ഖജനാവില്‍ പണമില്ലാതായതോടെ രണ്ട് മന്ത്രിമാര്‍ കഴിഞ്ഞമാസം ക്യാബിനെറ്റില്‍ കലിപ്പുണ്ടാക്കിയത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും. അതും തിരുവായ്ക്ക് എതിര്‍വായില്ലാത്ത പിണറായി വിജയനോട് ആണെന്ന് ഓര്‍ക്കണം. സി.പി.എം മന്ത്രി വി.ശിവന്‍കുട്ടിയും സി.പി.ഐ മന്ത്രി ജി.ആര്‍ അനിലുമാണ് ഗത്യന്തരമില്ലാതെ ഉള്ളകാര്യം തുറന്നടിച്ചത്. സൗജന്യ കിറ്റ് അടക്കമുള്ളവ നല്‍കിയ വയകിയില്‍ സര്‍ക്കാര്‍ സപ്‌ളൈകോയ്ക്ക് 1524 കോടി രൂപയാണ് നല്‍കാനുള്ളത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ലെന്ന് ആരോപിച്ച് സപ്‌ളൈകോയില്‍ ചൊവ്വാഴ്ച സമരം നടന്നിരുന്നു. രണ്ട് മൂന്ന് മാസമായി സബ്‌സിഡി സാധനങ്ങളൊന്നുമില്ല. സര്‍ക്കാര്‍ നല്‍കാനുള്ള മുഴുവന്‍ പണവും നല്‍കിയില്ലെങ്കില്‍ പൊതുവിതരണ സംവിധാനം സ്തംഭിക്കും. ഇത് പിണറായി സര്‍ക്കാരിന് ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. പൊതുവിതരണ സമ്പ്രദായം ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നാട് നീളെ സദസ്സ് നടത്തിയിട്ട് വലിയകാര്യമില്ലെന്ന സത്യം താമസിയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചറിയും. സാമ്പത്തിക പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. ഇതിനുത്തരവാദി ഈ സര്‍ക്കാര്‍ മാത്രമാണ്. ധനകാര്യമാനേജ്‌മെന്റ് വളരെ മോശമായതാണ് ഇത്തരത്തിലൊരു അവസ്ഥയിലേക്ക് എത്തിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാല് മാസം മാത്രം ശേഷിക്കെ 38,629 കോടി രൂപയുടെ പദ്ധതി വിഹിതത്തില്‍ 40 ശതമാനം മാത്രമാണ് ചെലവഴിച്ചത്. അതില്‍ നിന്ന് തന്നെ ധനപ്രതിസന്ധി പെട്ടെന്ന് പൊട്ടിമുളച്ചതല്ലെന്ന് വ്യക്തം. പണമില്ലാതെ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. കേന്ദ്രവിഹിതം കുറഞ്ഞതും തനതുവരുമാനത്തില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയാതിരുന്നതും സാമ്പത്തിക അച്ചടക്കം പാലിക്കാത്തതും മഹാമാരി കാലത്ത് പതിനൊന്നാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി 40,000 കോടി രൂപയുടെ അധികബാധ്യത വരുത്തിവെച്ചതും തിരിച്ചടിയായി. ഇക്കാര്യങ്ങളെല്ലാം സാമ്പത്തിക വിദഗ്ധരും നിരീക്ഷകരും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അന്നൊന്നും ഭരണനേതൃത്വം അതിന് വേണ്ടത്ര ഗൗരവം നല്‍കിയില്ല. കടമെടുത്ത് എല്ലാം നടത്തും എന്ന വെല്ലുവിളിയാണ് അന്ന് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ അടക്കം നടത്തിയത്. കടമെടുപ്പിന് കേന്ദ്രം കടിഞ്ഞാണിട്ടതോടെ പിണറായി സര്‍ക്കാരിന് പണി പാലും വെള്ളത്തില്‍ കിട്ടിയപോലായി. കിഫിബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും പേരില്‍ വായ്പ എടുക്കുകയും കിഫ്ബി വായ്പ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ അനുവദിക്കില്ലെന്ന് വാശി പിടിച്ചതോടെയുമാണ് കേന്ദ്രം നടപടികള്‍ ശക്തമാക്കിയത്. ധനകാര്യ കമ്മിഷന്റെ തീരുമാനപ്രകാരമുള്ള കാര്യങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. അല്ലാതെ കേന്ദ്രം പൊടുന്നനെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറയ്ക്കുകയല്ലായിരുന്നു. പരിധി ഉയര്‍ത്തണമെങ്കില്‍ ധനകാര്യ കമ്മിഷന്‍ തീരുമാനിക്കണം. അതിന് അവിടെ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ വാദിച്ച് സ്ഥാപിച്ചെടുക്കണം അതിന് പകരം സുപ്രീംകോടതിയില്‍ കേസ് നടത്തിയാല്‍ ആ കാശ് കൂടി നഷ്ടമാകും.കേന്ദ്രത്തെ കുറ്റംപറയുന്നതല്ലാതെ പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. മുണ്ട് മുറുക്കി ഉടുക്കണമെന്ന് പോലും മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നില്ല. നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നില്ല. കോഴിക്കോട് ഒരു സ്വകാര്യകമ്പനി 120 കോടി രൂപയുടെ നികുതി വെട്ടിച്ചെന്നും അവരില്‍ നിന്ന് നവകേരള സദസ്സിന് 10 കോടി രൂപ വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ മുതുകത്ത് നികുതി ചുമത്താന്‍ കാണിക്കുന്ന ഉത്സാഹം സ്വകാര്യ കമ്പനികളോട് സര്‍ക്കാര്‍ കാണിക്കുന്നില്ല എന്നതിന് ഉദാഹരണമാണിത്. എ.ഐ ക്യാമറ സ്ഥാപിച്ചതോടെ വാഹനഉടമകള്‍ക്ക് മാസത്തില്‍ മൂന്നും നാലും തവണ പെറ്റിവരുന്നതായും ഇതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാധാരണ നിയമലംഘനങ്ങളുടെ ഫോട്ടോ അയയ്ക്കാറുണ്ടെങ്കിലും ഇപ്പോള്‍ മൊബൈലില്‍ എസ്.എം.എസ് മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് അയയ്ക്കുന്നത്. ധനപ്രതിസന്ധി സംബന്ധിച്ച ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. വിരവിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെ അടക്കം ലക്ഷക്കണക്കിന് രൂപ ശമ്പളം നല്‍കി വീണ്ടും നിയമച്ചതിലൂടെ വലിയ തുകയാണ് ഖജനാവില്‍ നിന്ന് മാസന്തോറും നഷ്ടമാകുന്നത്. ഇതിനൊക്കെ അറുതിവരുത്തണം. ഈ ഉദ്യോഗസ്ഥരുടെ ശമ്പളം എത്രയാണെന്ന് പറയാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ ഖജനാവില്‍ നിന്ന് നല്‍കുന്നതിന് യാതൊരു മടിയും സര്‍ക്കാര്‍ കാട്ടുന്നില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന കാര്യം ഭരണത്തിലിരിക്കുന്നവര്‍ ബോധപൂര്‍വ്വം മറക്കുന്നു. സാധാരണക്കാരന്റെ വീട്ടില്‍ ഒരു മാസം ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മന്ത്രിമാര്‍ക്കടക്കം അറിയില്ല, അവരെല്ലാം സുഖലോലുപതയില്‍ കഴിയുകയാണ്. അതുകൊണ്ടാണ് പല്ലിന്റെ ചികിക്തസ തേടാന്‍ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ എത്രയോ മികച്ച ദന്തല്‍ ആശുപത്രികളുണ്ട്, അവിടെയൊന്നും ഭരണ-പ്രതിപക്ഷ ജനപ്രതിനിധികള്‍ തിരിഞ്ഞ് നോക്കാറില്ലെന്നാണ് കഴിഞ്ഞമാസം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. മന്ത്രി ബിന്ദു 30,000 രൂപയുടെ കണ്ണട വാങ്ങിച്ചതിനെ ന്യായീകരിച്ചവര്‍ മനസ്സിലാക്കണം രണ്ടായിരം രൂപയുടെ കണ്ണട വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരാണ് കേരളത്തില്‍ ഭൂരിപക്ഷമുള്ളത്. ലക്ഷങ്ങള്‍ ശമ്പളം ആനുകൂല്യങ്ങളും വാങ്ങുന്ന മന്ത്രിക്ക് സ്വന്തം ചെലവിലൊരു കണ്ണട വാങ്ങാന്‍ കാശില്ലാഞ്ഞിട്ടല്ലല്ലോ പൊതുഖജനാവിലെ പണം വാങ്ങുന്നത്. ഇതൊക്കെ കമ്മ്യൂണിസ്റ്റ് ശൈലിക്ക് ചേര്‍ന്നതല്ല, മുഖ്യമന്ത്രി മയോക്ലിനിക്ക് ചികിത്സ തേടിയത് ന്യായമായ കാര്യമാണ്, കാരണം അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ആവശ്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അതാവാം. പക്ഷെ, പല്ലിനും കണ്ണാടിക്കും പഞ്ചനക്ഷത്ര ചികിത്സതേടുന്നത് ശരിയല്ല, കാരണം സര്‍ക്കാര്‍ മേഖലയില്‍ മികച്ച ചികത്സ ലഭ്യമാണ്.