാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ട്രാവിസ് ഹെഡ് സെഞ്ചറി തികച്ചു. വമ്പനടികളുമായി കളം നിറഞ്ഞ ഹെഡ് 67 പന്തുകളില്‍നിന്ന് 109 റണ്‍സാണു നേടിയത്.
https://www.facebook.com/Malayalivartha





















