വെടിയേറ്റ ഷിനിക്കും എല്ലാത്തിനും സാക്ഷിയായ ഭാസ്കരൻ നായർക്കും മുമ്പിൽ കൂസലില്ലാതെ വനിതാ ഡോക്ടർ; വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി...

തിരുവനന്തപുരം വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ ഏക പ്രതിയായ കൊല്ലം സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ വഞ്ചിയൂരിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു. ഇന്നലെ വൈകിട്ട് 5നു കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വനിതാ ഡോക്ടറെ തെളിവെടുപ്പിനായി പാൽക്കുളങ്ങര ചെമ്പകശേരിയിലെ വീട്ടിൽ കൊണ്ടുവന്നത്. പ്രതിയെ എത്തിക്കുന്നതറിഞ്ഞ് ഒട്ടേറെപ്പേർ സംഭവം നടന്ന സുജീത്തിന്റെ വീടിനു മുൻപിൽ തടിച്ചുകൂടി. രണ്ട് പൊലീസ് ജീപ്പുകളിൽ മുൻപിൽ വന്ന ജീപ്പിലായിരുന്നു ഡോക്ടർ. പുറത്തിറങ്ങി പൊലീസിനൊപ്പം ഇവർ വീട്ടിലേക്ക് നടന്നു. വെടിയേറ്റ ഷിനിയും സാക്ഷിയായ ഭർതൃപിതാവ് ഭാസ്കരൻ നായരും അടക്കം 4 പേർ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു.
വെടിയേറ്റ ഷിനിക്കും സംഭവത്തിനു സാക്ഷിയായ ഭർതൃപിതാവ് ഭാസ്കരൻ നായർക്കും മുൻപിൽ, അവരെ നോക്കിനിന്നായിരുന്നു കൂസലില്ലാതെ ഡോക്ടറുടെ വിവരണം. സംഭവ ദിവസം ഡോക്ടർ എത്തിയ കാർ നിർത്തിയ സ്ഥലത്തായിരുന്നു ഇന്നലെ തെളിവെടുപ്പിനായി എത്തിയ പൊലീസ് വാഹനവും നിർത്തിയിട്ടത്. ജീപ്പിൽനിന്ന് ഇറങ്ങിയ ഉടൻ വഞ്ചിയൂർ എസ്ഐ ഡോക്ടറോട് ചോദിച്ചു, ഇവിടെയാണോ കാർ ഇട്ടത്? അതെ,കാർ ഇവിടെ ഇട്ടിട്ട് നടന്നാണ് പോയത്. പൊലീസ് സംഘത്തിനൊപ്പം മുന്നോട്ടു നടന്ന് ഡോക്ടർ പറഞ്ഞു.
അടഞ്ഞു കിടന്ന ഗേറ്റ് തുറന്നാണ് അകത്തു കയറിയത്. കോളിങ് ബെൽ അമർത്തി. ഇദ്ദേഹമാണ് (ഭാസ്കരൻ നായരെ ചൂണ്ടി) വാതിൽ തുറന്നത്. ഷിനി ഉണ്ടോ എന്നു ചോദിച്ചു. എന്താണ് കാര്യമെന്നു ഇദ്ദേഹം ചോദിച്ചപ്പോൾ ഷിനിക്ക് കുറിയർ ഉണ്ടെന്നും റജിസ്റ്റേഡ് ആയതിനാൽ ഷിനി തന്നെ ഒപ്പിട്ടു വാങ്ങണമെന്നും പറഞ്ഞു. ഷിനി പുറത്തേക്ക് വരുംമുൻപ് ഒപ്പിടാൻ ഒരു പേന കൂടി എടുക്കാനും ആവശ്യപ്പെട്ടു. പേനയുമായി എത്തിയ ഷിനി ഞാൻ കൊടുത്ത പേപ്പറിൽ ഒപ്പിടാൻ നിൽക്കുമ്പോൾ വെടിവച്ചു. എന്നായിരുന്നു ഡോക്ടറുടെ വിവരണം.
https://www.facebook.com/Malayalivartha


























