ഹമാസ് റഫയില്‍ നടത്തിയ ഒളിയാക്രമണത്തില്‍ അമ്പരന്ന് ഇസ്രായേല്‍:- ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ വധിച്ച് അല്‍ഖസ്സാം ബ്രിഗേഡ്; സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിന് നേരെയും ആക്രമണം:- ഇത് ഒരു തുടക്കമെന്ന് മുന്നറിയിപ്പ്...

ഹമാസ് റഫയില്‍ നടത്തിയ ഒളിയാക്രമണത്തില്‍ അമ്പരന്ന് ഇസ്രായേല്‍. ഒറ്റ ആക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ വലിയ ആക്രമണങ്ങള്‍ ഇസ്രായേല്‍ സേനയെ കാത്തിരിക്കുന്നതായി ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണ ലബനാനില്‍ നിന്നുള്ള ഹിസ്ബുല്ല ആക്രമണത്തെ നേരിടാന്‍ പ്രത്യാക്രമണവുമായി ഇസ്രായേലും രംഗത്ത് എത്തി. റഫയിലേക്കുള്ള കടന്നുകയറ്റത്തിനിടെ, ഇതാദ്യമായാണ് ഇത്രയും വലിയ തിരിച്ചടി ഇസ്രായേല്‍ സേനക്ക് ലഭിക്കുന്നത്. ദക്ഷിണ റഫ സിറ്റിയിലെ തല്‍ അസ് സുല്‍ത്താന്‍ ഡിസ്ട്രിക്റ്റിലാണ് ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് വധിച്ചത്.
തികച്ചും അപ്രതീക്ഷിതവും പതിയിരുന്നുള്ളതുമായ ഗറില്ലാ ആക്രമണമാണ് നടന്നതെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. ഏറെ പണിപ്പെട്ടാണ് സൈനികരുടെ മൃതദേഹങ്ങള്‍ അവിടെ നിന്ന് മാറ്റാനായതെന്നും ഇസ്രായേല്‍ സ്ഥിരീകരിച്ചു. സമാനരീതിയിലുള്ള കൂടുതല്‍ ശക്തമായ ആക്രമണം ഇനിയും പ്രതീക്ഷിക്കാമെന്ന് അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂ ഉബൈദ പറഞ്ഞു. എട്ടു സൈനികരുടെ മരണം ഇസ്രായേലിനെ ശരിക്കും നടുക്കി.
ഗാസ യുദ്ധത്തിന് വലിയ വിലയാണ് രാജ്യം നല്‍കി വരുന്നതെന്ന് നെതന്യാഹു പ്രതികരിച്ചു. ബന്ദികള്‍ക്കു പുറമെ സൈനികരെയും കൊലക്കു കൊടുക്കുന്നത് അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ ഇന്നലെയും തെരുവിലിറങ്ങി. ഹിസ്ബുല്ല ആക്രമണത്തെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായ വടക്കന്‍ ഇസ്രായേലിലെ ജനങ്ങളും ഇന്നലെ പ്രതിഷേധവുമായി രംഗത്തുവന്നു. മാസങ്ങളായി സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്നും ആക്രമണം കൊണ്ട് തങ്ങള്‍ പൊറുതിമുട്ടിയെന്നും വ്യക്തമാക്കിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ രാത്രി വ്യാപക പ്രത്യാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
മാസങ്ങള്‍ക്കിടെ ഈ ഒരു സംഭവത്തില്‍ ഇത്രയും സൈനികര്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്. രാജ്യത്തെ സംരക്ഷിക്കുന്നതിന് ജീവന്‍ നല്‍കാന്‍ സൈനികര്‍ തയ്യാറാണെന്ന് ഇസ്രായേലി സൈനിക വക്താവ് ഡാനിയല്‍ ഹഗരി പറഞ്ഞു. ഗാസയിലെ ഓരോ പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഇതുവരെ 37000ത്തിലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് വീടുകള്‍ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ 28 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണ് സൈന്യത്തിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. സൈനികര്‍ കൊല്ലപ്പെട്ട കാര്യം ഹമാസും ഇസ്രായേലും ശരിവച്ചു.
ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് ആണ് ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത്. റഫയില്‍ നിന്നു വരികയായിരുന്ന ഇസ്രായേല്‍ സൈനിക വാഹനമാണ് ആക്രമിക്കപ്പെട്ടത്. ആദ്യം റോക്കറ്റ് പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന ഹമാസ് അംഗങ്ങള്‍ വെടിയുതിര്‍ത്തു. സൈനിക വാഹനത്തിലും ഇതിന് പിന്നാലെ വന്ന സഹായികളുടെ വാഹനത്തിലുമുണ്ടായിരുന്ന എല്ലാവരെയും വധിച്ചു എന്നാണ് ഹമാസ് പറയുന്നത്.
പടിഞ്ഞാറന്‍ റഫയിലെ താല്‍ സുല്‍ത്താന്‍ ജില്ലയിലാണ് സംഭവം. യാസീന്‍-105 ആര്‍പിജി റോക്കറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ആദ്യം വന്ന ഇസ്രായേലി സൈനിക വാഹനം ആക്രമിച്ച പിന്നാലെ ഇവരെ സഹായിക്കാന്‍ മറ്റൊരു സൈനിക വാഹനമെത്തി. രണ്ടും ആക്രമിച്ചുവത്രെ. തെക്കന്‍ ഗസയില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു.
ഇത്രയും ശക്തമായ ആക്രമണം നടത്താന്‍ ഹമാസിന് എങ്ങനെ സാധിച്ചു എന്ന് ഇസ്രായേല്‍ സൈന്യം അന്വേഷിക്കുന്നുണ്ട്. മേഖലയില്‍ നിന്ന് നേരത്തെ എല്ലാ ഹമാസ് അംഗങ്ങളെയും തുരത്തിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. മാത്രമല്ല, റഫയിലെ മിക്ക പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയതാണ്. പിന്നെ എങ്ങനെ തിരിച്ചടി ലഭിച്ചു എന്നാണ് അന്വേഷിക്കുന്നത്.
ഇതിന് മുമ്പ് ഇസ്രായേല്‍ സൈനികര്‍ക്ക് വലിയ തിരിച്ചടി ലഭിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. അന്ന് ഹമാസ് നടത്തിയ ഒളിയാക്രമണത്തില്‍ 21 സൈനികരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 27ന് ശേഷം 307 ഇസ്രായേല്‍ സൈനികരെയാണ് ഹമാസ് വധിച്ചത്. ആയിരത്തിലധികം ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഹമാസ് തടവിലാക്കിയ ഇസ്രായേലുകാരെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. അതിനിടെ മധ്യ ഗസ്സയിലെ ദേര്‍ അല്‍ ബലാഹില്‍ ഒരു വീടിനു മുകളില്‍ ഇസ്രായേല്‍ യുദ്ധവിമാനം ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയിയെ ഇന്തോനേഷ്യന്‍ ആശുപത്രി സൈന്യം കത്തിച്ചു.
https://www.facebook.com/Malayalivartha
























