കിഡ്നാപ്പിംഗ് സംഘത്തെ ഇനിയും പിടികൂടാനാകാതെ അന്വേഷണ സംഘം; തട്ടിക്കൊണ്ടുപോയത് പ്രദേശത്തുകാർ തന്നെയെന്ന് സൂചന...

നീണ്ട മണിക്കൂറുകളുടെ ആശങ്കയ്ക്ക് ഒടുവിൽ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയെങ്കിലും, തട്ടികൊണ്ടുപോയവരെ ഇനിയും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾ സഞ്ചരിച്ച വാഹനവും കുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരുദിവസം പിന്നിട്ടിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികളെല്ലാം കാണാമറയത്താണ്.
പ്രതികള്‍ ആരാണ്, അവരുടെ ഉദ്ദേശ്യമെന്തായിരുന്നു, പണത്തിനുവേണ്ടിയാണോ കൃത്യം ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. പട്ടാപ്പകല്‍ കുട്ടിയെ തട്ടിയെടുത്ത ക്രിമിനല്‍സംഘം പട്ടാപ്പകല്‍ പോലീസിന്റെ മുന്നിലൂടെ നഗരമധ്യത്തില്‍തന്നെ കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം മൈതാനത്തെ തിരക്കിനിടയില്‍ ഓട്ടോയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയെ ഇതിനകം കണ്ടെത്താനായെങ്കിലും ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളിലേക്ക് എത്താനാകാത്തതില്‍ പ്രതിഷേധമുണ്ട്.
പ്രതികൾ ഉടൻ വലയിലാകും എന്ന് തന്നെയാണ് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ പറഞ്ഞത്. തട്ടിക്കൊണ്ടുപോയത് ഈ പ്രദേശത്തുകാര്‍ തന്നെയാകാനാണ് സാധ്യത. ഇത് അനുമാനം മാത്രമാണെന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് കുട്ടിയും സഹോദരനും ട്യൂഷനുപോകവേ, വെള്ളക്കാറിലെത്തിയ പ്രതികള്‍ കുട്ടികളെ വിളിച്ച് അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞ് ഒരു കടലാസ് കൊടുക്കുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയെ കാറിനകത്തേക്ക് ബലമായി കയറ്റി. ഈ സമയത്ത് അബിഗേലിന്റെ സഹോദരന്‍ കാറിലുണ്ടായിരുന്ന സ്ത്രീയെ കൈയിലിരുന്ന വടികൊണ്ട് അടിച്ചു. സ്ത്രീ ആ വടി വാങ്ങി സഹോദരനെയും അടിച്ചു. പിന്നീട് ആണ്‍കുട്ടിയെ തള്ളിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു.
കാറില്‍വെച്ച് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. പിന്നീട് കുട്ടിയെ ഒരുവീട്ടില്‍ കൊണ്ടുചെന്നാക്കി. ഭക്ഷണം നല്‍കുകയും രാത്രി ലാപ്ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കുകയും ചെയ്തു. സംഘം കുട്ടിയുമായി ആദ്യം വർക്കലയിൽ പോയെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha