അവസാന ആളേയും രക്ഷിക്കാന്‍... വയനാട് ദുരന്തത്തില്‍ സുപ്രധാന ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നു; എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടിലെത്തും, സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചില്‍; കണ്ണീരോടെ വിട നല്‍കി കേരളം, വിലാപങ്ങളുടെ ഭൂമിയില്‍ പ്രിയപ്പെട്ടവര്‍ക്ക് പ്രണാമം

വയനാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള തെരച്ചില്‍ ശക്തമായി തുടരുകയാണ്. അതേസമയം വയനാട് ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. സൂചിപാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തെരച്ചില്‍ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആര്‍മി സൈനികരും അടങ്ങുന്ന 12 പേര്‍ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്ന് എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടില്‍ എത്തിച്ചേരും.
സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചില്‍ നടത്തും. അവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തെരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു.
പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കം.
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരായി അവശേഷിച്ചരുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് സംസ്‌കരിച്ചത്. വൈകുന്നേരം ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.
ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സജീവമായി സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് അടക്കം ചെയ്തത്. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാര്‍ത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്തത്.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 402 പേരാണ് മരണപ്പെട്ടതെന്നാണ് കണക്കുകള്‍. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേസമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 226 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെത്തെ തെരച്ചലില്‍ ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് 16 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
അതേസമയം കര്‍ണാടകയിലെ ഷിരൂരിലുണ്ടായ ദുരന്തത്തില്‍ കാണാതായ അര്‍ജുന്റെ ജീവിത പങ്കാളിക്ക് ജോലി നല്‍കുമെന്നും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ 11 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ്, എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യകത്മാക്കിയത്.
അര്‍ജുന്റെ വിദ്യാസമ്പന്നയായ ഭാര്യക്ക് ഉചിതമായ ജോലി നല്‍കാന്‍ സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തില്‍ നിയമനം നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ നിരവധി പേരാണ് ഭവനരഹിതരായത്. അവര്‍ക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുവാദത്തിന് വിധേയമായി അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
"
https://www.facebook.com/Malayalivartha


























