ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് സൂചന... കളര്‍മാറ്റം അനുവദിച്ചാലും പഴയപടി അതിരുവിട്ട ചിത്രവേലകള്‍ അനുവദിക്കില്ല

റോഡ് സുരക്ഷയുടെ പേരില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് സൂചന. കളര്‍മാറ്റം അനുവദിച്ചാലും പഴയപടി അതിരുവിട്ട ചിത്രവേലകള്‍ അനുവദിക്കില്ലെന്ന് അറിയുന്നു. മറ്റ് സംസ്ഥാനങ്ങളിലൊന്നും നിറത്തിന്റെ കാര്യത്തില്‍ ഇത്ര കടുംപിടിത്തമില്ലെന്നും മാറ്റത്തിന് ബലമേകുന്നു. ജൂലായ് ആദ്യവാരം ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി (എസ്.ടി.എ) യോഗത്തില്‍ തീരുമാനം ഉണ്ടാകും. ഒമ്പത് പേര്‍ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. രാത്രികാഴ്ചയ്ക്ക് യോജ്യമായ നിറവും ഗ്രാഫിക്‌സുമായിരുന്നില്ല അപകടത്തില്‍പെട്ട ബസിന്റേത്. ഭൂരിഭാഗം ബസുകളും ഇതേ അവസ്ഥയിലായിരുന്നു.
മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിച്ചത്. എസ്.ടി.എ യോഗം നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. നേരത്തേ റൂട്ട് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയതിന്റെ ചുവട് പിടിച്ചാണ് ടൂറിസ്റ്റ് ബസുകള്‍ക്കും കളര്‍കോഡ് കൊണ്ടുവന്നത്. ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റോഡ് സുരക്ഷ കണക്കിലെടുത്ത് എസ്.ടി.എ തീരുമാനം അംഗീകരിക്കുകയായിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബസുകളിലെ അനധികൃത ലൈറ്റുകളും ശബ്ദസംവിധാനവും നീക്കുകയും ചെയ്തിരുന്നു.
നിയന്ത്രണങ്ങള്‍ ബസ് മേഖലയെ ബാധിക്കുന്നതായി ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജുവും മോട്ടോര്‍വാഹനവകുപ്പും ഇളവ് നിഷേധിച്ചു. എന്നാല്‍ മന്ത്രിമാറിയതോടെ മോട്ടോര്‍വാഹവനകുപ്പിന്റെ നിലപാടും മാറി. ടൂറിസ്റ്റ് ബസുകള്‍ക്ക് കളര്‍ നല്‍കുന്നതിനെ മന്ത്രി ഗണേശ്കുമാര്‍ പരസ്യമായി അനുകൂലിച്ചതോടെയാണ് വകുപ്പ് മലക്കംമറിഞ്ഞത്. മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശയായി കളര്‍മാറ്റവും എസ്.ടി.എ അജണ്ടയില്‍ ഇടം പിടിച്ചു.
https://www.facebook.com/Malayalivartha
























