കുവൈത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

കുവൈത്തില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുവൈറ്റ് സര്‍ക്കാര്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാര്‍ കുവൈത്തുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സമയോചിത ഇടപെടല്‍ ഉണ്ടാവണം. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈറ്റിലെ മംഗെഫിലെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ പൊലിഞ്ഞ ജീവനുകളുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
വിഷയവുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ച് നഷ്ടപരിഹാരം നല്കാന് ബാധ്യതപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈത്ത് സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരേ മനസോടെ നീങ്ങണം. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുവൈറ്റ് തീപിടുത്തത്തില്‍ മരണമടഞ്ഞ പ്രവാസി മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് പ്രവാസി വ്യവസായി എം എ യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത് കൂടാതെ രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചിട്ടുണ്ട്.
തീപ്പിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത്. ഇവര്‍ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയില്‍ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കുവൈത്തിലെ മലയാളിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. 23 മലയാളികളാണ് ആകെ മരിച്ചത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടിത്തം.
https://www.facebook.com/Malayalivartha
























