ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല; ഞങ്ങളുടെ ചെലവില്‍ പൈസ ചെലവഴിച്ചാണ് ഇവിടേക്ക് വരുന്നത് - ഈശ്വര്‍ മാല്‍പെ...

ഒരു ചെറിയ ഇടവേളയ്ക്ക് പിന്നാലെ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നുമാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കാനാകുമോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കാനിരിക്കെയാണ് കാലാവസ്ഥ വെല്ലുവിളിയായി മാറുന്നത്.
മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ ഇന്ന് എത്തി പുഴയില്‍ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല. ഉത്തര കന്നഡ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. വിദഗ്ധ സഹായം ഇല്ലാതെ മാൽപെയെ പുഴയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ബാർജ് മൗണ്ടഡ് ഡ്രഡ്ജർ ഇല്ലാതെ നിലവിൽ തെരച്ചിൽ സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴയെ തുടര്‍ന്ന് ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരാൾക്ക് പുഴയിലേക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ സാഹചര്യമാണ് പുഴയിലേതെന്നും അരികുകളില്‍ പരിശോധിക്കാനായിരുന്നു പദ്ധതിയെന്നും ഈശ്വര്‍ മല്‍പെ പ്രതികരിച്ചു. 'പൊലീസ് വന്നിട്ട് പുഴയിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞു. ഡൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. അഞ്ചാമത്തെ തവണയാണ് ഇവിടേക്ക് വരുന്നത്. വീട്ടില്‍ നിന്നും 200 കിലോ മീറ്റര്‍ ഉണ്ട് ഇവിടേക്ക്. ഞങ്ങളുടെ ചെലവില്‍ പൈസ ചെലവഴിച്ചാണ് ഇവിടേക്ക് വരുന്നത്. അര്‍ജുന്‍ മാത്രമല്ല ലോകേഷും ജഗന്നാഥും ഉണ്ട്' എന്ന്, ഈശ്വര്‍ മല്‍പെ പറഞ്ഞു.
രണ്ട് മണിവരെ പുഴയിലേക്ക് ഇറങ്ങാം. എന്നാല്‍ അനുമതി ഇല്ലാതെ ഒന്നും ചെയ്യാനാകില്ല. അരികുകളില്‍ പരിശോധിക്കാമെന്ന് വിചാരിക്കുന്നത്. അന്ന് എങ്ങനെയാണോ അതേ അടിയൊഴുക്കാണ് പുഴയില്‍. ഒന്നും കാണാന്‍ കഴിയില്ല. പക്ഷെ, അരികുകളില്‍ പരിശോധന നടത്തുന്നതിന് തടസ്സമില്ല. ജില്ലാ അധികാരി എന്താണോ പറയുന്നത് അതിനനുസരിച്ച് മാത്രമെ നീങ്ങൂ. ഇല്ലെങ്കില്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നും മല്‍പെ പറഞ്ഞു. പ്രദേശത്ത് ഇന്നും മഴ പെയ്തുകൊണ്ടിരിക്കുന്നതാണ് തിരച്ചിലിന് വെല്ലുവിളിയാവുന്നത്. അടിയൊഴുക്ക് കുറയുന്ന സാഹചര്യത്തില്‍ ഗംഗാവലിയില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
അനുമതിയില്ലാതെ ഇറങ്ങാന്‍ കഴിയില്ലെന്ന് ഈശ്വര്‍ മാല്‍പേ പറഞ്ഞു. കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധിയാണ്. ജില്ലാ ഭരണകൂടവുമായും എംഎല്‍എയുമായും ബന്ധപ്പെടുമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവന്‍ എം പി അറിയിച്ചിരുന്നു. പ്രദേശത്തെ കാലാവസ്ഥ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തില്‍ അര്‍ജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീഷ് സൈല്‍ പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കാം..' എന്നാണ് എം പി അറിയിച്ചത്.
https://www.facebook.com/Malayalivartha


























