ഒമാനിലെ മിന്നൽപ്രളയം..പ്രിയപ്പെട്ട രണ്ടുപേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല... ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്..

യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി . പക്ഷെ കുടുംബത്തോടൊപ്പമുള്ള ഈ യാത്ര അവസാനത്തേത് ആയിരിക്കുമെന്ന് കരുതിയില്ല . ഒമാനിലെ മിന്നൽപ്രളയം സൃഷ്ടിച്ച ആഘാതത്തിലാണു തൃത്താല. പ്രിയപ്പെട്ട രണ്ടുപേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല. ഒമാനിൽ തൃത്താല സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം കനത്ത മഴയിൽ ഒഴുക്കിൽപെട്ട് 2 പേരാണു മരിച്ചത്, ഒരാളെ കാണാതായി. നാലു കുട്ടികൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 6 പേരെ രക്ഷപ്പെടുത്തി.തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല ലുബിഷാദ് (32), തൃത്താല തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (37) എന്നിവരാണു മരിച്ചത്.
യൂസഫിന്റെ മാതാവ് റംലത്തിനെയാണു (58) കാണാതായത്. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷംല ലുബിഷാദിന്റെ വിയോഗം നാടിനു കൂടുതൽ നൊമ്പരമായി. പുതിയ സ്ഥലങ്ങൾ കാണാനും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഏറെ ഇഷ്ടമായിരുന്നു ഷംലയ്ക്ക്. ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്. തൃത്താല പട്ടിത്തറ കൊട്ടപ്പാടം സ്വദേശിയായ ഷംല, എപ്പോഴും ചിരിക്കുന്ന മുഖവുമായി കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രിയങ്കരിയായിരുന്നു. 11 വർഷമായി വിദേശത്തു ബിസിനസ് നടത്തുകയാണു ഭർത്താവ് ലുബിഷാദും ഷംലയും.
ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള യാത്രകളിലെ മുഹൂർത്തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമായിരുന്നു. ഒമാനിലെ ബർകയിൽ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോൾ,ഒരു നിമിഷംകൊണ്ട് യാത്ര ദുരന്തമായി മാറി. കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വാഹനം കുത്തൊഴുക്കിൽ കുടുങ്ങി.ഷംലയുടെ ജീവൻ നഷ്ടമായി. ലുബിഷാദും മക്കളും അടക്കം ആറു പേർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. മക്കളായ അഞ്ചു വയസ്സുകാരി ഫെബയയെയും 9 വയസ്സുകാരി ഫാദുലിയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ ലുബിഷാദ് വിതുമ്പുന്നു.
അപകടത്തിൽ മരിച്ച ഫഹദ് യൂസഫ് ലുബിഷാദിന്റെ കുടുംബ സുഹൃത്താണ്. ഫഹദിന്റെ മാതാവാണു കാണാതായ റംലത്ത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.
https://www.facebook.com/Malayalivartha
























