സിപിഎമ്മില്‍ പിണറായിക്കെതിരെ എന്തെങ്കിലും പറയാന്‍ മടിയുണ്ടായിരുന്നവരൊക്കെ തലപൊക്കിത്തുടങ്ങി... ഈ മാറ്റം പിണറായിയുടെ കസേര തെറിപ്പിക്കുമോ, അതോ മര്യാദരാമനാക്കുമോ? എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്...
സിപിഎമ്മില്‍ പിണറായിക്കെതിരെ എന്തെങ്കിലും പറയാന്‍ മടിയുണ്ടായിരുന്നവരൊക്കെ തലപൊക്കിത്തുടങ്ങി. ഈ മാറ്റം പിണറായിയുടെ കസേര തെറിപ്പിക്കുമോ, അതോ മര്യാദരാമനാക്കുമോ? എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തോല്‍വികള്‍ സിപിഎമ്മിന് പുതിയ കാര്യമല്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയുടെ അടിത്തറ ഇളക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. മുന്നണിയിലും പാര്‍ട്ടിയിലും പിണറായിക്കെതിരെ കാറ്റ് ആഞ്ഞടിക്കുകയാണ്. കാറ്റതെല്ലാം തകര്‍ന്ന് വീഴുമോ എന്ന് കാലാവസ്ഥ പ്രവചനം പോലെ മുന്‍കുട്ടി അറിയിക്കാനാകില്ല. സിപിഎം- സിപിഐ സംസ്ഥാന സെക്രട്ടറിമാരായ എം.വി ഗോവിന്ദനും ബിനോയ് വിശ്വവും മുഖ്യമന്ത്രിയുടെ നിലപാടുകളെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത് അങ്ങനെ പതിവുള്ള കാര്യമല്ല. പിണറായി തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയും മുന്നണിയും മൂക്ക് കുത്തി വീഴുകയും പിന്നെ നടുനിവര്‍ത്തി എണീക്കാന്‍ പോലും വയ്യാതെ ബംഗാളിലെ പോലെ ചുരുണ്ട് കിടക്കേണ്ടിവരും.' തെരഞ്ഞെടുപ്പില്‍ നല്ലപോലെ തോറ്റു, തോറ്റിട്ട് ജയിച്ചൂന്ന് പറയുന്നതില്‍ കാര്യമുണ്ട?' എന്നത് ഗോവിന്ദന്‍ മാഷ് കൊട്ടിയത് പിണറായിയെ ഉദ്ദേശിച്ച് മാത്രമാണ്. 2004ല്‍ യുഡിഎഫ് പരാജയപ്പെട്ടിട്ട് മുഖ്യമന്ത്രിയായിരുന്ന ആന്റണി മാറിയില്ലല്ലോ, പിന്നെന്തിനാണ് താന്‍ മാറുന്നതെന്നാണ് പിണറായി ചോദിക്കുന്നത്.നരേന്ദ്ര മോദിയെ ഭയന്നാണ് ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നിരത്തിയ ന്യായീകരണംസിപിഎം കേന്ദ്രനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ദഹിച്ചിട്ടില്ല. പിണറായിയെ തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയിലാണ് പാര്‍ട്ടി.തിരുത്തല്‍ വേണമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും എന്ത് തിരുത്തലാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പരാജയത്തിന്റെ പ്രധാന കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളും സര്‍ക്കാരിന്റെ പിടിപ്പുകേടുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അതില്‍ തിരുത്തല്‍ വരുത്താന്‍ എന്തിനാണിത്ര ചര്‍ച്ച. പാര്‍ട്ടി വോട്ട് ചോര്‍ന്നത് ഗൗരവമായി കണക്കാക്കണം. ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, പി. ജയരാജന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ എന്നിവര്‍ പരോക്ഷമായി പിണറായിക്കും സര്‍ക്കാരിരും എതിരെ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്. ജി.സുധാകരന്‍ രണ്ടാം പിണറായി സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാനും മറന്നില്ല. പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഇവര്‍ക്ക് മാധ്യമങ്ങളില്‍ വലിയ സ്വാധീനമാണെന്നും സുധാകരന്‍ തുറന്നടിച്ചു. സിപിഎമ്മില്‍ ഇത്തരക്കാരുടെ കടന്ന് വരവ് കൂടുതലാണ്.പരസ്യപ്രതികരണം നടത്തിയ നേതാക്കളെല്ലാം സംസ്ഥാന കമ്മിറ്റിയില്‍ എന്ത് പറയുമെന്നത് വളരെ കൗതുകകരമായ കാര്യമാണ്. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തരായിരുന്നവരാണ് ഇപ്പോള്‍ വാളോങ്ങിയിരിക്കുന്നത്. സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞതിന്റെ സൂചനയാണിത്. നാം എല്ലാം തികഞ്ഞവരാണെന്ന് കരുതരുതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചത്. അത് മുഖ്യമന്ത്രിയെ കൂടി ഉദ്ദേശിച്ചാണെന്ന് വ്യക്തമാണ്. സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ യോഗങ്ങളിലെല്ലാം പിണറായി വിജയനെ വലിച്ചുകീറി ഒട്ടിക്കുകയാണ്. പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം. അംഗങ്ങള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് മാധ്യമവാര്‍ത്തയായതോടെ , അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് പത്രക്കുറിപ്പിറക്കേണ്ടിവന്നു. ന്യൂനപക്ഷ പ്രീണനമാണ് പിണറായിക്കും സിപിഎമ്മിനും എതിരെ സമുദായ നേതാക്കളടക്കം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഇത്തവണ ഇടതുപക്ഷത്തിനൊപ്പം നിന്നില്ല എന്നതും തിരിച്ചടിയായി. ദളിതരും ഈഴവരും മറുകണ്ടം ചാടി. തൃശൂരില്‍ ക്രൈസ്തവര്‍ ബിജെപിക്ക് വോട്ട് ചെയ്തു. സഭകളോട് സര്‍ക്കാരും സിപിഎമ്മും കാണിച്ച കടുത്ത അവഗണനകള്‍ക്കുള്ള മറുപടിയായി വേണം ഇതിനെ വിലയിരുത്താന്‍. സഭ എക്കാലവും അധികാരത്തിനൊപ്പമേ നിന്നിട്ടുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും പെട്ടെന്ന് ഇത്തരത്തിലൊരു മാറ്റം ആരും പ്രതീക്ഷിച്ചില്ല. ഇരുമുന്നണികളെയും ജയിച്ച ബിജെപിയെയും സഭ ഞെട്ടിച്ചുകളഞ്ഞു. റബ്ബറിന്റെ താങ്ങുവില 200 രൂപയാക്കുമെന്ന് പറഞ്ഞാണ് 2016ല്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം നല്‍കിയത്. അത് പാലിക്കാത്തതിലുള്ള അമര്‍ഷം സഭകള്‍ക്കിടയില്‍ ശക്തമാണ്. തങ്ങള്‍ക്കൊപ്പം നിന്നാല്‍ ബിജെപിക്ക് ഒരു എം.പിയെ തരാമെന്ന താമരശ്ശേരി ബിഷപ്പിന്റെ പ്രഖ്യാപനം തൃശൂരില്‍ അതേപടി നടപ്പായി. അന്ന് ബിഷപ്പിനെ പുശ്ചിച്ച് തള്ളിയവരാണ് പിണറായിയും സംഘവും.2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് സംഭവിച്ചതെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി എല്‍ഡിഎഫ് തിരിച്ചുവന്നെന്ന പിണറായിയുടെ ക്യാപ്സ്യൂളിന് നയാപൈസായുടെ വിലയില്ല. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ ജനം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയായിരുന്നു. അന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും മോശമായിരുന്നില്ല. നിലവിലെ അവസ്ഥ അങ്ങനെയല്ല, ഇതുപോലെ നാറിയൊരു ഭരണം മുമ്പുണ്ടായിട്ടില്ല. വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, സപ്ളൈകോയില്‍ അവശ്യസാനങ്ങളുടെ അഭാവം, ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ കാലതാമസം, ലോകകേരള സഭയും നവകേരള സദസ്സും പോലുള്ള ധൂര്‍ത്തുകള്‍, സംഭരിച്ച നെല്ല് അരിയാക്കി ഇരട്ടിവിലയ്ക്ക് വിറ്റിട്ടും കര്‍ഷകര്‍ക്ക് പണം കൊടുക്കാതിരിക്കുക തുടങ്ങിയ നിരവധി വീഴ്ചകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിമര്‍ശനങ്ങളുയരുമ്പോഴും അതിനെയെല്ലാം ശത്രുതാമനോഭാവത്തോടെ മാത്രമാണ് കണ്ടത്. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ ഭാര്യയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ലതിക മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. സപ്ളൈകോയിലെ കുടിശിക പണം ആവശ്യപ്പെട്ട് മന്ത്രി, മുഖ്യമന്ത്രിക്ക് കത്തെഴുതി കൈകഴച്ചു എന്നായിരുന്നു വിമര്‍ശനം.പാര്‍ട്ടി എന്ത് ചെയ്താലും അന്തംവിട്ട ന്യായീകരണം നടത്തിയിരുന്ന പോരാളി ഷാജി വരെ കലിപ്പിലായി. അതോടെ 'ശുംഭന്‍' ജയരാജന്‍ ഷാജിക്കെതിരെ കൊടുവാളെടുക്കുകയാണ് ചെയ്തത്. അല്ലാതെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ ശ്രമിച്ചില്ല.സിപിഎമ്മിന്റെ വിപ്ലവമണ്ണായ ആലപ്പുഴയിലെ പുന്നപ്രയിലും വയലാറിലും ഇത്തവണ വോട്ട് ചോര്‍ന്നു. മണ്ഡലത്തില്‍ ശോഭാസുരേന്ദ്രന്‍ ഒന്നരലക്ഷത്തോളം കൂടുതല്‍ വോട്ടാണ് പിടിച്ചെടുത്തത്. പല പഞ്ചായത്തുകളിലും ബിജെപി ഒന്നാമതെത്തി. നേതൃത്വം ഇതിന് മറുപടി പറയണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും ഉജ്ജ്വലമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യം എന്താകും? സിപിഎം നേതാക്കളുടെയും മക്കളുടെയും മാത്രം തറവാട്ട് സ്വത്തല്ല. ഈ പാര്‍ട്ടി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പതിനായിരക്കണക്കിനാളുകളുണ്ട്. നേതൃത്വത്തിന് വഴിതെറ്റുമ്പോള്‍ അവര്‍ വടിയെടുക്കും അതിനെതിരെ കുറുവടിയെടുത്തിട്ട് കാര്യമില്ല. എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തി, വേണ്ട തിരുത്തലുകള്‍ വരുത്തണം. ന്യായീകരണങ്ങള്‍ ദയവായി നിരത്തരുത്. അത് കേള്‍ക്കുന്തോറും ജനം കൂടുതല്‍ കുപിതരാകും. ജനവികാരം മനസ്സിലാക്കുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പ്രാഥമിക കടമ.പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് അതിന് കഴിയുന്നില്ല. പലകാര്യങ്ങളും വിവാദമാവുകയും ചെയ്തു. ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ് സ്ഥാപിച്ചു, കാലിത്തൊഴുത്തും നീന്തല്‍ക്കുളവും നവീകരിച്ചു. ഇതൊക്കെ പൊതുമരാമത്ത് വകുപ്പാണ് ചെയ്യുന്നതെങ്കിലും പഴി മുഖ്യമന്ത്രിക്കായി. അനാവശ്യ പദ്ധതികളും പരിപാടികളും നടത്തിയത് കൊണ്ടാണ് കാലിത്തൊഴുത്തും ലിഫ്റ്റും ചര്‍ച്ചയായത്. ജനഹിതമറിഞ്ഞ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അതിന് പാര്‍ട്ടി എന്ത് നിലപാടാണ് മുന്നോട്ട് വയ്ക്കുന്നത്, മുഖ്യമന്ത്രിയെ മാറ്റുമോ? അതോ അദ്ദേഹം മാറുമോ? മാറാനുള്ള സാധ്യത കാണുന്നില്ല. മാറ്റാന്‍ ആര് തയ്യാറാകും, പൂച്ചയ്ക്കാര് മണികെട്ടും