പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ ശ്രമിച്ച് പിതാവ്...

പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ ശ്രമിച്ച് പിതാവ്. പുല്ലിനടിക്കുന്ന വിഷം വായിലൊഴിച്ചു കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന മകളുടെ മൊഴിയില്‍ കരുമാലൂര്‍ സ്വദേശിയായ പിതാവ് അറസ്റ്റില്‍. പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ പത്താം ക്ലാസുകാരി അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ചവശയാക്കി നിര്‍ബന്ധപൂര്‍വം വിഷം വായിലൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആലങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ 29നാണ് സംഭവം.
മകള്‍ പ്‌ളസ്ടുവിന് പഠിക്കുന്ന അന്യ മതസ്ഥനുമായി പ്രണയത്തിലാണെന്ന വിവരമറിഞ്ഞ പിതാവ് ഒരു മാസം മുമ്പ് ഇരുവരേയും വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം മകളുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഇത് അടുപ്പക്കാരനായ വിദ്യാര്‍ത്ഥി നല്കിയതാണെന്ന ധാരണയില്‍ പിതാവ് ആണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി ഇതേച്ചൊല്ലി വഴക്കായി. കുട്ടിയുടെ മാതാവിനേയും ഇളയ മകനേയും വീടിന് പുറത്താക്കി പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം മകനുമായി പുറത്തേക്കു പോയി. മാതാവ് അകത്തു കയറി നോക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വായില്‍ വിഷം ചെന്നതായി മനസിലാക്കി. ഉടനെ വായ കഴുകിച്ചെങ്കിലും പെണ്‍കുട്ടി തുടരെ ഛര്‍ദിച്ചു. തുടര്‍ന്ന് ആരോഗ്യ നില വഷളായി. ഉടനെ പിതാവിനെ വിളിച്ചു വരുത്തി ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മകള്‍ വിഷക്കുപ്പി കടിച്ചു തുറന്നപ്പോള്‍ വായില്‍പ്പോയതാണെന്നാണ് പിതാവ് ഡോക്ടര്‍മാരോട് പറഞ്ഞത്. ഇതനുസരിച്ചുള്ള വിവരം ആശുപത്രി അധികൃതര്‍ ആലുവ പൊലീസിന് കൈമാറി. എന്നാല്‍ സംഭവം നടന്ന സ്റ്റേഷന്‍ പരിധി ആലങ്ങാട് ആയതിനാല്‍ ആലുവ പൊലീസ് അന്വേഷണച്ചുമതല ആലങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇവര്‍ ഇന്നലെ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പിതാവ് കമ്പി വടിക്ക് അടിച്ച ശേഷം തന്റെ വായിലേക്ക് പുല്ലിനടിക്കുന്ന വിഷം ഒഴിച്ചതായി മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















