ഇതല്ലേ ഹീറോയിസം, യു.ഡി.എഫ് മന്ത്രിമരുടെ അന്തകനായി ബിജു രമേശ്

ബാര്‍ പൂട്ടിയ അന്ന് തുടങ്ങിയതാണ് യു.ഡി.എഫ്. മന്ത്രിമാരുടെ ശനിദശ. ബാര്‍ കോഴയില്‍ കുടുങ്ങി രണ്ട് മന്ത്രിമാര്‍ പുറത്തായി പോരാത്തതിന് ആരോപണ വിധേയരായ മന്ത്രിമരുടെ ഉറക്കം കെടുത്തുന്നതുമാണ് ബാബുവിന്റെ രാജി.
2014 ഒക്‌ടോബര്‍ 31... യു.ഡി.എഫ്. മന്ത്രിമാര്‍ക്കെതിരേ കോഴ ആരോപണവുമായി ബാറുടമ ബിജു രമേശ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയപ്പോള്‍ ആരും അത്ര കാര്യമാക്കിയില്ല. എന്നാല്‍, ബാര്‍ക്കോഴ കേസ് എരിഞ്ഞു കത്തിക്കയറി. ഒടുവില്‍ യു.ഡി.എഫ്. മന്ത്രിസഭയില്‍നിന്നും രണ്ടുപേര്‍ പുറത്തു പോകുമ്പോഴും ബിജു രമേശിന്റെ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ഒരു ബാറുടമയുടെ ആരോപണം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതും രണ്ടു മന്ത്രിമാര്‍ രാജി വയ്ക്കുന്നതും കേരള രാഷ്ട്രീയത്തില്‍ പുതിയെരാദ്ധ്യായം കുറിച്ചു.
ഹൈക്കോടതി ഇടപെടലോടെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ സര്‍ക്കാര്‍ പൂട്ടിയതോടെയാണ് തിരുവനന്തപുരം സ്വദേശിയായ ബിജു രമേശ് സര്‍ക്കാരിനെതിരേ തിരിയുന്നത്. ബാര്‍ വിഷയത്തില്‍ അനുകൂല നിലപാട് കൈക്കൊള്ളാന്‍ മന്ത്രി കെ.എം. മാണി കോടികള്‍ കൈപ്പറ്റിയെന്ന ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തതോടെ ബാര്‍ കോഴക്കേസിനു പുതിയൊരു മാനം കൈവരുകയായിരുന്നു. 'ബാര്‍ക്കോഴ'യെന്ന വിളിപ്പേരുമായി മാധ്യമങ്ങളും കേസ് വിവാദമാക്കി. തിരുവനന്തപുരത്തു നിരവധി ബാര്‍ ഹോട്ടലുകളുള്ള ബിജു രമേശിനു ചുറ്റും ചാനല്‍ ക്യാമറകള്‍ നിരന്നു. അപ്പോഴെല്ലാം മന്ത്രിമാരുള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കളെങ്കിലും ഭയത്തോടെയാണു വാര്‍ത്താ ചാനലുകള്‍ കണ്ടിരുന്നത്.
മന്ത്രിമാര്‍ക്കെതിരേയുള്ള കോഴ ആരോപണത്തോടെ ബിജു രമേശ് യു.ഡി.എഫ് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി മാറി. വ്യാവസായിക പാരമ്പര്യവും രാഷ്ട്രീയ പിന്‍ബലവുമായി തിരുവനന്തപുരം നഗരത്തിലെ മദ്യവ്യവസായം അടക്കി വാണിരുന്ന ബിജു രമേശിന്റെ ശക്തിയും കുറഞ്ഞു. തനിക്കു വധഭീഷണിയുണ്ടെന്നും ബിജു പരാതിപ്പെട്ടു. എക്‌സൈസും ഭക്ഷ്യവകുപ്പും ഓപ്പറേഷന്‍ അനന്തയും ബിജുവിനെ വരിഞ്ഞു കെട്ടിയപ്പോള്‍ പിതാവ് രമേശന്‍ കോണ്‍ട്രാക്ടര്‍ എന്നറിയപ്പെട്ടിരുന്ന ജി. രമേശന്‍ തുടങ്ങിവച്ച ബിസിനസുകള്‍ നിലനിര്‍ത്താന്‍ ബിജു പണിപ്പെടുകയായിരുന്നു.
തിരുവനന്തപുരത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ വ്യാപാര മേഖലകളില്‍ നിര്‍ണായകമായ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു രമേശന്‍ കോണ്‍ട്രാക്ടര്‍. 1950 കളില്‍ പൊതുമരാമത്ത് കരാറുകാരനായിട്ടായിരുന്നു തുടക്കം. ഹോട്ടല്‍, ഓഡിറ്റോറിയം കെട്ടിടനിര്‍മാണം തുടങ്ങിയവയിലായിരുന്നു തുടക്കമെങ്കിലും പിന്നീട് രാജധാനി ഗ്രൂപ്പിന്റെ കീഴില്‍ എന്‍ജിനീയറിങ് കോളജുകളും, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ആരംഭിച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും കൈവച്ചു.
ബിജു രമേശിന്റെ ആയുധങ്ങളേറ്റ് കെ.എം. മാണിയും കെ. ബാബുവും രാജിവച്ചു പുറത്തു പോകുമ്പോള്‍ അടുത്ത മന്ത്രിയുടെ പേരും ബിജു തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. മന്ത്രി വി.എസ്. ശിവകുമാറും ബാറുടമകളില്‍നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും കെ. ബാബു പറഞ്ഞിട്ടാണു പണം നല്‍കിയതെന്നും ബിജു ഇന്നലെ ആരോപണം ഉന്നയിച്ചു. അടുത്ത ഊഴം വി.എസ്. ശിവകുമാറാണെന്നും തന്റെ ആവനാഴിയില്‍ ഇനിയും ആയുധങ്ങളുണ്ടെന്നും ബിജു രമേശ് സൂചന നല്‍കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന് ഏറെ പണിപ്പെടേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























