അടിസ്ഥാനസൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കില്ല

ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നു വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇത്തരം സ്‌കൂളുകള്‍ക്കു ലൈസന്‍സ് നല്‍കരുതെന്നു തദ്ദേശസ്ഥാപനങ്ങള്‍ക്കു കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 39,000 അധ്യാപകര്‍ അധികമാണെന്ന ശമ്പളപരിഷ്‌കരണക്കമ്മിഷന്റെ കണ്ടെത്തലിനെക്കുറിച്ചു വിശദമായി പരിശോധിക്കാന്‍ ഡി.പി.ഐയോടു നിര്‍ദേശിച്ചിട്ടുണ്ട്. വാര്‍ഷികപ്പരീക്ഷ അടുത്ത സാഹചര്യത്തില്‍, ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയാലും പരീക്ഷ കഴിഞ്ഞശേഷം അധ്യാപകര്‍ ചുമതലയേറ്റാല്‍ മതിയെന്ന് അദ്ദേഹം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 90% സ്‌കൂളുകള്‍ക്കും ശൗചാലയമുണ്ട്. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള ശൗചാലയങ്ങള്‍ ഉണ്ടാക്കാന്‍ കേരളത്തിനു കഴിയില്ല. 39,000 ല്‍പ്പരം അധ്യാപകര്‍ അധികമാണെന്ന ശമ്പളക്കമ്മിഷന്റെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഓരോ സ്‌കൂളും പ്രത്യേകമെടുത്തു പരിശോധിക്കാന്‍ ഡി.പി.ഐക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ലാഭകരമല്ലാത്ത സ്‌കൂളുകള്‍ സംയോജിപ്പിക്കുന്നതിനോടു യോജിപ്പാണ്. ഇത്തരം സ്‌കൂളുകളുടെ കണക്കെടുത്തിട്ടുണ്ട്. സംയോജിപ്പിക്കേണ്ടവ സംയോജിപ്പിച്ചശേഷം ബാക്കിയുള്ളവ പൂട്ടണം.
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തിന് ഓപ്ഷന്‍ നല്‍കേണ്ട അവസാനതീയതി ഈ മാസം 11 ആണ്. ട്രിബ്യൂണലില്‍ പോകുന്നതിനു മുമ്പ് നടത്തിയ ചില സ്ഥലംമാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത സ്ഥലംമാറ്റത്തിനുള്ള ഉത്തരവും ഇപ്പോള്‍ ഇറക്കും. അധ്യാപകപാക്കേജ് സംബന്ധിച്ച കോടതിവിധിയെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിയുള്ള 100 കുട്ടികള്‍ വീതം പഠിക്കുന്ന സ്‌കൂളുകളെ എയ്ഡഡ് ആക്കാന്‍ നടപടിയായി. 50 കുട്ടികള്‍ വീതം പഠിക്കുന്ന സ്‌കൂളുകളുടെ കണക്കെടുത്തുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























