അനന്തപുരിയെ ആലാപന ലഹരിയിലാറാടിച്ച് ഗുലാം അലി, മുംബൈലും ഡല്‍ഹിയിലെയും പോലെ വര്‍ഗീയവാദികളുടെ ഭീഷണി കേരളത്തില്‍ വിലപ്പോയില്ല

സംഗീതത്തിന് ഭാഷയുടേയോ ദേശത്തിന്റെയോ അതിര്‍വരമ്പുകളില്ലെന്നു തെളിയിച്ച് വിശ്വഗായകന്‍ ഗുലാം അലി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മതിമറന്നു പാടി. പാട്ടുപെട്ടിക്ക് മുകളിലൂടെ ആ വിരലുകള്‍ ചലിച്ചപ്പോഴൊക്കെ സദസും ശ്വാസമടക്കിയിരുന്നു. മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പും ചലച്ചിത്രപ്രതിഭ അടൂര്‍ ഗോപാലകൃഷ്ണനും അടങ്ങുന്ന വലിയ സദസിനെയാണ് ഗുലാം അലി തന്റെ മാസ്മരിക ശബ്ദം കൊണ്ടു അഭിസംബോധന ചെയ്തത്.
ഗുലാം അലിയോടൊപ്പം പാടാനെത്തിയ പ്രശസ്ത ഗായകന്‍ പണ്ഡിറ്റ് വിശ്വനാഥിന്റെ വാക്കുകള്‍ മലയാളിക്കുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു. ലോകം മുഴുവന്‍ പാടിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സദസിനെ കാണുന്നത് ആദ്യമായാണ്. ഇതു കാണാതെയാണ് ചിലര്‍ തങ്ങള്‍ അവിടെ പാടരുത്, ഇവിടെ പാടരുത് എന്നു പറയുന്നത്. അവര്‍ക്കുള്ള മറുപടിയാണ് ഈ സദസില്‍ നിന്നുയരുന്ന ഓരോ കൈയടിയും.
ഗുലാം അലിയുടെ പ്രശസ്ത ഗസലുകളായ ചുപ് കെ ചുപ് കെ, ഹംഗാമ ഹെ ക്യൂം ബര്‍പ എന്നിവ പാടാന്‍ അദ്ദേഹത്തിന്റെ മകന്‍ അമിര്‍ ഗുലാം അലിയും കൂടി എത്തിയതോടെ സദസ് ആവേശത്തിലായി. അനന്തപുരിയെ സംഗീത മഴയില്‍ ആറാടിപ്പിച്ചാണ് രണ്ടു മണിക്കൂര്‍ നീണ്ട ഗസല്‍ സന്ധ്യ അവസാനിച്ചത്. സ്വരലയയുടെയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെയും ആഭിമുഖ്യത്തിലാണ് സലാം ഗുലാം അലി സംഘടിപ്പിച്ചത്. എം.ബി.എസ്. ക്വയര്‍ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് ഇന്നലെ ഗസല്‍ സന്ധ്യ ആരംഭിച്ചത്. തുടര്‍ന്നു സ്വരലയ മുദ്രാ ഗാനത്തിന്റെ നൃത്താവിഷ്‌കാരം. ഗുലാം അലിക്ക് ആദരവര്‍പ്പിച്ച് സംഗീതജ്ഞന്‍ എം. ജയചന്ദ്രന്‍ അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷന്‍, വൈക്കം വിജയലക്ഷമി, അപര്‍ണ രാജീവ് എന്നിവരുടെ ഗാനാലാപനങ്ങളും അരങ്ങേറി.
വൈകിട്ട് ആറുമണിയോടെയാണ് ഗുലാം അലി വേദിയിലേക്കെത്തിയത്. സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കി അദ്ദേഹത്തെ സ്വീകരിച്ചു. കേരളീയ വാദ്യോപകരണങ്ങള്‍ ചടങ്ങില്‍ ഉപഹാരങ്ങളായി ഗസല്‍ഗായകന്‍ ഏറ്റുവാങ്ങി. വൈകിട്ട് മൂന്നുമണി മുതല്‍ തന്നെ ഗസല്‍ പ്രേമികള്‍ കനകക്കുന്നില്‍ നിറഞ്ഞിരുന്നു.കര്‍ശനസുരക്ഷാ ക്രമീകരണങ്ങളിലാണ് ആളുകളെ നിശാഗന്ധിയിലേക്ക് പ്രവേശിപ്പിച്ചത്. പ്രത്യേക പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിരുന്നെങ്കലും വന്‍ ജനാവലിയാണ് നിശാഗന്ധിയിലേക്ക് ഒഴുകിയത്. വിവിധയിടങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് സംഗീതസദസ്സ് തത്സമയം പ്രദര്‍ശിപ്പിച്ചു.
ഈ സദസ് ചരിത്രത്തില്‍ ഇടം പിടിച്ചുവെന്ന് ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുമ്പോഴും ദക്ഷിണേന്ത്യയിലെ സംഗീതജ്ഞന്‍മാരെ ക്ഷണിക്കാനും സ്വീകരിക്കാനും ഹൃദയവിശാലത കാട്ടിയ സ്വാതിതിരുനാളിന്റെ നാട് ആ പാരമ്പര്യം ആവര്‍ത്തിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























