നാടിന്റെ രക്ഷയ്ക്കായി... ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത് 180 പേരെ, മരണം 380 ആയി, തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക്; ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും; രാവിലെ 6 മുതല്‍ 9 വരെ 1500 പേര്‍ക്ക് മാത്രം അനുമതി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ച് വയനാട്. ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചില്‍ നടക്കുക. ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ തുടരുക. കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 380 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത.
ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തെരച്ചില്‍ പുനരാരംഭിക്കും. വീടുകള്‍ക്കുമേല്‍ നാല്‍പത് അടിയോളം ഉയരത്തില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തെരച്ചിലിന് വെല്ലുവിളിയാകുന്നത്.
ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പരിശോധന തുടരുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങള്‍ കണ്ടെത്താനായി വ്യാപകമായ തെരച്ചില്‍ തുടരുകയാണ്. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഉറ്റവരെ നഷ്ടപ്പെട്ടവരുടെ മുന്നില്‍ തീരാ നോവായിരിക്കുകയാണ് വയനാട് മുണ്ടക്കൈ. ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളില്‍ എട്ട് മൃതദേഹങ്ങള്‍ ഇന്നലെ രാത്രി സംസ്‌കരിച്ചു. പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് മൃതദേഹങ്ങള്‍ രാത്രി 10 മണിയോടെ സംസ്‌കാരച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്‌ക്കരിക്കുകയെന്ന് പിന്നീട് മന്ത്രി രാജന്‍ വാര്‍ത്താസമ്മേളനം നടത്തിഅറിയിക്കുകയായിരുന്നു. സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.
ബെയ്ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച മുതല്‍ ഒരു ദിവസം രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെ ബെയ്ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തെരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി പറഞ്ഞു.
ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല. കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്‍മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തിന്റെ പഴയ കോണ്ടൂര്‍ മാപ്പും ഡ്രോണ്‍ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ മാപ്പും താരതമ്യം ചെയ്ത് സ്ഥലത്ത് മണ്ണും കല്ലും വന്നു കൂടിയതിന് ശേഷമുള്ള ഉയര വ്യത്യാസവും കൂടി കണക്കാക്കി കൂടുതല്‍ പരിശോധന നടത്തും. രണ്ടു മൃതദേഹങ്ങളാണ് ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്തിയത്. ഒന്ന് പരപ്പന്‍പാറയില്‍ നിന്നും മറ്റൊന്ന് നിലമ്പൂരില്‍ നിന്നും. നിലമ്പൂരില്‍ നിന്നും ഏഴ് ശരീരഭാഗങ്ങളും സൂചിപ്പാറ ഭാഗത്തുനിന്നും ഒരു ശരീരഭാഗവും ലഭിച്ചു.
ദുരിത ബാധിത മേഖലയില്‍ പരിശോധനയ്ക്ക് മീററ്റില്‍ നിന്ന് ആര്‍മിയും പ്രത്യേക പരിശീലനം നേടിയ നാല് നായകളെ കൂടി വ്യോമ മാര്‍ഗം എത്തിക്കു മെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























