മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, എറണാകുളം വിജിലന്‍സ് എസ്പി കെ.എം. ആന്റണിയെയാണ് മാറ്റിയത്

മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. എറണാകുളം വിജിലന്‍സ് എസ്പി കെ.എം. ആന്റണിയെയാണ് മാറ്റിയത്. പകരം അന്വേഷണ ഉദ്യോഗസ്ഥനായി സ്‌പെഷല്‍ സെല്‍ എസ്പി കെ.എം. ടോമിയെ നിയമിച്ചു. ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഈ മാസം 23 ന് കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്.
കേസില്‍ മന്ത്രി കെ.ബാബുവിനും ബിജു രമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ജനുവരി 23 നകം ദ്രുതപരിശോധനയുടെ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ സ്വകാര്യ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
മന്ത്രി ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ടെലിവിഷന്‍ ചാനലുകളില്‍ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് ജോര്‍ജ് വട്ടക്കുളം സ്വകാര്യ ഹര്‍ജി നല്‍കിയത്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പുതിയ അന്വേഷണം വേണ്ടെന്നുമുള്ള സര്‍ക്കാരിന്റെ വാദം തള്ളിയ കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























