വയനാടിന് കൈതാങ്ങായി അല്ലു അര്‍ജുനും... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തു

വയനാടിന് കൈതാങ്ങായി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തു. ഇക്കാര്യം തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് താരം അറിയിച്ചത്. നേരത്തെ 2018 പ്രളയകാലത്തും അല്ലു അര്‍ജുന്‍ കേരളത്തിന് സഹായം നല്‍കിയിരുന്നു.
'വയനാട്ടില്‍ ഈയിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്പ്പോഴും എനിക്ക് വളരെയധികം സ്നേഹം തന്നിട്ടുണ്ട്, പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് എന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു' - അല്ലു അര്‍ജുന്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന്‍ ഇഷാന്‍ വിജയ് തന്റെ സമ്പാദ്യത്തില്‍നിന്ന് 12,530 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടാണ് ഇഷാന്‍ തുക കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മകനാണ് ഇഷാന്‍. ഇത് കൂടാതെ പുതുച്ചേരിയിലെ എം.എല്‍.എയും വയനാടിനായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കതര്‍കാമം എം.എല്‍.എ. കെ.പി.എസ്. രമേഷാണ് തന്റെ ഒരുമാസത്തെ ശമ്പളമായ 48,450 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ചലച്ചിത്രതാരവും പടന്ന ഗ്രാമപഞ്ചായത്ത് അംഗവുമായ പി.പി. കുഞ്ഞികൃഷ്ണന്‍ ഒരുമാസത്തെ പെന്‍ഷന്‍ തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. മുന്‍ എം.പിയും സി.പി.എം. നേതാവുമായ എ.എം. ആരിഫും ഒരുമാസത്തെ പെന്‍ഷന്‍ തുകയായ 28,000 രൂപ സംഭാവന നല്‍കി. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സി.പി.എം. എം.എല്‍.എമാര്‍ ഒരുമാസത്തെ ശമ്പളമായ 50,000 രൂപയും സി.പി.എം. എം.പിമാര്‍ ഒരുമാസത്തെ ശമ്പളമായ ഒരുലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.
സാഹിത്യകാരന്‍ ടി. പത്മനാഭന്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ചലച്ചിത്രതാരമായ ജോജു ജോര്‍ജും ഗായിക റിമി ടോമിയും അഞ്ച് ലക്ഷം രൂപവീതം നല്‍കാമെന്ന് അറിയിച്ചു.നടന്‍ സൗബിന്‍ ഷാഹിര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 20 ലക്ഷം രൂപയാണ് നടന്‍ കൈമാറിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എന്ന നിര്‍മാണക്കമ്പനിയുടെ പേരിലാണ് തുക നല്‍കിയത്. യൂട്യൂബര്‍മാരായ ജിസ്മയും വിമലും രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
കോട്ടയം ഗവ. ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ - 45,000 രൂപ, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ - ഒരുലക്ഷം രൂപ, കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ - 10 ലക്ഷം രൂപ, പള്ളുരുത്തി സര്‍വീസ് സഹകരണ ബാങ്ക് - 10 ലക്ഷം രൂപ, തൃക്കാക്കര സഹകരണ ആശുപത്രി - 10 ലക്ഷം രൂപ, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടി.സി.സി) - 50 ലക്ഷം രൂപ, ദേശാഭിമാനി ജീവനക്കാര്‍ - 50 ലക്ഷം രൂപ, അല്‍ മുക്താദിര്‍ ഗ്രൂപ്പ് - 10 ലക്ഷം രൂപ, ജോസ് ഗോള്‍ഡ് കോട്ടയം - രണ്ട് ലക്ഷം രൂപ, അറ്റ്ലസ് കിച്ചണ്‍ ആന്‍ഡ് കമ്പനി സ്ഥാപകന്‍ ഷാജഹാനും ഇന്റീരിയര്‍ എം.ഡി. ഷാജിത ഷാജിയും - ഒന്നരലക്ഷം , മുഹമ്മദലി (സീ ഷോര്‍ ഗ്രൂപ്പ്) - 50 ലക്ഷം രൂപ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് വാഗ്ദാനം ചെയ്യപ്പെട്ട പ്രധാന സംഭാവനകള്‍.
https://www.facebook.com/Malayalivartha


























