പ്രതീക്ഷ കൈവിടാതെ... റീ ബില്‍ഡ് വയനാടിനായി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി; സാലറി ചലഞ്ച് വീണ്ടും വരുന്നു; വയനാട് ദുരന്തത്തില്‍ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം, കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും തൃണമൂല്‍

മലയാളികളെ പിടിച്ചുകുലുക്കിയ ചൂരല്‍മലയേയും മുണ്ടക്കൈയേയും ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തെരച്ചില്‍ നടത്തും.
നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റര്‍ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക. ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയില്‍ കൂട്ടമായി സംസ്‌കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംസ്‌കാരം നടത്തിയത്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ ചടങ്ങുകള്‍ രാത്രിയോടെയാണ് പൂര്‍ത്തിയായത്.
അതേസമയം റീ ബില്‍ഡ് വയനാടിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് വരുന്നു. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാനാണ് നിലവിലെ ധാരണ. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ഉരുല്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ആയിരം കോടിയെങ്കിലും വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.
പത്ത് ദിവസത്തെ ശമ്പളം നല്‍കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ സംഘടനാ പ്രതിനിധികളാണ് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്നാണ് സര്‍വീസ് സംഘടനകള്‍ ധാരണയിലെത്തിയത്. ശമ്പള വിഹിതം നിര്‍ബന്ധമാക്കി ഉത്തരവിടരുതെന്നും സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടത്. താല്പര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്‍കാന്‍ അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉടന്‍ സാലറി ചലഞ്ചില്‍ ഉത്തരവിറക്കും.
അതേസമയം, 5 ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ ഫെറ്റോ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എസ് കെ ജയകുമാര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളില്‍ നിന്ന് തവണകളായി നല്‍കാന്‍ സര്‍ക്കാര്‍ ഓപ്ഷന്‍ നല്‍കണമെന്നും, സ്വമേധയാ നല്‍കുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ അവസരം ഉണ്ടാകണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
അതേസമയം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എം പി സാകേത് ഗോഖലേ കേരളത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ലോക്‌സഭയില്‍ പാസാക്കിയിട്ടില്ലാത്തതിനാല്‍ പ്രത്യേക നിര്‍ദ്ദേശമായി ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ തൃണമൂല്‍ എംപിമാരുടെ സംഘം വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചിരുന്നു.
കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്.12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം.
"
https://www.facebook.com/Malayalivartha


























